Image

കേരളത്തിൽ കോവിഡ് അകന്നു പോകുന്നു..! : ആൻസി സാജൻ

Published on 29 October, 2021
കേരളത്തിൽ കോവിഡ് അകന്നു പോകുന്നു..! : ആൻസി സാജൻ
2020 മാർച്ച് 24-ാം തീയതിയാണ് കേരളത്തിൽ കോവിഡ് സംബന്ധമായ ആദ്യ ലോക്ഡൗൺ ദിനം. അന്ന് ഏറെ ആശങ്കകളോടെയായിരുന്നു ഇ - മലയാളിയിൽ എഴുതിയത്. ഇറ്റലിയിൽ നിന്നെത്തിയ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ച സമയം. ലോക്ഡൗൺ തുടർന്നാൽ വീട്ടുസാധനങ്ങളൊക്കെ വാങ്ങാൻ കിട്ടുമോ? ക്ഷാമം വരുമോ ? പുറത്തിറങ്ങാതെ മുന്നോട്ടെങ്ങനെ ജീവിക്കും..? എന്നൊക്കെയുള്ള ഹതാശമായ ആശങ്കകൾ എഴുത്തിലും നിറഞ്ഞുനിന്നു. പുറത്തേക്കിറങ്ങിയാൽ കോവിഡ് പിടികൂടും എന്ന ഭയമായിരുന്നു എമ്പാടും. വിജനമായ നിരത്തുകളും അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങളും റോന്തുചുറ്റുന്ന പോലീസ് വാഹനങ്ങളുമൊക്കെ നമ്മുടെ ഭയം കൂട്ടി. എന്നാൽ പോകപ്പോകെ; ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് നാം പഠിച്ചു. അടച്ചിട്ട വീടുകൾക്കുള്ളിൽ അയൽക്കാരെപ്പോലും കാണാതെ , കൂട്ടായ്മകളിലൊന്നും പങ്കെടുക്കാതെ , ആരാധനാലയങ്ങളിൽ പോകാനാവാതെ, വിദ്യാർത്ഥികൾ വിദ്യാലയം കാണാതെ അങ്ങനെ സാമൂഹികമായ ഒറ്റപ്പെടലുകൾക്കിടയിൽപ്പെട്ടുഴന്ന് നാം രണ്ടു വർഷത്തോളം തള്ളിനീക്കി. ഇതിനിടയിൽ ഏറെയാളുകൾ കോവിഡ്  ബാധിതരായി. ഏറെപ്പേർ കാലത്തിനപ്പുറത്തേയ്ക്ക് കടന്നുപോയി. ജീവിതദുരിതങ്ങളും  ഭൂരിഭാഗം ജനങ്ങളെയും വിടാതെ പിന്തുടർന്നു.
പിന്നെപ്പിന്നെ വാക്സിനേഷൻ വന്നു. ആളുകൾ കൂടുതൽ ജാഗ്രതയുള്ളവരായി.ഇപ്പോൾ  കേരളത്തിൽ രോഗാണുവിന്റെ ശമനതാളങ്ങളാണുയരുന്നതെന്ന് തോന്നുന്നു. കൈവിട്ട ജീവിതത്തിരക്കുകൾ മടങ്ങിവന്ന് സാധാരണ രീതി കൈവരിക്കുന്ന പ്രതീതി. ഔദ്യോഗികമായ രോഗ, മരണ നിരക്കുകൾ പുറത്തു വരുന്നുണ്ടെങ്കിലും ഒരു ആശ്വാസക്കാറ്റ് നമ്മുടെയൊക്കെ ജീവിതത്തെ ചുറ്റി വീശുന്നു .
കഴിഞ്ഞ ദിവസം വീട്ടിന് ഇത്തിരി അകലെ നിന്ന് ഗാനമേളയിൽ നിന്നെന്ന പോലെ പാട്ടുകൾ കേട്ടു. മലയാളം തമിഴ് അടിപൊളി പാട്ടുകൾ ; കൂടെ ഹൃദയഹാരിയായ
ഭാവഗാനങ്ങളും .
കോവിഡ് കാലം തുടങ്ങിയതിനു ശേഷം ആദ്യമാണ് ഇത്തരമൊരു ഉച്ചഭാഷിണി വിരുന്ന്. ഒരു കൗതുകത്തിന്റെ പേരിൽ ശബ്ദ സ്രോതസ്സിനടുത്തുള്ള വീട്ടിലെ മിനിയോട് എന്താ കാര്യം എന്നു ചോദിച്ചു.  കല്യാണത്തിന്റെ തലേന്നുള്ള വിരുന്നുസൽക്കാരം  ഗാനമേളയുടെ അകമ്പടിയോടെ നടക്കുന്നുവെന്ന് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്. നിബന്ധനകളെപ്പറ്റിയൊന്നും അന്നേരം ഓർത്തില്ല. വൈകുന്നേരം 6 മണി മുതൽ 9 വരെ ആ പാട്ടുകൾക്ക് ഇടയ്ക്കിടെ ഞാനും കാതോർത്തു.
പരിപ്പ് - ഒളശ്ശ വഴി കോട്ടയത്തേക്കും തിരികെയും വാഹനങ്ങൾ തേരാപ്പാര സഞ്ചരിച്ചു കൊണ്ടിരിക്കുന്ന റോഡിനരികിലാണ് ഞങ്ങളുടെ വീട്. രാജൻ, ആൻ , അച്ച അങ്ങനെ വിവിധങ്ങളായ പേരുകളിൽ  അഞ്ചാറ് പ്രൈവറ്റ് ബസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന റൂട്ടാണ്. വിദ്യാർത്ഥികളും കോട്ടയത്ത് ജോലി ചെയ്യുന്നവരുമൊക്കെയായി സദാസമയവും തിരക്കുനിറഞ്ഞ് പൊക്കൊണ്ടിരുന്ന ഞങ്ങളുടെ ബസുകൾ ഒറ്റതിരിഞ്ഞ് മ്ളാനതയോടെ ആളില്ലാതെ കേറ്റം കേറിപ്പോകുന്നതു കണ്ട് ഖേദം പൂണ്ട് നോക്കി നിന്നിരുന്നു ഞാൻ. എന്നാലിപ്പോൾ ഉൽസാഹം വീണ്ടെടുത്ത് കൂടുതൽ യാത്രക്കാരുമായി ഉല്ലസിച്ച് പോകുന്ന ബസ്സുകൾ കണ്ട് സന്തോഷിക്കുന്നു. കോട്ടയം നഗരം പഴയ തിരക്കുകളിലേക്ക് നൂണ്ടു കഴിഞ്ഞു. കേരളത്തിലെ മറ്റ് സ്ഥലങ്ങളിലും ഇതൊക്കെത്തന്നെയാവും കാഴ്ചകൾ. സന്തോഷിക്കുക ഹൃദയങ്ങളെ.
കോവിഡ് പൂർണ്ണമായും വിട്ടു പോയിട്ടില്ല; എങ്കിലും അകറ്റി നിർത്തി ഒത്തുപോകാൻ നാം പഠിച്ചു കഴിഞ്ഞു എന്ന് തോന്നുന്നു.
വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ അവിടെ നിന്നൊക്കെയും ശുഭകരമായ വാർത്തകൾ വരുന്നു. ആദ്യം മുതൽ പ്രതിരോധത്തിന് കർക്കശ നിലപാടുകൾ എടുത്ത രാജ്യമാണ് കാനഡ . പൊതു സ്ഥലങ്ങളിലൊക്കെയും മാസ്ക് നിർബന്ധമാണവിടെ. കടകളിലും മറ്റും മുഖവരണമില്ലാത്തവരെ അകത്തേയ്ക്ക് വിടുന്നില്ല. ജർമ്മനിയിലും ഭയാശങ്കകൾ ഇല്ലെന്നും പുറത്തുകൂടി നടക്കുമ്പോൾ മാസ്ക് ഇല്ലെങ്കിലും കുഴപ്പമില്ല , പക്ഷേ എവിടെയെങ്കിലും അകത്തു കയറണമെങ്കിൽ വേണം എന്നും അവിടുന്നുള്ളവർ പറയുന്നു.
ഇംഗ്ളണ്ടിൽ സ്ഥിതി കുറച്ചു വ്യത്യസ്തമാണെന്നും കേൾക്കുന്നുണ്ട്. കോവിഡ് കേസുകൾ തുടരുന്നതായും പറയുന്നു. വാക്സിൻ സ്വീകരിക്കാൻ അവിടുത്തുകാരും അമേരിക്കക്കാരും മടിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഹസ്തദാനവും ആലിംഗനവും ശീലമാക്കിയ സമൂഹങ്ങൾക്കിടയിലും ജാഗ്രത നഷ്ടപ്പെടുന്നുണ്ടത്രെ.
കേരളത്തിൽ എല്ലാവരും മാസ്ക് ധരിക്കുന്നുണ്ട്. കൊച്ചുകുഞ്ഞുങ്ങൾ പോലും.
മാസ്ക് താടിയിൽ ചേർത്തുവയ്ക്കുകയെങ്കിലും ചെയ്യും എന്നതുറപ്പാണ് എന്ന് തമാശ പറഞ്ഞാലും ചേട്ടാ, ചേച്ചീ , മാസ്ക് മൂക്കിനു മുകളിലേക്ക് ഉയർത്തി വെക്ക് എന്നു പറഞ്ഞാൽ അപ്രകാരം ചെയ്യാൻ തയ്യാറുമാണ് നമ്മൾ. ഈ അത്യന്ത ജാഗ്രത നമ്മെ രക്ഷിച്ചു കൊണ്ടുപോകും. പിന്നെ മിക്കവാറും പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. രോഗം നിലനിൽക്കുന്നുണ്ടെങ്കിൽ പോലും ഗുരുതരമാകാതെ കാക്കാൻ ഈ ജാഗ്രത നമ്മെ സഹായിക്കും.
പോലീസ് ശൂരൻമാരായാലേ നിയമം നടപ്പിൽ വരുത്താൻ പറ്റൂ എന്നും പറച്ചിലുണ്ട്. ഏറെക്കുറെ അത് ശരിയുമാകാം. നിർബന്ധിച്ചും ഉദ്ബോധിപ്പിച്ചും പിഴയടപ്പിച്ചുമൊക്കെ നിയമപാലകർ നമ്മുടെ മൂക്കും വായും മൂടിവെക്കാൻ പഠിപ്പിച്ചു. മാധ്യമങ്ങളുടെ അമിതമായ ആശങ്കാ പ്രസംഗങ്ങളിലും തൽസമയ പ്രകടനങ്ങളിലുംകൂടി ഈ മുഖംമൂടിനയം വന്നെങ്കിൽ , അവരും സത്യവും ജാഗ്രതയും ഉണർത്തിയിരുന്നെങ്കിൽ എന്നും ആശിച്ചു പോവുകയാണ്.
ആശങ്കകൾ വേഗത്തിൽ അകന്നു പോകട്ടെ..
ആനന്ദവും കൊണ്ട്പറന്നകന്ന കിളികുലമൊന്നായി തിരികെ വരട്ടെ..
നമ്മുടെ സ്നേഹവും പാരസ്പര്യ ഭംഗികളും തുടർന്നു പോകട്ടെ; എക്കാലവും.
കേരളത്തിൽ കോവിഡ് അകന്നു പോകുന്നു..! : ആൻസി സാജൻ
Join WhatsApp News
Renu Sreevatsan 2021-11-17 05:11:02
ഓരോ ഘട്ടങ്ങളും കൃത്യമായി അടയാളപ്പെടുത്തിയ വരികൾ. Superb article. Athe.. കിളികുലം ഒന്നായി തിരികെ പോരട്ടെ👍👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക