Image

പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Published on 05 December, 2021
പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച്‌ ശ്രീലങ്കക്കാരനെ ജീവനോടെ കത്തിച്ച 800 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍മതനിന്ദ ആരോപിച്ച്‌  ശ്രീലങ്കക്കാരനെ കൊലപ്പെടുത്തിയതിന് 800 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്.

യുവാവിന്റെ മരണത്തില്‍ ശ്രീലങ്കയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് അക്രമാസക്തരായ ജനക്കൂട്ടത്തിന് നേരെ കേസെടുത്തത്. ശ്രീലങ്കന്‍ സ്വദേശിയായ പ്രിയന്ത കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഫര്‍ഹാന്‍ ഇദ്രീസിനെയും 120 ആളുകളെയും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

 ദിവസങ്ങള്‍ക്ക് മുമ്ബ് സിയാല്‍കോട്ടില്‍ ശ്രീലങ്കക്കാരനായ ഫാക്ടറി മാനേജരെ ജനക്കൂട്ടം മര്‍ദ്ദിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത് മതനിന്ദ ആരോപിച്ചാണ്. 'പാകിസ്ഥാന് നാണക്കേടിന്റെ ദിനം' എന്നാണ് ഇമ്രാന്‍ ഖാന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. 

മാനേജര്‍ മതപരമായ പോസ്റ്റര്‍ വലിച്ചുകീറി ചവറ്റുകുട്ടയില്‍ എറിഞ്ഞുവെന്ന് കിംവദന്തി പരന്നതിനെ തുടര്‍ന്നാണ് ഇരച്ചെത്തിയ ജനക്കൂട്ടം അക്രമം അഴിച്ചു വിട്ടത്. ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ തെഹ്രീകെ ലബ്ബയ്ക് പാക്കിസ്ഥാന്റെ (ടിഎല്‍പി) പോസ്റ്ററാണ് ഇയാള്‍ വലിച്ചു കീറിയത്. എന്നാല്‍ കര്‍ക്കശക്കാരനായ മാനേജര്‍ക്കെതിരെ ഫാക്ടറിയിലെ തൊഴിലാളികള്‍ മനപൂര്‍വം അപഖ്യാതി പരത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ ശ്രീലങ്കക്കാരനെ മര്‍ദ്ദിക്കുകയും കത്തിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക