Image

മറീന കടൽക്കരയിൽ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 6: ഷാജു ജോൺ)

Published on 07 August, 2021
മറീന കടൽക്കരയിൽ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 6: ഷാജു ജോൺ)
സ്മാർട്ട് ഫോണുകൾ മനുഷ്യരെ നിയന്ത്രിക്കാതിരുന്ന പഴയ നാളുകളിൽ, വിടർന്നു വരുന്ന പ്രഭാതങ്ങളിൽ കേൾക്കുവാറുള്ള റേഡിയോ  വാർത്തകൾ ഓർമ്മയുണ്ടോ ?
 " മദ്രാസ് മെയിൽ മുന്ന് മണിക്കൂർ വൈകി ഓടുന്നു......... ബോബെയിൽ നിന്നുള്ള വിമാനം ഇന്ന് ക്യാൻസൽ ചെയ്തിരിക്കുന്നു   .......... ബാംഗ്ളൂരിൽ നിന്നുള്ള ഐലൻഡ് എക്സ്പ്രസ്സ് പുറപ്പെട്ടിട്ടില്ല ........... ."

അതിരാവിലെ ഉള്ള കട്ടൻ ചായക്കൊപ്പം കേൾക്കാറുള്ള ഇത്തരം വാർത്തകൾ കേരളത്തിലെ പൊതുസമൂഹത്തിന്റെ  ദിനചര്യകളെ  അക്കാലത്ത് വളരെയധികം സ്വാധീനിച്ചിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ലെങ്കിലും അത്തരം  വാർത്തകൾ     കേട്ടാൽ നടുങ്ങുന്ന ഒരു സമൂഹമുണ്ടായിരുന്നു വാണിജ്യ കേന്ദ്രമായിരുന്ന  കൊച്ചിയിൽ -  ദശലക്ഷങ്ങളുടെ കച്ചവടങ്ങൾ നടന്നിരുന്ന  മട്ടാഞ്ചേരിയിലും ,എറണാകുളത്തുമുള്ള ചെറുതും വലുതുമായ വ്യാപാരികളും  വ്യവസായികളും.  

 പോസ്റ്റൽ ഡിപ്പാർട്മെന്റിലെ  സ്പീഡ്  പോസ്റ്റിൽ  ജോലി ചെയ്യുമ്പോൾ, കൊച്ചിയിലെ ഇത്തരം ആൾക്കാരുമായി ഞാൻ നല്ല അടുപ്പത്തിലായിരുന്നു . വിമാനമോ ട്രെയിനോ വൈകിയാൽ അവരുടെ  മുഖത്ത് പടരുന്ന വിഷമം, കണ്ണുനീർ  പെയ്യാൻ കൊതിക്കുന്ന കാർമേഘങ്ങൾ  പോലെയാണ് .... 'ഞാനിപ്പോൾ തന്നെ  സാറിന്റെ മുൻപിൽ  ആത്മഹത്യ ചെയ്യും .........' . എന്ന ഭീഷണിയുമായി നിന്ന ഒരു മേനോനെ   ഇപ്പോഴും ഓർത്തുപോകുന്നു, ഓഫീസ് തുറക്കുമ്പോൾ  തന്നെ, വാതിക്കൽ  ഹാജരാകുന്ന വില്ലിങ്ടൺ ഐലൻഡിലെ ഒരു ബിസിനസ്സുകാരൻ. കൽക്കട്ടയിൽ നിന്നു ദിവസ്സവും സ്പീഡ് പോസ്റ്റിൽ വരുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് (DD) അതിരാവിലെ വാങ്ങിച്ച്,  അത് ബാങ്കിൽ കൊടുത്ത് പണം  ആക്കി മാറ്റിയാലേ അന്നത്തെ ബിസിനസിനുള്ള ദ്രവ്യം  ഉണ്ടാകൂ. അതും വൻ തുകയുടെ  ഇടപാടുകൾ  ആണ്. ഒരിക്കൽ കൽക്കട്ടയിൽ നിന്നയച്ച ഡി ഡി രണ്ടു ദിവസ്സം വൈകി  ........അന്നാണ് ആത്മഹത്യ  ഭീഷണിയുമായി അദ്ദേഹം  എന്റെ മുൻപിൽ വന്നത് . എന്തായാലും അത് ചെയ്യേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ  എഴുത്ത് വിമാനത്തിൽ വരാതെ രണ്ടു മുന്ന് ട്രെയിനുകൾ കയറി കൊച്ചിയിലെത്തിയിരുന്നു.

ഓൺലൈൻ ട്രാൻസ്ഫർ , വയർ ട്രാൻസ്ഫർ തുടങ്ങിയ ആധുനിക  പണമിടപാടുകൾ ഇല്ലാതിരുന്ന ആ സമയങ്ങളിൽ എറണാകുളം, കൊച്ചി- മട്ടാഞ്ചേരി ഭാഗങ്ങളിലുള്ള കച്ചവടക്കാർ .രാവിലെ എഴുന്നേറ്റാൽ, ദിനകൃത്യങ്ങൾ പോലും ചെയ്യാതെ   ആദ്യം വിളിക്കുന്നത് സ്പീഡ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു- തങ്ങളുടെ  ബാങ്ക് ഡി ഡി കൾ എത്തിയോ എന്നറിയുവാൻ..........! സ്പീഡ് പോസ്റ്റ് സംവിധാനം കൊച്ചിയിൽ ആരംഭിച്ചപ്പോൾ, റിസപ്‌ഷനിസ്റ് ആയി നിയമിച്ചിരുന്നത് ഒരു സുന്ദരിക്കുട്ടിയെ ആയിരുന്നു. തഞ്ചത്തിൽ, നയതന്ത്രപരമായി  കസ്റ്റമേഴ്‌സിനെ  കൈകാര്യം ചെയ്യുവാൻ  മിടുക്കി ആയിരുന്ന ആ സുന്ദരിക്കുട്ടി ട്രാൻസ്ഫർ ആയപ്പോൾ ആ ചുമതല എന്റെ തലയിലായി .. എനിക്ക് ആ തലത്തിലേക്ക് എത്തുവാൻ സാധിച്ചില്ല എന്നുമാത്രമല്ല, ഒരു സാധാരണ  സർക്കാർ ഓഫീസിൽ നിന്ന് കേൾക്കാറുള്ളത് പോലെ   നീരസം കലർന്ന ശബ്ദത്തിന്റെ പര്യായമായി ഞാൻ മാറിയിരുന്നു  എന്ന് ഖേദത്തോടെ ഇന്ന്  ഓർത്തുപോകുന്നു .

 സ്ഥിരമായി ഫോൺ എടുക്കുന്നത്  കൊണ്ട് പലർക്കും എന്റെ ശബ്ദം അറിയാം , അതുപോലെ അവരുടേതും

' സാറെ ....എന്റെ ഡി ഡി  ......?' എന്ന് ചോദിക്കുമ്പോൾ തന്നെ  അവരുടെ മുഖത്തുണ്ടാകുന്ന ആകാംഷയുടെ ഭാഷ നമുക്ക് മനസ്സിലാകും
'ഇന്ന് ഫ്ലൈറ്റ് ലേറ്റ് ആണ് .........ഐലൻഡ് എക്സ്പ്രസ്സ് ഉച്ച കഴിഞ്ഞേ വരൂ'   തുടങ്ങിയ മറുപടികൾ ആണെങ്കിൽ  അവരുടെ ഹൃദയമിടിപ്പ്  സ്റ്റെതസ്കോപ്പ് വയ്ക്കാതെ തന്നെ നമുക്ക്  അളന്നെടുക്കാം.

' മെയിൽ വന്നോ ?......എപ്പോ വരും സാറെ ...?' തുടങ്ങിയ ചോദ്യങ്ങൾ  പിന്നീടുള്ള  ഓരോ പത്തു മിനിട്ടിലും  വന്നുകൊണ്ടിരിയ്ക്കും  

 "എനിക്കെങ്ങനെ അറിയാം ...ഇന്ത്യൻ റെയിൽവേയോടോ , ഇന്ത്യൻ എയർ ലൈൻസ് നോടോ, എയർ ഇന്ത്യയോടൊ  ചോദിക്കു........ "  എന്ന  ധാർഷ്ട്യത നിറഞ്ഞ ഗവേർന്മേന്റ് ഉദ്യോഗസ്ഥരുടെ ശൈലിക്ക്  കിട്ടിയ ശിക്ഷ പോലെയാണ് എന്റെ,ബോബെയിൽ കുടുങ്ങിപ്പോയ അമേരിക്കൻ ഇന്റർവ്യൂവിനുള്ള  മസ്കറ്റ് പോലീസ് ക്‌ളീയറൻസ് സർട്ടിഫിക്കറ്റ് എന്ന് പലപ്പോഴും  തോന്നിയിട്ടുണ്ട്. മനുഷ്യർക്ക് ഇങ്ങനെയുള്ള വിഷമങ്ങൾ ഉണ്ടാകുമെന്നും അവരോടു സമ്യമായി പെരുമാറണമെന്ന്  കാലം പഠിപ്പിച്ചു തന്ന വൈകിപ്പോയ അവബോധം...............!

അമേരിക്കൻ വിസ ഇന്റർവ്യൂ എന്ന വലിയ കടമ്പക്ക് വേണ്ട  വളരെ പ്രധാനപ്പെട്ട ആ  രേഖ ,ബോബെ എയർപോർട്ടിൽ കിടക്കുന്ന ഏതോ മെയിൽ ബാഗിൽ കുടുങ്ങിയപ്പോൾ , ഓരോ പത്തു മിനിറ്റിലും ഞാനും സ്പീഡ് പോസ്റ്റ്  ഓഫിസിലേക്കു വിളിക്കുവാൻ തുടങ്ങി. പക്ഷെ ഫലം നിരാശ ആയിരുന്നു.  മദ്രാസിനു  പോകുവാൻ  വേണ്ടി ഒരുക്കി വച്ചിരുന്ന പെട്ടികൾക്കിടയിൽ ഇരുന്നു കയ്യെത്താദൂരത്തിരിക്കുന്ന ആ കത്തിനെ  പറ്റി ആലോചിച്ചുകൊണ്ടിരുന്നു . ഉച്ചക്കാണ് ട്രയിൻ.  മക്കൾ രണ്ടു പേരും നല്ല ഉത്സാഹത്തിലാണ് , ട്രെയിൻ യാത്രയുടെ ത്രില്ല്,  ചാച്ചൻ അവർക്ക് പൊലിപ്പിച്ചു പറഞ്ഞു കൊടുത്തിരുന്നു.

" നമ്മൾ പോണോ .......?  യാത്രക്കൊരുങ്ങുമ്പോഴും മുഖത്തു  തളം കെട്ടി കിടന്ന വിഷമവുമായി ഭാര്യ ചോദിച്ചു
 
"പോകാതെ പറ്റുമോ ,വരുന്നത് വഴിയിൽ കാണുക ......."   ഞാൻ പറഞ്ഞു.

പെട്ടികളെല്ലാം  ഞങ്ങളുടെ ചെറിയ  മാരുതി 800 കാറിൽ എടുത്ത് വച്ച് വിഷമവും ,നിർവികാരതയും മുറ്റി നിന്ന മുഖത്തോടെ ഞങ്ങൾ  എറണാകുളം റയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി . വീട്ടിൽ നിന്ന് ഏതാണ്ട് മുക്കാൽ മണിക്കൂർ യാത്രയെ ഉള്ളു ........ കാർ ഓടിച്ചിരുന്നത് എന്റെ സഹോദരൻ ആയിരുന്നു. പല കാര്യങ്ങളും അവൻ ചോദിച്ചുവെങ്കിലും, പലതിനും എന്റെത് ഇടമുറിഞ്ഞുപോയ  മറുപടികൾ  ആയിരുന്നു.എന്തോ വിഷമം ഉണ്ടെന്നു അവനു മനസ്സിലായി . ഇന്റർവ്യൂവിന്റെ ടെൻഷൻ ആയിരിക്കും എന്ന് കരുതി  അവൻ കൂടുതൽ ചോദിച്ചില്ല  എന്റെ ചിന്തകൾ    മസ്‌കറ്റ് പി സി സി യെ  ചുറ്റി പറ്റി തന്നെ ആയിരുന്നു . വീട്ടിൽ നിന്നിറങ്ങുമ്പോൾ അവസാനമായി ഓഫിസിൽലേക്ക് ഒന്നുകൂടി  വിളിച്ചു ചോദിച്ചു. "ഇല്ല ..ബോംബേ ഫ്ലൈറ്റ് ഇന്ന് വരുമെന്ന് തോന്നുന്നില്ല ........." ഈ ഉത്തരം കിട്ടിയതോട് കുടി കൂടുതൽ സംസാരിക്കുവാനും  തോന്നിയില്ല.  

 ഞങ്ങൾ റെയിവെ സ്റ്റേഷനിൽ എത്തി, പ്ലാറ്റുഫോമിൽ പെട്ടികളിലെല്ലാം ഇറക്കി വച്ച് സഹോദരൻ തിരിച്ചു പോയി. മദ്രാസ് ട്രെയിൻ വരുന്ന സമയം ആയതു കൊണ്ട് പ്ലാറ്റ്‌ഫോമിൽ നല്ല തിരക്കായിരുന്നു . യാത്ര പോകുന്നവരും, അയക്കുന്നവരും ,മടങ്ങി വന്നവരും ആയ  എല്ലാവരുടെയും ശബ്ദങ്ങൾ വേർതിരിക്കാനാവാതെ  പ്ലാറ്റുഫോമിൽ അലയടിച്ചുകൊണ്ടിരുന്നു.

അവസാനമായി  അവിടെ നിന്നും ഒന്ന് കൂടി സ്പീഡ് പോസ്റ്റ് ഓഫീസിലേക്ക്  ഫോൺ ചെയ്യാം എന്ന് കരുതി  ബൂത്തിൽ എത്തിയെങ്കിലും  അവിടെ വിചാരിച്ചതിലും കൂടുതൽ ക്യു ആയിരുന്നു. പത്തു മിനിറ്റോളം കാത്ത് നിൽക്കേണ്ടി വന്നു ഒന്ന് വിളിക്കുവാൻ. പലവട്ടം ഫോൺ കറക്കിയെങ്കിലും എൻഗേജ് ടോൺ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഒരു ദിവസം മെയിൽ വൈകിയാൽ പിന്നെ ഓഫീസിലെ ഫോൺ നിലക്കാതെ ചിലച്ചു കൊണ്ടിരിക്കും...........ഫോൺ ബൂത്തിൽ ക്യുവിന്റെ നീളം പിന്നെയും കൂടിയപ്പോൾ നിരാശനായി, പ്രതീക്ഷ നഷ്ടപെട്ടവനെ പോലെ  അവിടെ നിന്ന് ഞാൻ  പിൻവാങ്ങി....

 യാത്രക്കാരുടെ ശബ്ദങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ട്  അല്പസമയത്തിനുള്ളിൽ  അകലെ നിന്ന്  തീവണ്ടിയുടെ ചൂളം വിളി ഉയർന്നു. കിതച്ചെത്തിയ തീവണ്ടി പ്ലാറ്റുഫോമിൽ ശീൽക്കാര ശബ്ദത്തോടെ  നിന്നതും യാത്രക്കാർ അങ്ങോട്ടും ഇങ്ങോട്ടും  തങ്ങളുടെ കമ്പാർട്മെന്റുകൾ തിരഞ്ഞു ഓടുവാൻ തുടങ്ങി. റിസേർവേഷൻ ചാർട്ടുകളിൽ തങ്ങളുടെ പേരുകൾ ഉണ്ടോ എന്ന് നോക്കുന്നവർ ...'ഇവിടെ അല്ല അവിടെ ആണ്' എന്ന് പറഞ്ഞു പെട്ടികളും വലിച്ചു ഓടുന്നവർ ...ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ഞങ്ങൾ മാത്രം നിശബ്ദർ ........

 ഞാൻ ബുക്ക് ചെയ്തിരുന്നത്  എ സി കോച്ചിൽ  ആയതുകൊണ്ട് കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല.. ആകെ രണ്ടു എ സി കമ്പാർട്മെന്റുകൾ മാത്രമേ  ഉണ്ടായിരുന്നുള്ളു.  ഞങ്ങളുടെ പേരുകൾ  എഴുതി വച്ചിരുന്ന ബോഗിയിലേക്കു പെട്ടികളെല്ലാം കയറ്റി, ഭാര്യയെയും കുട്ടികളെയും അവരുടെ സീറ്റിൽ കൊണ്ടിരുത്തി  ഞാൻ വീണ്ടും പ്ലാറ്റുഫോമിൽ ഇറങ്ങി നിന്നു. എ സി കോച്ചിനടുത്ത് തിരക്ക് കുറവായിരുന്നെങ്കിലും മറ്റുള്ള കമ്പാർട്മെന്റുകളിൽ ആളുകൾ ഇടിച്ചുകയറുകയായിരുന്നു . അവരുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുമ്പോഴാണ്  പെട്ടെന്നൊരു വിളി കേട്ടത് ,

"സാർ ...." പരിചയമുള്ള ശബ്ദം, ഞാനൊന്നു തിരിഞ്ഞു നോക്കി. അത് സ്പീഡ്  പോസ്റ്റുമാൻ ആയിരുന്നു .

" സാറിന്റെ കവർ ............! " എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കനായില്ല.

"രാവിലെ ബോംബേ ഫ്ലൈറ്റ് ക്യാൻസൽ ആയെങ്കിലും ,  ഏതോ വി ഐ പി കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ സ്പീഡ് പോസ്റ്റ് മെയിലുകൾ അയച്ചിരിക്കുന്നു.......   മെയിൽ വൈകിയതിനാൽ ഒത്തിരി ഡെലിവറി ഉണ്ട്, ഞാൻ പോകട്ടെ............." ഇതുപറഞ്ഞ്   അയാൾ തിരിഞ്ഞു നടന്നു .

എനിക്ക് ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല . പോസ്റ്റ്മാനോട് ഉള്ള നന്ദിവാക്ക് തൊണ്ടയിൽ കുടുങ്ങി എന്തെങ്കിലും പറയുന്നതിന്  മുൻപ് തീവണ്ടിക്ക്  പോകുവാനുള്ള വിസിൽ മുഴങ്ങിയിരുന്നു.  കവറുമായി വരുന്ന എന്നെ നോക്കി ഭാര്യ ചോദിച്ചു, " എന്താത് .........?"

"നോക്കിയിരുന്ന ....ആ സർട്ടിഫിക്കറ്റ് ,മസ്കറ്റിൽ നിന്നുള്ള പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ്..." ഭാര്യ  അത്ഭുതത്തോടെ  എന്നിലേക്കും ആ കവറിലേക്കും  മാറി മാറി നോക്കി.

"ദൈവകൃപ ഒന്ന് കൊണ്ട് മാത്രം കിട്ടിയതാണ് ഇത് അല്ലെങ്കിൽ നമ്മൾ എന്ത് ചെയ്യുമായിരുന്നു ?"  ആ കവറിൽ കൈത്തലം കൊണ്ട് മൃദുവായി  തടവുന്നതിനിടയിൽ ഭാര്യ പറഞ്ഞു.

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല , പിന്നിലേക്ക് ഓടി മറയുന്ന  മരങ്ങളേയും കെട്ടിടങ്ങളേയും നോക്കിയിരുന്നു. ട്രയിൻ  ആരോ വായിക്കുന്ന തബലയുടെ താളത്തിൽ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. അറിയാതെ സ്പീഡ്പോസ്റ്റ്  മാനേജരുടെ മുഖം മനസ്സിലേക്ക് കടന്നുവന്നു. സ്നേഹനിധിയായ ഒരു മേലുദ്യോഗസ്ഥൻ, അദ്ദേഹത്തോട് എന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അദ്ദേഹമാണ്  ആ കവർ എന്നെ ഏല്പിക്കുവാൻ വേണ്ടി പ്രത്യേകം പോസ്റ്റ്മാനോട് പറഞ്ഞത്.

ചിന്താഭാരത്താൽ  തലേ ദിവസം രാത്രിയിൽ   ഞാൻ  അല്പം പോലും ഉറങ്ങിയിരുന്നില്ല .തീവണ്ടിയിലെ എ സിയിൽ നിന്നുള്ള തണുത്ത കാറ്റ്  കണ്ണുകളെ തഴുകി  അടപ്പിച്ചു, നിശബ്ദത തളം കെട്ടി കിടന്നിരുന്ന ആ ബോഗിയിൽ  എല്ലാവരും ഉറക്കവും  ആരംഭിച്ചു ..... ഉറക്കത്തിൽ പോലും  എന്റെ ചിന്ത അറബിക്കടലിന്നക്കരെ നിന്നും എത്തിയ ആ സുപ്രധാന രേഖയെ കുറിച്ച് തന്നെ  ആയിരുന്നു.

മദ്രാസിൽ ഞങ്ങൾക്ക്  വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ ഹോളീഡേ ഹോം  ഞാൻ നേരത്തെ ബുക്ക് ചെയ്തിരുന്നു. കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്  ഇങ്ങനെയും ചില ആനുകൂല്യങ്ങൾ  ഉണ്ട്. LTC (ലീവ് ട്രാവൽ കൺസഷൻ ) എന്ന  ആനുകൂല്യ പ്രകാരം നാലു വർഷം കൂടുമ്പോൾ ഇന്ത്യയിൽ എവിടെയും  ഫ്രീ ആയി സെക്കന്റ് എ സി ക്ലാസിൽ യാത്ര ചെയ്യാം .....അതുപോലെ  അവിടെ ഹോളിഡേ ഹോം എന്ന വിശ്രമകേന്ദ്രങ്ങൾ  ഉണ്ടെങ്കിൽ വളരെ തുച്ഛമായ വാടകക്ക്  താമസിക്കുകയും ചെയ്യാം. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ഇതുപോലുള്ള  ഹോളീഡേ ഹോമുകൾ ഉണ്ട് .നേരത്തെ ബുക്ക് ചെയ്യണമെന്ന് മാത്രം. ഞങ്ങളുടെ മദ്രാസ് യാത്രയും ഈ ആനുകൂല്യങ്ങൾ  കൈപറ്റി ആയിരുന്നു.

ട്രയിൻ ഇറങ്ങി ടാക്സി വിളിച്ചു നേരെ പോയത് ഹോളിഡേ ഹോമിലേക്കാണ് . അവിടെ സമയം കളയുവാൻ ഉണ്ടായിരുന്നില്ല .ആദ്യത്തെ കടമ്പ മെഡിക്കൽ ചെക്ക് അപ്പ് ആണ് . അത് ഇന്റർവ്യൂവിനു രണ്ടു ദിവസ്സം മുൻപ് ചെയ്തിരിക്കണം എന്നാലേ അതിന്റെ റിപ്പോർട്ടും, എക്സ് റേ തുടങ്ങിയ കാര്യങ്ങൾ ലഭ്യമാകൂ

മദ്രാസ് കോണ്സുലേറ്റിൽ നിന്ന് മെഡിക്കൽ ചെക്കപ്പ് ചെയ്യുന്ന ഡോക്ടർമാരുടെ ലിസ്റ്റ് തന്നിരുന്നു.ആ ലിസ്റ്റിലെ ഒരു ഡോക്ടറുടെ അടുക്കൽ നേരിട്ട്  ചെന്നു. നല്ല തിരക്കുന്നുണ്ടായിരുന്നുവെങ്കിലും അവർ ഞങ്ങളെ വളരെ സ്നേഹപൂർവം  സ്വീകരിച്ചു , സാമാന്യം നല്ലൊരു തുക ഈ ആവശ്യത്തിലേക്കു ഫീസായി ലഭിക്കുന്നു എന്നതാകാം ഒരുപക്ഷെ ആ സ്നേഹോപചാരത്തിനു കാരണം. മെഡിക്കൽ ചെക്ക് അപ്പ് കഴിഞ്ഞു, ഭദ്രമായി സീൽ ചെയ്ത കവറിൽ പിറ്റേ ദിവസ്സം ഞങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്, എക്സ് റേ തുടങ്ങിയ പേപ്പറുകൾ തന്നു.  

പ്രത്യേകിച്ച് ഒന്ന് ചെയ്യുവാനില്ലായിരുന്ന രണ്ടാം ദിവസ്സം,മദ്രാസ് നഗരം ചുറ്റി നടന്നു കാണണം എന്നാഗ്രഹം ഉണ്ടായിരുന്നുവെങ്കിലും മനസ്സിൽ ഒരു തരം മൂടൽ നിറഞ്ഞ അവസ്ഥ  ആയിരുന്നു .....ഇന്റർവ്യൂ എന്താകും എന്നൊരു ചിന്ത.............. അതിനു കാരണമുണ്ട്, കോൺസുലേറ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥൻ 'നോ...  വിസ ' എന്നെങ്ങാനും പറഞ്ഞുപോയാൽ, രണ്ടാമതൊരു ചോദ്യമോ ഉത്തരമോ ഇല്ല, മറുത്തുപറയുവാനും കഴിയുകയില്ല ഏതാണ്ട് അഞ്ചു വർഷത്തോളമുള്ള  ഞങ്ങളുടെ പ്രയത്നം വിഫലമാകും ..... പലർക്കും അങ്ങനെ  സംഭവിച്ചിട്ടുമുണ്ട്. അതുകൊണ്ട് എന്തും നേരിടുവാൻ മാനസികമായി തയ്യാറെടുക്കുകയായിരുന്നു.

ഇന്റർവ്യൂ  ദിവസമെത്തി, രാവിലെ  പത്തുമണിയാണ് ഞങ്ങൾക്കനുവദിച്ച സമയം . എല്ലാവരും ഭംഗിയായി ഒരുങ്ങി ... പ്രത്യേകം തയ്യിപ്പിച്ച കാൽശരായിയും ,കോട്ടും കുട്ടിയുടുപ്പും ഒക്കെ ഇട്ടു  ഫോർമലായി ഒമ്പതുമണിക്ക് മുൻപേ കോൺസുലേറ്റിനു മുന്നിൽ എത്തി. ആ കെട്ടിടത്തിന്  മുൻപിൽ തന്നെ പരിശോധനകൾ സ്കാനിംഗ് തുടങ്ങിയ കലാപരിപാടികൾ കണ്ടതോട് കൂടി സംഭ്രമം കൂടി.അകത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നുവെങ്കിലും പൂർണ്ണ നിശബ്ദത ആയിരുന്നു .എല്ലാവരുടെയും മുഖങ്ങളിൽ  ആശങ്ക ,ആകാംഷ ,സംഭ്രമം തുടങ്ങി പറഞ്ഞറിയിക്കാൻ കഴിയാത്ത പല തരം  വികാരങ്ങൾ മാറി മാറി വന്നുകൊണ്ടിരുന്നു  ....

മുറിയിൽ കയറിയപ്പോൾ തന്നെ, ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ക്രമനമ്പർ പ്രകാരം അടുക്കിയ രേഖകൾ, ആദ്യത്തെ കൗണ്ടറിൽ ഏല്പിച്ചു.  ഒരു ടോക്കൺ നമ്പർ തന്ന് ഇരിക്കുവാൻ പറഞ്ഞു. എല്ലാവര്ക്കും  അഭിമുഖമായി വച്ചിരുന്ന ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ ഈ ടോക്കൺ നമ്പറുകൾ മാറി മാറി വന്നുകൊണ്ടിരുന്നു, ഒപ്പം ആ മുറിയിലുണ്ടായിരുന്ന അദൃശ്യമായ ഏതോ സ്പീക്കറിൽ നിന്നും ആ നമ്പർ മധുരം പുരട്ടി വിളിച്ചുപറയുന്നും ഉണ്ടായിരുന്നു. ഓരോ ടോക്കൺ നമ്പർ വിളിക്കുമ്പോഴും  എല്ലാവരും തന്നെ അവരവർക്കു കിട്ടിയ പേപ്പറിലേക്കു നോക്കും,തങ്ങളല്ല എന്ന് മനസിലാകുമ്പോൾ കണ്ണെടുക്കും. ഈ പ്രവൃത്തി കുറെ സമയം തുടർന്നപ്പോൾ ഞങ്ങളുടെ നമ്പർ ഡിസ്പ്ലേ ബോർഡിൽ തെളിഞ്ഞു  

 സ്‌പീക്കറിലൂടെ ഒഴുകിയെത്തിയ നമ്പർ വിളി എന്റെ ചെവികളിൽ എത്തിയില്ല, ഹൃദയമിടിപ്പ് അത്ര ശക്തമായിരുന്നു  ,ചിന്തകൾ ഒന്നും  പിടിച്ചാൽ കിട്ടാത്തത് പോലെ  ..........ഞങ്ങൾ നാലു പേരും നിരന്നു  അവിടെ ഹാജരായി ...........വെടിയുണ്ട ഏൽക്കാത്ത ചില്ലിനപ്പുറം വെള്ളാരംകല്ലിന്റെ കണ്ണുകളുള്ള ഒരു മദാമ്മ ആയിരുന്നു, അവർ ഞങ്ങളെ നോക്കി മന്ദഹസിച്ചു .......തിരിച്ചു ഞങ്ങൾ സംഭ്രമം നിറച്ച പുഞ്ചിരി നൽകി ....ഞങ്ങളുടെ പരിഭ്രമം അവർക്കു  മനസിലായി എന്ന് തോന്നി,  മുന്നിൽ വളഞ്ഞുനിന്നിരുന്ന ചെറിയ മൈക്കിലൂടെ അവർ കുട്ടികളുടെ പേര് മാത്രം ചോദിച്ചു. ഞങ്ങൾ കൊടുത്ത പേപ്പറുകളെല്ലാം അവർ വിശദമായി നേരത്തേ പരിശോധിചിരുന്നു.  

"അമേരിക്കയെ സേവിക്കുവാനുള്ള താങ്കളുടെ മനസിന് നന്ദി ..." ഭാര്യയുടെ മുഖത്തു നോക്കി സുന്ദരി മദാമ്മ പറഞ്ഞു

ഭാര്യ തിരിച്ചു നന്ദി രേഖപെടുത്തുന്നതിനിടയിൽ, അവർ വീണ്ടും പറഞ്ഞു  "നിങ്ങൾക്ക് ഫാമിലി വിസ അനുവദിക്കുന്നു .........
 ആദ്യം നിങ്ങൾ പോകുക..... കാര്യങ്ങൾ എല്ലാം ശരിയായതിനു ശേഷം കുടുംബത്തെ  കൊണ്ട് പോകുക "

 നിറമനസ്സോടെ നന്ദി എന്ന്  പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ  ഒരു വലിയ  മഞ്ഞുമല ഉരുകി തീർന്നത് പോലെയാണ് ഞങ്ങൾക്ക്  തോന്നിയത്. മനസ്സിൽ കൂടു കൂട്ടിയിരുന്ന ആശങ്കകൾ മുഴുവൻ ആവിയായി അന്തരീക്ഷത്തിൽ അലിഞ്ഞു  തീർന്നു. സന്തോഷം നനുത്ത പനിനീർമഴയായി ഉള്ളിൽ പെയ്തിറങ്ങി.

അന്ന് വൈകിട്ട്,   മറീന കടൽക്കരയിൽ ഞങ്ങൾഎത്ര നേരം ഇരുന്നു എന്നറിയില്ല. നിറമുള്ള കാറ്റാടികളും,വറുത്ത കപ്പലണ്ടിയും,   കളിക്കുടുക്ക സാധനങ്ങളുമായി കച്ചവടക്കാർ കടൽക്കരയിൽ നിറഞ്ഞിരുന്നു. തീരത്തോട് മല്ലടിച്ച തിരമാലകൾ വന്നും  പോയും ഇരുന്നു. സന്ധ്യയുടെ വെളിച്ചം വൈദ്യുത വിളക്കുകാലുകളിലെ നിയോൺ ബൾബുകൾക്കു കൈമാറി ഏറെ നേരം കഴിഞ്ഞാണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോന്നത്.
(തുടരും )

മുൻഭാഗങ്ങൾ വായിക്കുവാൻ ,താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി


Join WhatsApp News
Raju Mylapra 2021-08-08 00:30:30
Beautiful narration, written in simple language. Enjoyed it. Brought back some similar memories.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക