Image

അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)

Published on 31 July, 2021
അറബിക്കടലിന്നക്കരെ നിന്നും......(കുടിയേറ്റകുറിപ്പുകൾ -ഭാഗം 5: ഷാജു ജോൺ)
അമേരിക്കയിലേക്ക് പോകുവാനുള്ള  എല്ലാ പേപ്പർ ജോലികളും അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ്  2003- ൽ  അമേരിക്കൻ വിസകൾ നിറുത്തിവച്ചിരിക്കുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത് . ആ ദുഃഖസത്യത്തിന്റെ അലകൾ മനസ്സിനെ  അലട്ടിക്കൊണ്ടേയിരുന്നു,  ഏഴു കടലിനുമക്കരക്കു പറക്കുവാനുള്ള  സ്വപ്നങ്ങളെ രാത്രിയിലെ ഏകാന്തതകളിലേക്കു ഊതി പറത്തി വിട്ടുവെങ്കിലും,  മന്ദമായി തലോടുന്ന അപ്പുപ്പൻ താടികളെ പോലെ അവ തിരിച്ചു വന്ന് എന്നെ ഇടയ്ക്കിടെ  ശല്യപെടുത്തികൊണ്ടിരുന്നു.  

ആയിടെ അമേരിക്കൻ വാർത്തകൾ എവിടെ കണ്ടാലും ഞാൻ കണ്ണടയ്ക്കുമായിരുന്നു, എന്തിനു വെറുതെ മോഹങ്ങളും,മോഹഭംഗങ്ങളും  ഉള്ളിൽ സൂക്ഷിക്കുന്നു. സൂർദാസിന്റെ കവിതയിൽ പറഞ്ഞിട്ടുള്ളത് പോലെ ' നിനക്കുള്ളതാണേൽ അത് നിന്നെ തേടി എത്തും ......' ആ വിചാരം രണ്ടു വർഷത്തോളം കൊണ്ട് നടന്നു, ആ വർഷങ്ങളിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാറില്ലായിരുന്നു. അതുകൊണ്ട് ,ആരും ഒന്നും കേട്ടില്ല ,പൂർണ്ണമായും എല്ലാം മറന്നു. അങ്ങനെയിരിക്കെ, 2005 ൽ ഒരു  ദിവസം  ദിനപത്രങ്ങളുടെ  മുൻപേജിൽ    ആ  വാർത്ത കാണുന്നു  ........... ,അമേരിക്കയിലേക്ക് അൻപതിനായിരം വിസകൾ  ബുഷ് ഭരണകൂടം അനുവദിക്കുവാൻ പോകുന്നു, നിരവധി പ്രൊഫഷനൽകൾക്കു  അവസരം ഒരുങ്ങുന്നു  .., ആ വാർത്തക്ക് അത്ര പ്രാധാന്യം കൊടുക്കുവാൻ തോന്നിയില്ല, അതുകൊണ്ട് തന്നെ  അതിന്റെ വിശദാംശങ്ങളിലേക്ക് ഊർന്നിറങ്ങുവാനും മനസ്സ് സമ്മതിച്ചില്ല. കാരണം  സ്വപ്നങ്ങൾ കണ്ടു നടന്ന പ്രായത്തിനു, ആയിടെ  കുറച്ചുകൂടി പക്വത  വന്ന്  ജീവിത യാഥാർഥ്യങ്ങളുമായി അടുപ്പം തുടങ്ങിയിരുന്നു.

ജോലി കഴിഞ്ഞു അന്ന്  ഞങ്ങൾ   വീട്ടിൽ  എത്തുമ്പോൾ , ഒരു മഞ്ഞ നിറമുള്ള കവറിനു വേണ്ടി പരസ്പരം വഴക്കടിക്കുന്ന ഞങ്ങളുടെ രണ്ടു മക്കളെ ആണ് കാണാൻ കഴിഞ്ഞത് ...............  ഒരാൾ ഒരു വശത്തേക്കു വലിക്കുമ്പോൾ ,മറ്റയാൾ മറുവശത്തേക്കു വലിക്കും........ഈ വലിയും ,അതിനിടയിലുള്ള അവരുടെ കുസൃതിത്തരങ്ങളും കണ്ടു രസിക്കുന്ന എന്റെ മാതാപിതാക്കളായ അവരുടെ അപ്പൂപ്പനും അമ്മുമ്മയും. ....... 'എനിക്ക് വേണം ' എന്ന് മൂത്ത മകൾ വ്യക്തമായി  പറയുമ്പോൾ, ആ വാക്കുകൾ തെളിച്ച്  ഉച്ചരിക്കുവാൻ  കഴിയാതെ  ഇളയ മകനും അവന്റെ ഭാഷയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. വിട്ടുകൊടുക്കുവാൻ ഭാവമില്ലാതെ രണ്ടു പേരും ആ മഞ്ഞക്കവറിനു വേണ്ടി ഒരു വലിയ  വടംവലി തന്നെ  നടത്തുകയായിരുന്നു. കുട്ടികളായിരുന്നു  വീട്ടിലെ കാര്യസ്ഥർ  അവർ ചെയ്തു കൂട്ടുന്ന കുസൃതിത്തരങ്ങൾക്ക് കുറവില്ലായിരുന്നു.  വീട്ടിൽ  ആരെന്തു കൊണ്ടുവന്നാലും ആദ്യം കൈകാര്യം ചെയ്യണമെന്ന് രണ്ടു പേർക്കും  നിർബന്ധമായിരുന്നു. അത്തരം ശാഠ്യങ്ങൾ അവരുടെ  അപ്പൂപ്പനും, അമ്മുമ്മയും വകവെച്ചും കൊടുത്തിരുന്നു . കവർ കീറി നശിച്ചു പോകും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് ഞങ്ങൾ എത്തുന്നത്.

 ഞങ്ങളെ കണ്ടതോട് കൂടി വഴക്ക് അല്പം കുറഞ്ഞു .  " ദ്  അപ്പായ്‌ക്ക് ....." എന്നും പറഞ്ഞു രണ്ടു പേരും  കൂടി ആ മഞ്ഞ  കവർ എന്നെ ഏല്പിച്ച്. സ്റ്റാൻഡിൽ വച്ച  ബൈക്കിൽ കയറി കളിക്കുവാൻ  തുടങ്ങി.

അത്ര പ്രാധാന്യം കൊടുക്കാതെയാണ്  ആ കവർ അയച്ചത് ആരാണെന്ന് ഞാൻ  നോക്കിയത് ,   From US Consulate Madras , ഒരു നിമിഷം ഞാൻ തരിച്ചു നിന്ന് പോയി.  ഇത്രയും പ്രാധാന്യമുള്ള ഒരു മെയിൽ മക്കളുടെ  കയ്യിൽ കളിക്കുവാൻ കൊടുത്തിരുന്ന ചാച്ചന്റെ നേരെ രൂക്ഷമായി ഒന്ന്  നോക്കി .

" എടാ, ഇത് കൊണ്ട് വന്ന ചെക്കന്റെ കയ്യിൽ നിന്ന് അവരാണ്  തട്ടിപ്പറിച്ചു  വാങ്ങിച്ചത് .. ചോദിച്ചിട്ടു  തരണ്ടേ?  "  ചെറുമക്കളോടുള്ള  വാത്സല്യം നാടകീയദേഷ്യമായി  അവതരിപ്പിച്ചു  ചാച്ചൻ  കാര്യങ്ങളെ നിസ്സാരവല്കരിച്ചു പറഞ്ഞു.

പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്  കുറച്ചു നാളുകൾക്കു  മുൻപുള്ള ഒരു  സംഭവം  ആയിരുന്നു  . അന്ന് പതിവ് പോലെ   ജോലി കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തുന്നു, ബൈക്കിന്റെ ശബ്ദം കേട്ടാൽ മക്കൾ രണ്ടു പേരും പോർട്ടിക്കോയിൽ ഉണ്ടാകും. അന്ന് മോള്   സാധാരണപോലെ ഓടി  വരുന്നു .........ബൈക്കിന്റെ താക്കോൽ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങുന്നു, നേരെ ഓടി  പോയി, മുക്കാൽ ഭാഗവും  വെള്ളം നിറഞ്ഞു കിടന്നിരുന്ന  കിണറിലേക്ക്  ആ താക്കോൽക്കൂട്ടം  എറിയുന്നു .......... പോരെ പൂരം....ബൈക്കിന്റെ താക്കോൽ മാത്രമായിരുന്നില്ല  ആ കുട്ടത്തിലുണ്ടായിരുന്നത് ബെഡ്‌റൂം, അലമാര തുടങ്ങി എന്റെ ഓഫിസിന്റെ താക്കോൽ വരെ ഉണ്ടായിരുന്നു .....ബാക്കി പറയേണ്ട കാര്യമില്ലല്ലോ ...... അതുപോലെങ്ങാനും ഈ കവറിനും സംഭവിച്ചിരുന്നെങ്കിൽ  .......?

എന്തായാലും , US Consulate Madras എന്നെഴുതിയ  മഞ്ഞക്കവർ മറ്റൊരു വഴിയിലേക്ക് ആലോചനകളെ തിരിച്ചു വിട്ടു   രാവിലെ കണ്ട  വാർത്തയുടെ ഉള്ളടക്കം മനസ്സിൽ കുടി കടന്നുപോയി, ഒപ്പം ആ വാർത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കാതിരുന്നതിൽ കുണ്ഠിതവും തോന്നി.  .അത് അമേരിക്കൻ വിസക്കുള്ള ഇന്റർവ്യൂ ലെറ്റർ ആയിരുന്നു .....നമ്മുടെ പത്രക്കാർ അറിയുന്നതിന് മുൻപേ കാര്യങ്ങൾ നീങ്ങിയിരുന്നു എന്ന് സാരം

കവർ പൊട്ടിച്ചു, പുറത്തു വന്ന  ആദ്യത്തെ പേപ്പറിൽ എന്റെ കണ്ണുകൾ പോയത്   ഏറ്റവും മുകളിലായി   നക്ഷത്രങ്ങളും വരകളും നിറഞ്ഞ അമേരിക്കൻ പതാക നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന ചിറകു വിരിച്ച കഴുകന്റെ ചിത്രത്തിലായിരുന്നു. അതിനു താഴെ, ചെയ്യേണ്ട കാര്യങ്ങൾ വിശദമായി തന്നെ എഴുതിയിരുന്നു എപ്പോൾ, എങ്ങനെ, ഏതു വിധത്തിൽ  ഇന്റർവ്യൂ വിനു തയ്യാറകണം, കൂടെ ഹാജരാക്കേണ്ട   സർട്ടിഫിക്കറ്റുകൾ, മറ്റു തരത്തിലുള്ള പേപ്പറുകൾ  തുടങ്ങിയപ്പറ്റിയുമുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു . അവയെല്ലാം തന്നിരിക്കുന്ന  ക്രമ നമ്പർ പ്രകാരം അടുക്കി വെച്ച് കോൺസുലേറ്റ് കൗണ്ടറിൽ ഹാജരാക്കണം.  

വൈകിട്ട്  കാപ്പി കുടിക്കുന്നതിനിടയിൽ  ഞാനും ഭാര്യയും കുടി ആ  ലിസ്റ്റും, കയ്യിലുള്ള സർട്ടിഫിക്കറ്റുകളും  എടുത്ത് വച്ച് താരതമ്യ പരിശോധന ആരംഭിച്ചു.ഓരോ  പേപ്പറുകളുടെയും പേരുകൾ  ആധാരമെഴുത്തു ഓഫീസിൽ കേൾക്കാറുള്ളത് പോലെ ഞാൻ വായിച്ചു.  

" ജനന സർട്ടിഫിക്കറ്റ് ?"  ഞാൻ  ചോദിച്ചു  
 
"ഉണ്ട്.......... എ ല്ലാവരുടെയും ഉണ്ട് " ഭാര്യ പറഞ്ഞു

" കല്യാണ സർട്ടിഫിക്കറ്റ്? " രണ്ടാമത്തെ  എന്റെ ചോദ്യം

"നമ്മുടെ രണ്ടുപേരുടെയും ഉണ്ട് .......! "  ഒന്ന് കണ്ണിറുക്കി അർദ്ധോക്തിയിൽ ഭാര്യ പറഞ്ഞു .

ആ ചോദ്യോത്തര  ചടങ്ങു പത്തു  പതിനഞ്ചു ചോദ്യങ്ങളുമായി മുന്നേറുന്നതിനിടയിൽ, ലിസ്റ്റിൽ അവസാനമുണ്ടായിരുന്ന ചോദ്യം എത്തിയത് .  

" പോലീസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ്  എന്ന PCC....? " ഞാൻ കുറച്ചു താളാത്മകമായി തന്നെ  ചോദിച്ചു

"എല്ലാം ഉണ്ടെന്നേ ... ദേ ,  റൂറൽ എസ് പി  ഒപ്പിട്ട  പി സി സി ." ഭാര്യ സർട്ടിഫിക്കറ്റുകളുടെ ഇടയിൽ നിന്ന് കേരള പോലീസിന്റെ മുദ്രയുള്ള ഒരു പേപ്പർ വലിച്ചെടുക്കുന്നതിനിടയിൽ  പറഞ്ഞു

"സന്തോഷായി, ഇനീപ്പോ അലയേണ്ട കാര്യമില്ല  .. ഇനിയും  ഏഴു ദിവസ്സങ്ങൾ  മാത്രം ഇന്റർവ്യൂവിനു  ...."  മിൽമ  പാൽ കൊണ്ടുള്ള ചായക്കൊപ്പം ബേക്കറിയിൽ നിന്ന് വാങ്ങിയ ചൂടുള്ള പരിപ്പ് വട  കടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

പെട്ടെന്നാണ് ആ പേജിലെ  ഏറ്റവും അടിയിലുള്ള നക്ഷത്ര ചിഹ്നം ശ്രദ്ധയിൽ പെട്ടത്. ആ നക്ഷത്ര ചിഹ്നത്തിന്അ താഴെ ആയി ഇങ്ങനെ എഴുതിയിരുന്നു " ....നിങ്ങൾ എവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ടോ ,അല്ലെങ്കിൽ താമസിച്ചിട്ടുണ്ടോ അവിടെ നിന്നെല്ലാം ഉള്ള പോലീസ് ക്‌ളീയറൻസ് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്  ...." പെട്ടെന്ന് പരിപ്പുവടയിലെ കാന്താരി മുളകിൽ  തന്നെ ഞാൻ കടിച്ചു ..നാക്കിൽ എരിവും കണ്ണിൽ കുടുകുടെ ഒഴുകുന്ന  വെള്ളവുമായി ഞാൻ വീണ്ടും ആ വാചകങ്ങൾ വായിച്ചു .

"ദേ ....പി സി സി  വേണം .........." നാക്കിലെ എരിവ് 'ശു ..' എന്നു ആറ്റുന്നതിനിടയിൽ  ഞാൻ പറഞ്ഞു

" അതല്ലേ ഇത് .........." പി വിജയൻ സർ ഒപ്പിട്ടു തന്നിരുന്ന പി സി സി കാണിച്ചു കൊണ്ട് ഭാര്യ   പറഞ്ഞു

" ഇവിടുത്തേത് മാത്രം പോരാ, മസ്കറ്റിലേത് കുടി വേണം   ...........?." എന്റെ ആ ചോദ്യം ട്യൂബ് ലൈറ്റ് തെളിഞ്ഞ പോലെ ഭാര്യയുടെ കണ്ണുകളെ പ്രകാശിപ്പിച്ചു.

ഞങ്ങൾ പരസ്പരം നോക്കി ഒരു നിമിഷം ഇരുന്നു  .............ഇനിയെന്ത്  ചെയ്യും, കു റച്ചു നാൾ ഭാര്യ മസ്കറ്റിൽ ജോലി ചെയ്തിരുന്നു ...അവിടെ നിന്നുള്ള പോലീസ് ക്‌ളീയറൻസ് സർട്ടിഫിക്കറ്റുകൾ കൂടി വേണം . ഞാൻ കടിച്ച പരിപ്പുവടയിലെ എരിവ് പോയിട്ടില്ലായിരുന്നു ,ആ എരിവും,  ഈ എരിവും കാരണം  കണ്ണുകളിൽ നിന്നു വെള്ളം ധാരയായി വന്നു കൊണ്ടിരുന്നു.

"നിങ്ങൾ കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല ..എന്തെങ്കിലും ചെയ്യ് ...എന്തെങ്കിലും എപ്പോഴേ ചെയ്യണം , ഇനി ഏഴു ദിവസങ്ങളെ ഉള്ളു വർഷങ്ങളായി കാത്തിരുന്ന  ഇന്റർവ്യൂ എന്ന കടമ്പക്ക്...." ഭാര്യ പറഞ്ഞു
 
" ഗർഭം ധരിച്ച പാവയ്ക്കാ പോലുള്ള കേരളത്തിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് കിട്ടുവാൻ പെടുന്ന പാട് ,നമുക്കറിയാവുന്നതല്ലേ ഉള്ളു ..അപ്പോൾ അറബിക്കടലിനക്കരെ നിന്നൊരു സർട്ടിഫിക്കറ്റ്  ...മുന്ന് ദിവസം കൊണ്ട് പറന്നു  വരുക ,അതെങ്ങനെ സാധിക്കും? "
പരിപ്പുവടയുടെ എരിവ്  വീണ്ടും ആറ്റുന്നതിനിടയിൽ ഞാൻ പറഞ്ഞു

" എനിക്കറിയില്ല ,ഈ തൊന്തരവ് ഉണ്ടാക്കിയത് മുഴുവൻ നിങ്ങളാ ........അപ്പൊ പരിഹാരം കാണേണ്ടതും ..." മുഴുമിപ്പിക്കാതെ ഭാര്യ അടുക്കളയിലേക്കു പോയി. ഇന്റർവ്യൂ ലെറ്ററിന്റെ പേജുകളിലൂടെ എന്റെ കണ്ണുകൾ വീണ്ടും പരതി നടന്നു ,എന്തെകിലും പരിഹാരം ഉണ്ടോ എന്നറിയുവാൻ  
 
" ഇന്റർവ്യൂ ദിവസ്സം  മുകളിൽ പറഞ്ഞ എല്ലാ പേപ്പറുകളും ഹാജരാക്കേണ്ടതാണ്  ഏതെങ്കിലും പേപ്പറുകൾ  നിങ്ങളുടെ കൈവശമില്ലെങ്കിൽ ഈ  ഇന്റർവ്യൂവിനു വന്നു നിങ്ങളുടെ പണവും ഞങ്ങളുടെ സമയവും വെറുതെ   നഷ്ടപ്പെടുത്തരുത്..........."  എന്ന് വ്യക്തമായി മധുരിക്കുന്ന ഇംഗ്ലീഷ്ര  വാക്കുകളിൽ അവസാനമായി എഴുതിയിരുന്നു. പരിഹാരം  അന്വേഷിച്ച എനിക്ക്  കൂടുതൽ ടെൻഷനാണു കിട്ടിയത്.

സന്ധ്യയായി ,ഇരുട്ട് വീണു  തുടങ്ങി ...ഞാൻ പതുക്കെ സായാഹ്‌ന സവാരിക്കിറങ്ങി . ഒറ്റക്കുള്ള സായാന്ഹ സവാരികൾ അന്നും ഇന്നും എനിക്ക് വളരെ ഇഷ്ടമാണ്, ആളുകൾ  ഒഴിഞ്ഞ ഇടങ്ങളിലൂടെ വെറുതെ  നടക്കുമ്പോൾ മനസ്സിൽ ധാരാളം ആശയങ്ങൾ   പൊട്ടിമുളക്കും, ആരോടും ചോദിക്കാതെ  ആ ആശയങ്ങൾക്ക് ചിറകു മുളപ്പിക്കാം , പറപ്പിച്ചു വിടാം ,പറന്നു പോകുന്നത് നോക്കി ആനന്ദം കൊള്ളാം. അത്  മാത്രമല്ല,  മറ്റാരുടെയും  ശല്യമില്ലാതെ നമുക്ക് നമ്മോടു തന്നെ സംസാരിക്കാം ,സംവദിക്കാം ,തർക്കിക്കാം .... വാദിയും പ്രതിയും ഒരാളാകുന്ന ആ  അവസ്ഥ  പലപ്പോഴും ഞാൻ ആസ്വദിക്കാറുണ്ട്

ആ സായാഹ്നത്തിൽ ഞാനൊരു സ്വപ്‌നാടകനെപ്പോലെ നടന്നു ...ചെറുതായി വീശുന്ന കാറ്റിനോട് ചോദിച്ചു ..ഇനിയെന്ത് ചെയ്യും ? എങ്ങനെ പരിഹരിക്കും .............". പെട്ടെന്ന്  ആരോ ഉള്ളിൽ നിന്ന് മന്ത്രിച്ചു  "നിന്റെ ഒരു സുഹൃത്തില്ലേ മസ്കറ്റിൽ, അവനോടു ചോദിക്ക് ?"

കുളിമുറിയിൽ നിന്ന് വിവസ്ത്രനായി ' യുറേക്ക ' എന്ന് പറഞ്ഞു ഓടിയ ആർക്കമെഡിസിനെ പോലെ,വസ്ത്രമുടുത്ത ഞാൻ വീട്ടിലേക്കോടി. വാതിൽ തുറന്ന ഭാര്യയുടെ നേരെ ' യുറേക്ക.......' എന്ന് പറഞ്ഞിട്ട് നേരെ ഫോണിനടുത്തേക്കാണ് പാഞ്ഞത്.

"ഇങ്ങേർക്കെന്ത് പറ്റി  .....? " ഭാര്യ ചോദിച്ചെങ്കിലും ഞാൻ കേൾക്കാതെ നിന്നു

ഫോണിനടുത്തെത്തിയപ്പോഴാണ് എന്നിലെ അർക്കമെഡിസിനു മറ്റൊരു  കാര്യം മനസിലായത് എന്റെ ഫോണിൽ വിദേശത്തേക്ക് വിളിക്കുവാൻ ISD പോയിട്ട്, ജില്ലക്ക് പുറത്തേക്കു വിളിക്കുവാൻ  STD പോലുമില്ല,അന്നൊന്നും ഫോണുകൾക്ക് ഇന്നത്തെ പോലെ മാസ്മരികത ഒന്നും  ഇല്ലല്ലോ . തൊട്ടപ്പുറത്തെ ചേട്ടനെ വിളിക്കാം എന്നല്ലാതെ ജില്ലക്ക് പുറത്തേക്കു വിളിക്കണമെങ്കിൽ വേറെ പലരെയും ,പലതിനെയും ആശ്രയിക്കണം  .പിന്നെ ഞാൻ എന്റെ ഹീറോ ഹോണ്ടയുമെടുത്ത്  STD/ ISD എന്നെഴുതിയ ഒരു  ബൂത്തിൽ പോയി സുഹൃത്തിനെ വിളിക്കുവാൻ ശ്രമിച്ചു. .. ബൂത്തിലെ മീറ്ററിൽ ബില്ലിന്റെ  അക്കങ്ങൾ വലുതാകല്ലേ എന്ന പ്രാർത്ഥനയിലാണ്  സമയമോ കാലമോ നോക്കാതെ വിളിച്ചത്, ആരോ ഒരുക്കിയ നിയോഗം പോലെ മറുതലക്കൽ എന്റെ സുഹൃത്തിനെ കിട്ടി .....അവനോടു കാര്യം പറഞ്ഞു.

"നീ  ഒന്നാഞ്ഞു  ശ്രമിക്കു .....നടന്നില്ലെങ്കിൽ ...... " മുഴുവൻ ഞാൻ പറഞ്ഞു തീർത്തില്ല,അതിനു മുൻപ് ആത്മവിശ്വാസത്തോടെ സുഹൃത്ത് പറഞ്ഞു  "ധൈര്യമായിട്ടിരിക്ക് ,നമുക്ക് നോക്കാന്നെ .."

 മസ്കറ്റിലുള്ള സുഹൃത്ത് തന്ന ഊർജത്തിൽ ഞാൻ ആവശ്യമായ കാര്യങ്ങൾ അവനു  പറഞ്ഞു കൊടുത്തു , സുഹൃത്ത്  ..ഞങ്ങൾക്ക് വേണ്ടി അവിടെ  പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ അപേക്ഷിച്ചു  ...അത്ഭുതമെന്നു പറയട്ടെ, അപേക്ഷിച്ച  അന്ന് തന്നെ ആ സർട്ടിഫിക്കറ്റ് സുഹൃത്തിനു കിട്ടി. നമ്മുടെ നാട്ടിലാണെങ്കിലോ .....? വെറുതെ ചിന്തിക്കുന്നത് നല്ലതാണ് .  വഴിയരികിലെ  ദൈവങ്ങൾ  എന്ന് പറയുന്നത് ഇങ്ങനെ ഉള്ള സുഹൃത്തുക്കളെ ആണ്.

അടുത്ത വലിയ പ്രശ്നം അതെങ്ങനെ നാട്ടിൽ  എത്തിക്കും എന്നുള്ളതായിരുന്നു. ഞങ്ങളുടെ ഡിപ്പാർട്മെന്റിലെ മറ്റൊരു പ്രസ്റ്റീജ്  വിഭാഗമാണ് സ്‌പീഡ്‌ പോസ്റ്റ്. ഏതാണ്ട് എട്ട് വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ സ്പീഡ്പോസ്റ്റ്  വഴി അയക്കുന്ന  ഏത് എഴുത്തും  അടുത്ത ദിവസ്സം വിലാസക്കാരന്റെ കൈകളിൽ ഏല്പിക്കും, ഇനി  വിദേശത്തു നിന്നാണെങ്കിൽ അത്  രണ്ടാം ദിവസ്സവും. വളരെ പ്രശംസനീയമായ ആ കർത്തവ്യനിർവഹണം തന്നെ ആയിരുന്നു സ്പീഡ്പോസ്റ്റിന്റെ മോട്ടോയും. .

സ്പീഡ് പോസ്റ്റിന്റെ ഗൾഫിലെ പേര് മുംതാസ് പോസ്റ്റ് എന്നായിരുന്നു എന്നാണെന്റെ  ഓര്മ , എന്തായാലും എന്റെ സുഹൃത്ത് സ്പീഡ് പോസ്റ്റ് വഴി മസ്കറ്റ് പി സി സി  അയച്ചു.  മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ മെയിൽ ബോബെയിൽ വരും . ബോംബയിൽ നിന്നുള്ള വിമാനം രാവിലെ ഏഴരക്ക് കൊച്ചിയിൽ വരും. വിമാനം  കൊച്ചിയിൽ എത്തിയാൽ രണ്ടു  മണിക്കൂറിനകം സ്പീഡ് പോസ്റ്റ് ഓഫിസിൽ മെയിൽ വരും  ...  ആ മെയിലിൽ വരുന്ന എന്റെ മസ്കറ്റ് പി സി സി, സ്പീഡ് പോസ്റ്റ്   ഓഫിസിൽ തന്നെ  സൂക്ഷിക്കും. അന്നുച്ചക്ക് രണ്ടരക്കാണ്‌ മദ്രാസ് ട്രെയിൻ ..... ട്രെയിൻ കയറുവാൻ കുറച്ചു നേരത്തെ പോകുക, മസ്കറ്റ് പി സി സി  സ്പീഡ് പോസ്റ്റിൽ നിന്ന് വാങ്ങിക്കുക, മദ്രാസ് ട്രയിനിൽ കയറുക .....തലേ ദിവസ്സം ഇത്രയും പ്ലാൻ ചെയ്തിട്ടാണ്  ഉറങ്ങുവാൻ  കിടന്നത് ................

 ഇന്റർവ്യൂ  ചിന്തകൾ തലയ്ക്കു ചുറ്റും കൊതുകുകൾക്കൊപ്പം  മൂളിപ്പാട്ട് പാടി നടന്നതിനാൽ ഉറക്കം നടന്നതേ ഇല്ല . എങ്കിലും രാത്രിയുടെ അവസാന യാമങ്ങളിൽ  എപ്പോഴോ ഒന്ന് മയങ്ങി . രാവിലെ സ്പീഡ് പോസ്റ്റ്  ഓഫിസിൽ നിന്നുള്ള സുഹൃത്തിന്റെ ഫോൺ ശബ്ദമാണ് ഉറക്കത്തിൽ നിന്ന്  എഴുന്നേല്പിച്ചത് .

 " സുഹൃത്തെ, ഇന്നത്തെ ബോംബേ ഫ്ലൈറ്റ്  ക്യാൻസൽ  ചെയ്തിരിക്കുന്നു .. സ്പീഡ് പോസ്റ്റ് മെയിലുകൾ ഒന്നും വന്നിട്ടില്ല ............" ഒരു നിമിഷനേരം ഞാൻ തരിച്ചു നിന്നു. മാറിൽ അമേരിക്കൻ പതാകയേന്തി ചിറകു വിരിച്ചു പറക്കുന്ന  കഴുകന്റെ ചിത്രമുള്ള  ഇന്റർവ്യൂ ലെറ്ററിലെ പഞ്ചസാരയിൽ പൊതിഞ്ഞ  അവസാന വാചകങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു  

"ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ കൈവശമില്ലെങ്കിൽ ഈ  ഇന്റർവ്യൂവിനു വന്നു നിങ്ങളുടെ പണവും ഞങ്ങളുടെ സമയവും വെറുതെ   നഷ്ടപ്പെടുത്തരുത്..........." . ഡ്രോയിങ്ങ് റൂമിൽ മദ്രാസിനു പോകുവാൻ വേണ്ടി  ഒരുക്കി വച്ചിരുന്ന  പെട്ടികൾക്കിടയിൽ ഞാനല്പ നേരം ഇരുന്നു
ഇനിയെന്ത് ? എന്ന ചോദ്യവുമായി.
(തുടരും)

മുൻഭാഗങ്ങൾ വായിക്കുവാൻ ,താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക