സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും ..
അപ്പക്കഷ്ണം മുക്കി ഞാൻ ആർക്കു കൊടുക്കുന്നുവോ അവൻതന്നെ.
അവൻ അപ്പക്കഷ്ണം മുക്കി ശിമയോൻ സ്കറിയോത്തായുടെ മകൻ യൂദാസിനു കൊടുത്തു.
" അവൻ യേശുവിനെ സമീപിച്ച് ,
ഗുരോ! സ്വസ്തി എന്നു പറഞ്ഞുകൊണ്ട് അവനെ ഗാഢമായി ചുംബിച്ചു. അപ്പോൾ അവർ അവനെ പിടിച്ചു ബന്ധിച്ചു.
30 വെള്ളിക്കാശിന് ഗുരുവിനെ ഏൽപിച്ചു കൊടുത്ത യൂദാസ് യേശുവിനെ ക്രൂശിക്കുന്നതറിഞ്ഞ് പശ്ചാത്താപ വിവശനായി ആ വെള്ളി നാണയങ്ങൾ തിരിച്ചേൽപിക്കുവാൻ ചെന്നു. അവർ അത് കയ്യേറ്റില്ല. തുടർന്ന് യൂദാസ് ആ വെള്ളി നാണയങ്ങൾ ദേവാലയത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് മരണത്തിലേയ്ക്ക് കടന്നുപോയി. രക്തത്തിന്റെ വിലയാകയാൽ പള്ളി എടുക്കാഞ്ഞ ആ സമ്പത്ത്കൊടുത്ത് പുരോഹിതർ, വിദേശിയരെ സംസ്കരിക്കാനായി ഒരു കുശവന്റെ പറമ്പ് വാങ്ങി എന്നാണ് വിശുദ്ധ ലിഖിതത്തിൽ പറയുന്നത്.
അത്ഭുത പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള തന്റെ ഗുരു, അക്രമിക്കാൻ വരുന്നവരെ നിഷ്പ്രയാസം തുരത്തിയോടിക്കും എന്ന ദൃഢമായ വിശ്വാസത്തിലും പ്രതീക്ഷയിലുമായിരിക്കണം യൂദാസ് ആ ഒറ്റുകാശ് ഏറ്റുവാങ്ങിയത്. കാര്യങ്ങൾ തിരിഞ്ഞു വന്നപ്പോൾ വേവലാതിയിളകി ഭ്രാന്തനായി ആ 30 വെള്ളിനാണയങ്ങളും വലിച്ചെറിഞ്ഞ് മരണം പൂകിയ യൂദാസും യേശുവിനെ അത്രയേറെ സ്നേഹിച്ചിരിക്കണം.!
ദേവാലയത്തറയിൽ പലയിടത്തായി ചിതറിവീണ 30 നാണയങ്ങളും കൃത്യമായി പെറുക്കിയെടുത്ത് പറമ്പിന്റെ വിലയായി കുശവനെ അവർ ഏൽപിച്ചും കാണും. കുശവൻ ആ വെള്ളിക്കാശ് എങ്ങനെയൊക്കെ ചിലവഴിച്ചുവെന്ന് എഴുതപ്പെട്ടിട്ടില്ല. എന്തായാലും തുട്ടുതുട്ടുകളായി പലവ്യഞ്ജനങ്ങൾ വാങ്ങിയോ അതോ ഡെപ്പോസിറ്റ് ചെയ്തോ അതോ ഇനി വല്ല പ്രമുഖർക്കും അഡ്ജസ്റ്റ്മെന്റായി കൊടുത്തോ എന്നറിയില്ല. എന്തായാലും പല കൈകൾ മറിഞ്ഞുമറിഞ്ഞു പോയ ആ നാണയങ്ങളിൽ രണ്ടെണ്ണം മിടുക്കനായ ഒരു മലയാളിയുടെ കൈയിലെത്തിച്ചേർന്നു. ആക്രിക്കച്ചവടക്കാർക്ക് പഴഞ്ചരക്കാണെന്നും പറഞ്ഞ് ആരൊക്കെയോ എന്നൊക്കെയോ കൊടുത്ത അത്യപൂർവമായ മറ്റനേകം സാധനങ്ങളും നേരെ അയാളുടെ ശേഖരത്തിലേക്കാണു വന്നത്. ഗണപതിയുടെ താളിയോല , ശ്രീകൃഷ്ണന്റെ വെണ്ണക്കുടം , എഴുത്തച്ഛന്റെ എഴുത്തുപകരണങ്ങൾ തുടങ്ങി അതിശയിപ്പിക്കുന്ന അനേകമനേകം ഹെറിഡിറ്ററി ആർട്ടിക്കിൾസ് നിറഞ്ഞ പൂങ്കാവനമൊരുക്കിയിരുന്ന് ഇരപിടിച്ചു ആ കേമൻ മലയാളി ! ഈ മലയാള ദേശത്തെ ഒട്ടുമിക്ക പ്രബലൻമാരുമായും അയാൾക്ക് രക്തബന്ധമല്ലാത്ത അടുപ്പമുണ്ടായിരുന്നുവത്രെ! ഇങ്ങനെ കുപ്രസിദ്ധരാകുന്ന സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന തട്ടിപ്പുകാരെല്ലാം ഇത്തരത്തിൽ അസാധാരണക്കാരായ വിദ്വാൻമാരുമൊക്കെയായിട്ടാണ് അടുപ്പം കാക്കുന്നതും നമ്മുടെയൊക്കെ കണ്ണ് മഞ്ഞളിപ്പിക്കുന്നതും.
ഈ തട്ടിപ്പുജന്മങ്ങളെക്കുറിച്ചൊന്നും ഒരുപാട് പറയുന്നില്ല.മാവുങ്കൽ , പ്ലാവുങ്കൽ , തേക്കുങ്കൽ, ഈട്ടിക്കൽ തുടങ്ങി കാതലേറുന്ന നാമധേയധാരികൾ !
ബുദ്ധി വൈഭവങ്ങൾ കൊണ്ട് ഹിമാലയ ശൃംഗങ്ങളെക്കാളും ഉയർന്നവരെന്നാണ് മലയാളികളെപ്പറ്റി പറയുന്നത്. എന്നാൽ ഓരോ തട്ടിപ്പുകാർക്കും ഇരയാകുന്നതും ഇവിടുത്തെ ഹിമവാൻമാർ തന്നെയാണ്. കാശ് സ്വരുക്കൂട്ടുന്നതിൽ അതിജാഗത്ര പുലർത്തുന്നവർ അത് നഷ്ടപ്പെടുത്താൻ കാണിക്കുന്ന വിഡ്ഢിത്തങ്ങൾ തുടർക്കഥകളാവുന്നു. തട്ടിച്ചോളൂ എന്നും പറഞ്ഞ് ഓരോരുത്തരെ അന്വേഷിച്ച് അവരുടെ മാളങ്ങളിലേക്ക് കടന്നുചെല്ലുന്നവരാണിവർ .
കാലാകാലങ്ങളിൽ അവതരിക്കുന്ന കാപട്യക്കാർ സ്ത്രീകളാണെങ്കിൽ അഴിഞ്ഞു വീഴുന്ന വ്യഭിചാര കഥകളാണ് ശ്രോതാക്കളിലെത്തുന്നത്. പുരുഷൻമാർക്ക് സാമ്പത്തികമുഖം മാത്രവും. ഭരണത്തിലും മറ്റ് ഉയർന്ന തസ്തികകളിലും കലാവ്യവസായങ്ങളിലും അഭിരമിക്കുന്നവർക്കൊക്കെ പരവേശമുണ്ടാകുന്നു ഇവരൊക്കെ കാരണം. മാധ്യമങ്ങൾ പറയുന്ന കഥകളിങ്ങനെ കണ്ടും കേട്ടും അമ്പരക്കാനും നേരം കളയാനും സാധാരണക്കാരും .
നാളുകൾ കുറച്ചു ചെല്ലുമ്പോൾ കമ്മലിട്ടവർ പോയി കുണുക്കിട്ടവർ വരുന്നു. പഴയ കഥകൾ പുരാവസ്തുക്കളാകുന്നു.
ഇത്ര വിദഗ്ധമായി തട്ടിപ്പുകൾ തട്ടിക്കൂട്ടി മഹാരാജാക്കന്മാരായി നടക്കുന്ന (ഒരു നാൾ പിടിക്കപ്പെട്ടാലും) ഇവരുടെയൊക്കെ കൂർമ്മബുദ്ധി അപാരം തന്നെ. സമ്മതിക്കാതെ വയ്യ.
ആട് തേക്ക് മൂഞ്ചിയം തുടങ്ങി അത്യന്താധുനിക പുരാവസ്തു തട്ടിപ്പിന് വരെ ഇരയാക്കപ്പെട്ട എല്ലാ നല്ല മലയാളികളെയും സ്മരിച്ചു കൊണ്ട് അണിയറയിൽ നിന്ന് എഴുന്നള്ളത്തിനൊരുക്കമിടുന്ന പുതിയ കബളിപ്പിക്കൽ മാന്ത്രികൻമാരെയോർത്ത് അന്തരംഗം പ്രക്ഷുബ്ധമാക്കാം നമുക്ക് .