Image

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 26 November, 2021
വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
മലയാള ചലച്ചിത്ര ഗാന രംഗത്ത് സൂപ്പര്‍ ഹിറ്റുകളുടെ പെരുമഴ തീര്‍ത്ത അനശ്വ ഗാനങ്ങളുടെ തമ്പുരാന്‍ ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
*********************************
മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മുഖ്യമന്ത്രി മോഫിയയുടെ കുടുംബാംഗങ്ങളുമായി ഇന്ന് സംസാരിച്ചിരുന്നു ഇതിന് പിന്നാലെയാണ് സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. 
**********************************
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കുടുംബവാഴ്ചയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റില്‍ വച്ചു നടന്ന ഭരണഘടനാദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് പ്രധാനമന്ത്രി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുടുംബാധിപത്യത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. 
*************************************
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ജല വിഭവ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകള്‍ പഴയപടിയാക്കുന്നില്ല. റോഡുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം മുഹമ്മദ് റിയാസിന്റെ വിമര്‍ശനത്തെ ഗൗരവമായി തന്നെ കാണുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
************************************
മഹാരാഷ്ട്ര മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെതിരെ ഗുരുതര ആരോപണം. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ അജ്മല്‍ കസബിന്റെ മൊബൈല്‍ ഫോണ്‍ പരംബീര്‍ സിംഗ് നശിപ്പിച്ചു എന്നാരോപിച്ച് റിട്ട.അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ശംഷേര്‍ സിംഗ് പഠാന്‍ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണ കേസില്‍ സൈന്യം പിടികൂടിയ പാക് ഭീകരന്‍ അജ്മല്‍ കസബിന്റെ മൊബൈല്‍ ഫോണ്‍ പരംബീര്‍ സിംഗ് നശിപ്പിച്ചുവെന്നാണ് ആരോപണം. 2008 ല്‍ നടന്ന ഭീകരാക്രമണത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ അടങ്ങിയിട്ടുണ്ടാകാമെന്നും ശംഷേര്‍ പഠാന്‍ പറഞ്ഞു.
***************************
കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. കുറ്റവാളികള്‍അനുപമ ഐ.എ.എസ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് സി.ഡബ്ല്യൂ.സിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാവാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു ശിക്ഷിക്കപ്പെടുന്നതുവരെ സമരം തുടരുമെന്ന് അനുപമ വ്യക്തമാക്കി.
************************************
സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴാം തീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു യുവതി. ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
************************************
അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം മാത്രം പ്രായമായ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താമത്തെ മരണവും.
************************************
മരം മുറി വിഷയത്തില്‍ പുതിയ അപേക്ഷയുമായി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. മരം മുറിക്ക് നല്‍കിയ അനുമതി പുനസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. മരം മുറി അനുമതി റദ്ദാക്കിയത് കോടതി അലക്ഷ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക