Image

രാത്രി പോസ്റ്റ്മോര്‍ട്ടം: സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published on 08 December, 2021
രാത്രി പോസ്റ്റ്മോര്‍ട്ടം: സൗകര്യങ്ങള്‍ അപര്യാപ്തമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: രാത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളിലും അപര്യാപ്തമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

രാത്രികാല പോസ്റ്റ്മോര്‍ട്ടം നടപ്പാക്കാനായി നടപടികള്‍ വേഗത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യ, കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി വിജയകുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. അടിസ്ഥാന സൗകര്യമില്ലാത്തതിനാലാണു നടപ്പാക്കാത്തത് എന്നാണു സര്‍ക്കാര്‍ വിശദീകരണം. ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാത്രികാല പോസ്റ്റ് മോര്‍ട്ടം നടത്താന്‍ 2015 ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കേരള മെഡിക്കല്‍ ലീഗോ സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം. 

സൂര്യാസ്തമയത്തിനു ശേഷം ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനായി കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ മാസം 15ന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മതിയായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും തെളിവ് മൂല്യത്തെ ബാധിക്കില്ലെന്ന് ആശുപത്രി ഇന്‍ചാര്‍ജ് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക