പ്രിയദർശനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് കേരളത്തിലെ മുസ്ലിം ഭാഷ മറ്റെന്തോ ആണെന്ന്!
സിനിമയിൽ മാത്രമെന്തിനാണ് ഇങ്ങനെ മുസ്ലിങ്ങളെ മസിലും പിടിപ്പിച്ചു സംസാരിപ്പിക്കുന്നത്?
പല സിനിമകളിലും പല കാലത്തും മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഒരു സീക്വൻസ് കണ്ടാൽ മറ്റു രാജ്യങ്ങളിലെ സിനിമാക്കാരും മനുഷ്യരും കരുതുക ഇവിടെ കേരളത്തിലെ മുഴുവൻ മുസ്ലിങ്ങളും വേറേതോ ഗ്രഹജീവികൾ ആണെന്നാണ്! അധോലോകവും പള്ളിനേർച്ചയും ആനയും ഉറൂസും മഹല്ല്ഭരണവും ആണുങ്ങൾ മൂന്നും നാലും കല്യാണം കഴിക്കലും പെൺകുട്ടികളെ പ്രായപൂർത്തി ആകാതെ കെട്ടിച്ചുകൊടുക്കലും പഠിപ്പിക്കാൻ വിടാതെ വീട്ടിൽ അടുക്കളപ്പണിക്ക് നിർത്തലും ആണെന്നാണ്!!
ആരെങ്കിലും അതിനെതിരെ വന്നാൽ വീട്ടിലെ കാർന്നോർ അവരെ അടിച്ചു വെളിയിൽ തള്ളുമെന്നാണ്!!
മോഹൻലാലിൻറെ കിളിച്ചുണ്ടൻ മാമ്പഴം ഇത്തരം ഒരു ഫ്രെയിമിൽ നിൽക്കുന്ന കഥാപാത്രമാണ്.
സായ്കുമാറിന്റെ ഹാജി കഥാപാത്രങ്ങൾ, എൻ എഫ് വർഗീസിന്റെ ചില മുസ്ലിം കഥാപാത്രങ്ങൾ, ശ്രീനിവാസന്റെയും മമ്മുക്കോയയുടെയും സിദ്ധിക്കിന്റെയും റോളുകൾ,സലിം കുമാർ അവതരിപ്പിച്ച ഇത്തരം ഭാഷകൾ എന്നിവ ഉദാഹരണം മാത്രം. ഇവയിൽ ജീവിതത്തോട് അടുത്തുനിൽക്കുന്ന കഥാപാത്രങ്ങൾ ഇല്ല.
മുസ്ലിങ്ങൾ എന്നാൽ കാർക്കശ്യമുള്ള കാരണവരോ അന്ധവിശ്വാസത്തെ വളർത്തുന്ന കുടുംബനാഥനോ രണ്ടുപേരെ വിവാഹം കഴിക്കുന്ന നായകനോ ആവണമെന്ന് എവിടെയാണുള്ളത്?
വളരെ തെറ്റായ ഒരു ധാരണയാണത്.
കലാകാലങ്ങളായി ഇവിടുത്തെ സിനിമാക്കാർ മാത്രം കൊടുത്തിട്ടുള്ള ഇമേജ് ആണത്. വട്ടത്തൊപ്പിയും നീണ്ട താടിയും വെച്ചു കുടവയറും ഉഴിഞ്ഞു ചാരുകസേരയിൽ ഇരിക്കുന്ന ഹാജിമാർ സ്ക്രീനിൽ മാത്രമേ ഉള്ളു.
വളരെയധികം വിദ്യാഭ്യാസമുള്ള ഉന്നതതസ്തികകളിൽ ജോലി ചെയ്യുന്ന വളരെ നല്ല ഭാഷ സംസാരിക്കുന്ന ഗംഭീരമായ സംസ്‍കാരമുള്ള മാസ്മരികമായ കുടുംബബന്ധങ്ങൾ ഉള്ള ജനവിഭാഗത്തെ ഇങ്ങനെ താറടിച്ചു കാണിക്കുന്ന പ്രവണത സിനിമാക്കാർ മേലാൽ ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു.
കാരണം അതല്ല കേരളത്തിലെ യഥാർത്ഥ മുസ്ലിങ്ങൾ.
ഒരു സിനിമയെന്നാൽ കാലങ്ങൾക്കപ്പുറം സഞ്ചരിക്കുന്ന മീഡിയയാണ്.
തെറ്റിദ്ധാരണകൾ ആവർത്തിക്കപ്പെടുന്ന ഇത്തരം 'പുകിലുകൾ കുത്തിനിറ'യ്ക്കാതെ തന്നെ എത്ര ഭംഗിയായി സിനിമയെടുക്കാം.
ഭാഷയിലും സംസ്‍കാരത്തിലും ജീവിതരീതിയിലും വളരെ മികവ് പുലർത്തുന്ന ജനതയെ പിന്നോട്ട് നടത്തിക്കുന്നത് എന്തിനാണ്? ഭാഷയും സംസ്ക്കാരവും പഠിച്ചതിനു ശേഷം സിനിമയിലേക്ക് അവ പകർത്തിയാൽ അത് നല്ലൊരു റഫറൻസായി ചരിത്രത്തിൽ എഴുതപ്പെടും.
അല്ലെങ്കിൽ മലയാളസിനിമ ലോകസിനിമരംഗത്തു അപഹാസ്യമായിപോകുകയും ചെയ്യും.