Image

നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

ജോബിന്‍സ് Published on 17 January, 2022
നടിയെ ആക്രമിച്ച കേസ് : പുനര്‍ വിസ്താരത്തിന് അനുമതിയില്ല

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജികളില്‍ നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി.  കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയില്ല എന്നാല്‍ ഫോണ്‍ രേഖകള്‍ വിളിച്ചു വരുത്താന്‍  അനുമതി നല്‍കി 10 ദിവസത്തിനകം പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും കോടതി  നിര്‍ദ്ദേശം നല്‍കി. പുതിയ അഞ്ച് സാക്ഷികളെക്കൂടി വിസ്തരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ഇത് പ്രോസിക്യൂഷന് മുതല്‍ക്കൂട്ടായി

വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് രണ്ട് ഹര്‍ജികളാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനി 2018ല്‍ ജയിലില്‍വച്ച് എഴുതിയ കത്തിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സുനി സമ്മതിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന വി ഐ പിയെ കണ്ടെത്താനായി ശബ്ദ സാമ്പിളുകള്‍ പരിശോധിക്കും. ഈ മാസം 20നകം തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക