MediaAppUSA

മലയൻ കുഞ്ഞ് വേരുകളെ പ്രശ്നവൽക്കരിക്കുന്നു : പ്രകാശൻ കരിവെള്ളൂർ

Published on 12 August, 2022
മലയൻ കുഞ്ഞ് വേരുകളെ പ്രശ്നവൽക്കരിക്കുന്നു :  പ്രകാശൻ കരിവെള്ളൂർ

അനുജത്തി കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയി മറ്റൊരാളെ കല്യാണം കഴിച്ചതിന്റെ മനോവിഷമത്തിൽ അച്ഛൻ ആത്മഹത്യ ചെയ്ത അനിൽ എന്ന ഇലക്ട്രോണിക് ഉപകരണ റിപ്പയറുകാരൻ മാനസികമായി കാട്ടുന്ന ചില വിലക്ഷണതകളിലാണ് മലയൻ കുഞ്ഞ് ആരംഭിക്കുന്നത്. ബാഹ്യലോകത്തു നിന്നുള്ള ഏത് ഇടപെടലും അയാൾക്ക് ശല്യമായി തോന്നുകയാണ്. അടഞ്ഞ ജനലിന്റെ പാതി തുറന്ന പാളിയിലൂടെയാണ് അമ്മ ചിലപ്പോൾ അയാൾക്ക് ചായ പോലും കൊടുക്കുക. പകൽ ബാഹ്യശബ്ദങ്ങൾ കൂടുതലായതിനാൽ രാത്രി ഉറക്കൊഴിച്ചിരുന്നാണ് പണി . പാതിരാത്രി 2 മണിക്കൊക്കെയാണ് കുളി. പുറത്ത് നിന്ന് കേൾക്കുന്ന ഏത് ചെറിയ ശബ്ദത്തിനും നേരെ അയാൾ ജനലിലൂടെ ശക്തിയേറിയ ടോർച്ച് വെളിച്ചമടിക്കും. അയലത്ത് ഇന്നലെ പ്രസവിച്ച കുഞ്ഞിന്റെ കരച്ചിൽ പോലും അയാൾക്ക് അസഹനീയമാണ്. ടേപ്പ് റെക്കോർഡറിൽ ഉറക്കെ അയ്യപ്പ ഭക്തി ഗാനം വച്ചാണ് അയാൾ അതിനെ പ്രതിരോധിക്കുന്നത്. 

കുഞ്ഞിന്റെ കരച്ചിലിനെതിരെയുള്ള അനിലിന്റെ അസഹിഷ്ണുതയിൽ പ്രതികരിച്ച അയൽക്കാരനെ (കുഞ്ഞിന്റെ അച്ഛൻ ) പുലയാ എന്ന് വിളിച്ച് തട്ടിക്കയറുന്നിടത്താണ് അനിലിന്റെ ക്ളോസ്ട്രോ ഫോബിയ കേവലം വൈയക്തികമാനസിക പ്രശ്നമല്ല എന്ന് നമുക്ക് തോന്നിത്തുടങ്ങുന്നത്. ആ കുട്ടിയുടെ പേരിടൽ ചടങ്ങിന് അയാളും പോകുന്നുണ്ടെങ്കിലും അമ്മ ആ കുഞ്ഞിന് ഒരു തരി പൊന്ന് കൊടുത്തതിനെതിരെ അയാൾ തട്ടിക്കയറുന്നുണ്ട്. പെങ്ങൾ പുലയനെ കല്യാണം കഴിച്ചതിൽ ജാത്യാഭിമാനത്തിന് മുറിവേറ്റ മലയന്റെ മനോനില മെല്ലെ വെളിവാക്കപ്പെടുകയാണ്. 

മഴയത്ത് വെള്ളം കയറും അത് കൊണ്ട് അവിടം വിട്ട് പോകാം എന്ന് അയൽക്കാർ വന്ന് പറഞ്ഞിട്ടും അയാളിൽ മലമേൽ താമസിക്കുന്നതിന്റെ ഊറ്റമായിരുന്നു. എന്നാൽ സിനിമയുടെ ഇടവേളയാകുമ്പോൾ ഇരമ്പിയെത്തിയ പ്രളയം അനിലിന്റെ ഭദ്രമെന്ന് തോന്നിച്ച ഉയരത്തെയും വലിച്ച് താഴ്ത്തി മണ്ണടിയിൽ എത്രയോ ആഴത്തിലുള്ള ഒരു അടിക്കുഴിയിൽ കൊണ്ടിടുകയാണ്. ശേഷിക്കുന്ന 45 മിനുട്ടിൽ അരമണിക്കൂറിലേറെ നേരം കുഴിയിലെ ജടിലവേരുകൾക്കിടയിൽ കുരുങ്ങി ഞരങ്ങിപ്പിടയുന്ന അനിലാണ് സിനിമ . ക്യാമറയുടെ ഭാഷയിൽ രചന നിർവഹിച്ച മഹേഷ് നാരായണന്റെ ആവിഷ്കാര തീക്ഷ്ണത സൂക്ഷ്മമായി അനുഭവപ്പെടുത്തുന്ന ഭാഗമാണിത്. സൂക്ഷ്മാഭിനയത്തിന്റെ കൂടെ സാഹസികതയും ചേർന്ന അതിഗംഭീര പ്രകടനമാണ് ഈ ഭാഗത്ത് ഫഹദ് കാഴ്ച്ച വെക്കുന്നത് . കുരുങ്ങിയ വേരുകളിൽ ബലമുള്ള ഒന്ന് അനിലിന്റെ വയറ്റത്ത് തറച്ച് കയറുന്നുണ്ട്. വംശാഭിമാനം എന്ന മൗലികവാദത്തെ ശക്തമായ ഒരു ദൃശ്യബിംബമാക്കാൻ മലയൻ കുഞ്ഞിലെ വേരു പടലത്തിന് അത് ഗംഭീരമായി സാധിച്ചിരിക്കുന്നു മലയിൽ താമസിക്കുന്ന അരചരായ തങ്ങൾ ബ്രാഹ്മണരാണെന്നും അങ്ങ് താഴെ പുലത്തിൽ (കൃഷിനിലത്തിൽ ) പണിയെടുക്കുന്ന പുലയൻ കീഴാളനാണെന്നുമുള്ള മലയന്റെ സവർണ ബോധം നമ്മൾ ഇതിന് മുമ്പ് കാര്യമായി ചർച്ച ചെയ്തിട്ടില്ല. അതിലേക്കാണ് മലയൻ കുഞ്ഞ് വഴി തുറക്കുന്നത്. പ്രകൃതി കെടുതികൾ മനുഷ്യരുടെ  എല്ലാ ഭേദ ചിന്തകളെയും കടപുഴക്കിയെറിയുന്ന ആഹ്ളാദകരമായ കാഴ്ച്ച വെള്ളപ്പൊക്ക കാലത്ത് കേരളം കണ്ടതാണല്ലോ. അപ്പോഴും മണ്ണടിയിൽ വേരുകൾ മനുഷ്യരെ കുരുക്കാൻ പാകത്തിൽ  ശക്തമാണ്. ആ അടിക്കുഴിയിൽ നിന്ന് കരേറാൻ അനിലിനെ സഹായിക്കുന്നത് മുകളിൽ നിന്നെവിടെ നിന്നോ കേൾക്കുന്ന ഒരു കുഞ്ഞിന്റെ കരച്ചിലാണ്. മാരണമെന്ന് എന്നും അയാൾ ജനലും ചെവിയും കൊട്ടിയടക്കാറുള്ള , അയലത്തെ പുലയന്റെ മകൾ പൊന്നിയുടെ കരച്ചിൽ ! അതിപ്പോൾ അനിലിന് ജീവിതത്തിലേക്ക് പിടിച്ച് കയറാനുള്ള കച്ചിത്തുരുമ്പായിത്തീർന്നിരിക്കുന്നു . പൊന്നീ പൊന്നീ എന്ന് വികാര വായ്പ്പോടെ ഇമ്പമോടെ വിളിച്ച് അയാൾ ആ കുഞ്ഞിന്റെ അരികിലെത്തുന്നു. അതിനെ മാറോടണക്കുന്നു. ഭൂകമ്പത്തിൽ സർവ്വം തകർന്ന ലത്തൂരിനെ പശ്ചാത്തലമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ ഘടികാരങ്ങൾ നിലയ്ക്കുന്ന സമയമാണ് ഈ സന്ദർഭത്തിൽ ഓർമ്മ വന്നത്. തകർന്നടിഞ്ഞതിൽ നിന്ന് ഒരു കള്ളന് നിലയ്ക്കാത്ത ഒരു ടൈം പീസും ഒരു കുഞ്ഞിനെയും കിട്ടുന്നു. ആരോരുമില്ലാത്ത അയാൾക്ക് ആ തകർച്ചയുടെ നടുവിൽ ഒരു പ്രതീക്ഷയുണരുകയാണ്. എന്നാൽ അതിശക്തമായ മറ്റൊരു കുലുക്കത്തിൽ അയാളും കുഞ്ഞും ഒരു വലിയ ഗർത്തത്തിലേക്ക് താഴ്ന്നു പോകുന്ന ദുരന്തപര്യവസാനമാണ് കഥയ്ക്ക് . മലയൻകുഞ്ഞിന് അനുഭവങ്ങളിൽ നിന്ന് നേടിയ തിരിച്ചറിവിന്റെ പിൻബലത്തിൽ വേരുകളെ അതിജീവിക്കുന്ന പ്രത്യാശാഭരിതമായ സാമൂഹ്യ ദർശനത്തിലേക്ക് വളരേണ്ടതു കൊണ്ട് ദുരന്താവസാനം ഉചിതമാവില്ല. ആ വഴിക്ക് ചിന്തിക്കാത്തത് നന്നായി.

വേരും നേരും ഉപേക്ഷിക്കില്ല എന്ന മുരുകൻ കാട്ടാക്കടയുടെ ബാഗ്ദാദിലെ തൊരപ്പൻ ( അന്ന് തൊരപ്പനായിരുന്നില്ല ആ ആശയം ) ദർശനമല്ല സജിമോൻ സാമൂഹ്യ പ്രതിബദ്ധമായി സംവിധാനം ചെയ്ത  
മലയൻ കുഞ്ഞ് മുന്നോട്ട് വെക്കുന്നത് - ഈയിടെ രത്തീന മമ്മൂട്ടിയെ നായകവില്ലനാക്കി ചെയ്ത പുഴുവിലും പെങ്ങൾ പുലയനെ കല്യാണം കഴിച്ചതിൽ അസഹിഷ്ണുവായ ബ്രാഹ്മണന്റെ മനോരോഗം നമ്മൾ കണ്ടതാണ് . അവിടെ ഹിന്ദുക്കളുടെ സവർണാവർണ പ്രശ്നം പറഞ്ഞ് ഒടുവിൽ എത്തിച്ചേർന്നത് ഭൂരിപക്ഷ ഹിന്ദു ന്യൂനപക്ഷ ഇസ്ളാമിനെ അടിച്ചമർത്തുന്നതിനെതിരെ നടത്തുന്ന പ്രതിരോധമാണ് ഇസ്ളാമികതീവ്രവാദം എന്ന ന്യായമാണ്. മലയൻകുഞ്ഞ് അതിന്റെ ഉദ്ദേശ്യശുദ്ധി കൊണ്ട് ഹിഡൻ അജണ്ടകളൊന്നുമില്ലാതെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു - " വേരുകളാൽ ഊറ്റം കൊണ്ട് അപരരെ വേട്ടയാടുന്നവരേ, നിങ്ങൾ നിങ്ങളുടെ വേരുകൾക്ക് തന്നെ ഇരയായിത്തീരും "

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക