HOTCAKEUSA

ഷിൻഡെയുടെ സന്ദേശം വ്യക്തം: ബി ജെ പി വരുന്നു 

പി പി മാത്യു Published on 23 June, 2022
ഷിൻഡെയുടെ സന്ദേശം വ്യക്തം: ബി ജെ പി വരുന്നു  

ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞതോടെ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയുടെ ആദ്യ അധ്യായം  അടച്ചു. ബുധനാഴ്ച രാത്രി 'വർഷ' യിൽ നിന്ന് ബാന്ദ്രയിലെ കുടുംബ വീടായ 'മാതോശ്രീ' യിലേക്ക് 'കെട്ടും കെടയുമെടുത്താണ്' മുഖ്യമന്ത്രി പോയത്. പകരക്കാരൻ വന്നില്ലെങ്കിലും ഉദ്ധവ് താക്കറെ അധികാരമൊഴിഞ്ഞു എന്നാണ് സന്ദേശവും. 

എന്നാൽ രാജി വയ്ക്കരുതെന്നു മഹാ വികാസ് അഗാദി സഖ്യത്തിന്റെ ശിൽപി കൂടിയായ എൻ സി പി നേതാവ് ശരദ് പവാർ താക്കറെയോട് അപേക്ഷിച്ചു. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതെങ്ങിനെ കഴിയും എന്നാലോചിച്ചാൽ കുഴയും. എത്ര കൂട്ടിയും കുറച്ചും നോക്കിയാലും എത്തുന്നില്ല  താക്കറെ യുടെ പിൻതുണ. ഏറ്റവും ഒടുവിൽ കേൾക്കുന്നത് അദ്ദേഹത്തോടൊപ്പം അഞ്ചോ ആറോ ശിവ് സേന എം എൽ എ മാർ മാത്രമേയുള്ളൂ എന്നാണ്. ബാക്കിയുള്ളവർ എല്ലാം ഗുവാഹത്തിയിലെ റാഡിസണ് ബ്ലൂവിൽ സുഖവാസത്തിലാണ് -- വിമത നേതാവ് ഏക്‌നാഥ് ഷിന്ഡെയോടൊപ്പം. 

ഷിൻഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം തീർക്കാൻ പവാറും കോൺഗ്രസുകാരും കൂടി നടത്തിയ നീക്കത്തിനും വിമത നേതാവ് നിന്നു  കൊടുത്തില്ല എന്നതിന്റെ സൂചന വ്യക്തമാണ്. വേണ്ടത്ര വ്യക്തമായില്ലെങ്കിൽ അദ്ദേഹത്തിന്റെ ആണയിടൽ കേട്ടാൽ മതി. ഹിന്ദുത്വ വിട്ടു കളിക്കരുതെന്നാണ് സേനാ സ്‌ഥാപകൻ ബാലസാഹബ്‌ താക്കറെ പഠിപ്പിച്ചിട്ടുള്ളതെന്നു സ്ഥാപകന്റെ മകനെ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടി അതിൽ നിന്നു അകന്നു പോയി എന്നും ഷിൻഡെ ആരോപിക്കുന്നു. കോൺഗ്രസും എൻ സി പി യും ആണ് അതിനു കാരണക്കാരെന്നും. അപ്പോൾ പിന്നെ പോക്ക് ബിജെ പി യിലേക്കല്ലാതെ എങ്ങോട്ടാണ്. 

ചോദ്യം, ശിവ് സേനയെ പിന്തുണച്ചു മന്ത്രിസഭയുണ്ടാക്കാൻ ഷിൻഡെയെ ബി ജെ പി സഹായിക്കുമോ അതോ ദേവേന്ദ്ര ഫഡ്നാവിസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ബി ജെ പി യെ ശിവ് സേന സഹായിക്കുമോ എന്നതാണ്. രണ്ടായാലും ഒന്ന് തന്നെ: 2019 ൽ ബി ജെ പി യെ ഒതുക്കി കോൺഗ്രസും എൻ സി പിയും ചേർന്നു മന്ത്രിസഭയുണ്ടാക്കിയ താക്കറേയ്ക്കു ഇനി അവസരമില്ല. 

ഒരർഥത്തിൽ, അന്നു കാലു വാരി എന്ന് ബി ജെ പി ആരോപിക്കുന്ന താക്കറെയോട് അവർ ഇപ്പോൾ പകപോക്കി. 2019 ലെ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച ബി ജെ പി യും ശിവ് സേനയും മുഖ്യമന്ത്രി പദം പങ്കു വയ്ക്കുന്നതിനെ കുറിച്ചുള്ള തർക്കത്തിലാണ് വഴി പിരിഞ്ഞത്. ഇന്ത്യയുടെ ശക്തമായ സംസ്ഥാനം കൈവിട്ടു പോകുന്നത് അന്നു ബിജെ പി ക്കു നോക്കി നിൽക്കേണ്ടി വന്നു. പോരാത്തതിന് കോൺഗ്രസും എൻ സി പിയും അതിൽ പങ്കാളികളും. 

ബി ജെ പി ആഹ്ളാദിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഏറെ കഠിനമായ പോരാട്ടങ്ങൾക്കു ശേഷമാണു ഈ അട്ടിമറി സാധ്യമായത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം സ്വന്തമാക്കിയില്ലെങ്കിൽ അന്തസ് പോലും നഷ്ടമാവും എന്നത് ബി ജെ പി നിത്യേന ഓർത്തു കൊണ്ടിരുന്നതാവണം. അത് ഇത്രയും വൈകിയതിൽ ആണ് അത്ഭുതം തോന്നുന്നത്. 

ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോൾ സേനയാണ് അതു ചെയ്തതെന്നു അവകാശപ്പെട്ട ബാലസാഹബിന്റെ പാർട്ടിക്ക് ഹിന്ദുത്വയോട് അയിത്തമൊന്നുമില്ല. 1993 മുതൽ 1998 വരെ കൂട്ടുകക്ഷി ഭരണത്തിൽ അവർ ബി ജെ പിയുടെ പങ്കാളിയുമായിരുന്നു. 

ഷിൻഡെയ്ക്കു പാർട്ടിയിൽ ഇത്ര മാത്രം പിടി മുറുക്കാൻ കഴിഞ്ഞതിൽ താക്കറേയുടെ നേതൃത്വ പരാജയം കാണേണ്ടതുണ്ട്. ദൈവത്തെപ്പോലെ ഇന്നും സേന പ്രവർത്തകർ കാണുന്ന  സ്ഥാപകന്റെ പുത്രനെ അട്ടിമറിച്ചു പാർട്ടിയെ പിടിയിലൊതുക്കാൻ കഴിഞ്ഞെങ്കിൽ അതിന്റെ സന്ദേശം വ്യക്തമല്ലേ. 

കോൺഗ്രസും എൻ സി പിയും മുസ്ലിങ്ങളോടും മറ്റു ന്യൂനപക്ഷങ്ങളോടും നല്ല ബന്ധം പുലർത്തുന്ന പാർട്ടികളാണ് എന്നതിനാൽ ഹിന്ദുത്വ ഊന്നിപ്പറയുന്ന നേതാവിന് അവരെ കൈകൊണ്ട് തൊടാൻ മനസുണ്ടാവില്ല. ഷാരൂഖ് ഖാന്റെ പുത്രനെതിരായ കേസ് പൊളിഞ്ഞതിലും മന്ത്രി നവാബ് മാലിക്കിനെ തളയ്ക്കാൻ കഴിയാത്തതിലും മാത്രമല്ല ഷിൻഡെയ്ക്കും കൂട്ടർക്കും രോഷം. കട്ടിയേറിയ ഹിന്ദുത്വ അജണ്ട നടപ്പാക്കുമ്പോൾ അതെന്താണെന്നു കാണാൻ കഴിയും. 


  
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക