HOTCAKEUSA

മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം പരിക്കേല്പിച്ചു

Published on 28 November, 2021
മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം പരിക്കേല്പിച്ചു
നെട്ടൂര്‍: കല്യാണത്തിനുപോയ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം പരിക്കേല്പിച്ചു.ഗുരുതര പരിക്കേറ്റ പിതാവ് നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെ (42) തൃപ്പൂണിത്തുറ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു.ശനിയാഴ്ച രാത്രിയില്‍ നെട്ടൂരിലെ ഹാളിലായിരുന്നു സംഭവം. 

കല്യാണ പാര്‍ട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുന്നതിനിടെ മകളോട് മോശമായി പെരുമാറുന്നതുകണ്ട് ചോദ്യം ചെയ്തതായിരുന്നു റഫീക്. സംഘം റഫീഖിനെ വളഞ്ഞിട്ടു മര്‍ദ്ദിച്ച്‌ അവശനാക്കിയതിനു ശേഷം ജിന്‍ഷാദ് കത്തിയെടുത്തു കുത്തുകയായിരുന്നു.

തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറ് കുത്തേറ്റു. 50ഓളം പേര്‍ ഈ സമയം ഹാളില്‍ ഉണ്ടായിരുന്നെങ്കിലും ആരും തടയാന്‍ എത്തിയില്ല . യുവാക്കള്‍ ലഹരി സംഘത്തില്‍ പെട്ടവരാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തില്‍ പനങ്ങാട് പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക