ചേര്‍ത്തല: എന്റെ എളിയവില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോഴെല്ലാം അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി ഒരു വൈദികന്‍. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ കോക്കമംഗലം സെന്റ് തോമസ് തീര്‍ഥാടക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ ആണ് ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിപുരുഷനായി പ്രവര്‍ത്തിക്കുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടവക മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് കൂടി സാക്ഷ്യം വഹിക്കുന്നു. ഇടവകയിലെ ശൗചാലയ രഹിതമായ കുടുംബങ്ങളില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ്. പുതുഞായര്‍ തിരുന്നാളിനു മുന്നോടിയായി ശനിയാഴ്ച നടന്ന കപ്ലോന്‍ വാഴ്ചയ്ക്കിടെയാണ് വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍ ഈ ആശയം മുന്നോട്ടുവച്ചത്.
ഇടവകയിലെ പുതുക്കിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതോടൊപ്പം വികാരിക്ക് താമസിക്കുന്നതിനായി പുതിയ ആധുനിക സൗകര്യങ്ങളുളള പള്ളിമേടയും പണിതീര്‍ത്തിരുന്നു. ഈ മാസം രണ്ടിന് പള്ളിമേടയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടന്നു. എന്നാല്‍ ഇതുവരെ പുതിയ പള്ളിമേടയില്‍ താമസിക്കാന്‍ വികാരി തയ്യാറായില്ല. ഇടവകയിലെ പത്ത് കുടുംബങ്ങള്‍ക്കെങ്കിലും സാമാന്യം ഭേദപ്പെട്ട ശൗചാലയം നിര്‍മ്മിച്ചുനല്‍കാതെ പുതിയ പള്ളിമേടയില്‍ താന്‍ താമസിക്കില്ലെന്നാണ് ഈ വന്ദ്യവൈദികന്റെ പ്രതിജ്ഞ. പഴയ പാരീഷ് ഹാളിനോട് ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് അദ്ദേഹം കഴിയുന്നത്.
പത്തു കുടുംബങ്ങള്‍ക്കും സാമാന്യം ഭേദപ്പെട്ട ശൗചാലയമാണ് അദ്ദേഹം പദ്ധതിയിടുന്നത്. അന്‍പതിനായിരം രൂപയെങ്കിലും ചെലവുവരുന്നതാണ് ഓരോ ശൗചാലയവും.
പുതിയ പള്ളിയുടെ നിര്‍മ്മാണം മൂന്നു വര്‍ഷം മുന്‍പ് ആരംഭിക്കുമ്പോഴും അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇടവകയിലെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിന് വീട് വച്ച് നല്‍കാതെ പള്ളി പണിയില്ലെന്നായിരുന്നു അത്. വീട് പണിയാന്‍ ഇടവകാംഗങ്ങള്‍ പണം നല്‍കിയില്ലെങ്കില്‍ പള്ളിപണിക്ക് ലഭിക്കുന്ന പണം എടുത്ത് താന്‍ ആ വീട് പണിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇടവകാംഗങ്ങള്‍ ഒന്നടങ്കം സഹായവുമായി മുന്നോട്ടുവരികയും ആ കുടുംബത്തിന് സാമാന്യം ഭേദപ്പെട്ട വീട് വച്ച് നല്‍കുകയും െചയ്തിരുന്നു.
എറണാകുളം-അങ്കമാലി രൂപതയിലെ ഏറ്റവും സീനിയര്‍ വൈദികരില്‍ ഒരാളാണ് ഫാ.ഡാമിയന്‍. രാജ്യത്തിനകത്ത വിവിധയിടങ്ങളില്‍ വര്‍ഷങ്ങളോളം മിഷനറിയായി സേവനം ചെയ്ത ശേഷമാണ് അദ്ദേഹം ഇടവക സേവനത്തിന് എത്തിയത്.