Image

ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു

Published on 22 September, 2022
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു

ഓസ്‌ട്രേലിയ: ടാസ്മാനിയയുടെ പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് 200 ഓളം പൈലറ്റ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു. കടല്‍ത്തീരത്ത് കുടുങ്ങിയ 235 തിമിംഗലങ്ങളില്‍ 35 എണ്ണത്തിനു മാത്രമാണ് നിലവില്‍ ജീവനുള്ളതെന്ന് ഇവയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രാജ്യത്തെ വന്യജീവി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പറഞ്ഞു.

തണുത്തുറഞ്ഞ കടല്‍, കരയുമായി സന്ധിക്കുന്നിടത്താണ് തിമിംഗലങ്ങള്‍ അടിഞ്ഞിരിക്കുന്നത്. ഇവയില്‍ ജീവനുള്ളവയെ സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ തുണികള്‍ പുതപ്പിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, പടിഞ്ഞാറന്‍ തീരത്തെ തിരമാലകള്‍ എന്നിവ തിമിംഗലങ്ങളെ ബാധിക്കുന്നുവെന്ന് സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് മാനേജര്‍ ബ്രണ്ടന്‍ ക്ലാര്‍ക്ക് പറഞ്ഞു.

സാധാരണയായി രക്ഷാപ്രവര്‍ത്തകര്‍ വെള്ളത്തിലേക്ക് ഊളിയിട്ട് തിമിംഗലങ്ങളെ ആഴക്കടലിലേക്ക് പോകാന്‍ സഹായിക്കുകയാണ് ചെയ്യാറ്. ഇത്തവണ ഒരു അക്വാകള്‍ച്ചര്‍ സ്ഥാപനത്തിന്റെ മെക്കാനിക്കല്‍ സഹായം ഉപയോഗിച്ച്‌ ഒരു പുതിയ സാങ്കേതികവിദ്യപരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ കടല്‍ത്തീരത്ത് എത്തിയത് എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരമില്ല. തീരത്തോട് ചേര്‍ന്ന് ഭക്ഷണം ലഭിച്ചതിനാലാകാം അവ ഇവിടേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ ഊഹം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക