(Respectful homage to the departed soul of Very Rev. Fr. Dr. Yohannan Sankarathil ChorEpiscopa)
പതിവുപോലെ ഇ-മലയാളി സൈറ്റ് തുറന്നപ്പോൾ കണ്ട വാർത്ത ദുഃഖിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. അഭിവന്ദ്യ അച്ഛന്റെ രോഗവിവരങ്ങൾ എൽസി ചേച്ചി അറിയിച്ചുകൊണ്ടിരുന്നു. സുഖം പ്രാപിക്കുന്നു;എന്നാൽ വീണ്ടും രോഗസങ്കീർണതകൾ അച്ഛനെ ശയ്യാവലംബിയാക്കുന്നുവെന്നു അറിയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ദീര്ഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ചു. എൽസി ചേച്ചിയെ സമാധാനിപ്പിച്ചുകൊണ്ട് എഴുതി. അച്ഛൻ ആസ്പത്രി വിട്ട് വീട്ടിൽ വന്നുവെന്നു കേൾക്കാൻ നോക്കിയിരിക്കുമ്പോൾ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞുവെന്ന വാർത്തയാണ് കാണാൻ കഴിഞ്ഞത്. മനുഷ്യജീവിതം എത്രയോ ക്ഷണികം. അനിശ്ചിതം. എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ.
അഭിവന്ദ്യ ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയെയോ അദ്ദേഹത്തിന്റെ പ്രിയപത്നി സാഹിത്യപ്രതിഭ ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലിനെയോ നേരിൽ കാണാൻ സാധിച്ചിട്ടില്ല. സാഹിത്യ മണ്ഡലങ്ങളിൽ സുശ്രുതയായ എൽസി ചേച്ചി എന്ന് ഞാൻ സ്നേഹപൂർവ്വം വിളിക്കുന്ന ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിലുമായി മാധ്യമങ്ങളിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞു.
ഈ മാർച്ച് മാസത്തിലെ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം രോഗബാധിതനായി അദ്ദേഹം ആസ്പത്രിയിൽ ആയിരുന്നു. എൽസി ചേച്ചിയുടെ എഴുത്തുകളിൽ ആ ദിവസം ആഘോഷിക്കാൻ കഴിയാത്ത നിരാശയുണ്ടായിരുന്നു. അച്ഛൻ രോഗം മാറി ആരോഗ്യവാനായി വരുമ്പോൾ നമുക്ക് ജന്മദിനം ആഘോഷിക്കാമല്ലോ എന്നു അന്ന് ഞാൻ ആലോചിച്ചു. പക്ഷെ വിധിനിയോഗം മറ്റൊന്നായിരുന്നു. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. മഹത്തായ സേവനങ്ങളാലും, കാരുണ്യപ്രവർത്തനങ്ങളാലും മലങ്കര സഭയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന അഭിവന്ദ്യ അച്ഛന്റെ സേവനം സമൂഹത്തിനും അതേപോലെ കുടുംബങ്ങൾക്കും നഷ്ടമായി. അതൊരു തീരാനഷ്ടം തന്നെ. ദൈവഹിതം പോലെ നമ്മുടെ ജീവിതചക്രം തിരിയുന്നു.
അച്ഛന്റെ ദേഹവിയോഗത്തിൽ സന്തപ്തരായ പ്രിയ എൽസി ചേച്ചിക്കും മക്കൾക്കും ഈ അവസരത്തിൽ ഈശ്വരൻ കരുത്തു പകരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.