ഇസ്താംബുള്‍: തുര്‍ക്കി നഗരമായ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് മരണം. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലില്‍ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ 53 പേര്‍ക്ക് പരിക്കേറ്റതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.
പ്രാഥമിക വിലയിരുത്തലുകള്‍ വച്ച് സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് നഗരമധ്യത്തിലെ തിരക്കേറിയ ഇസ്തിക്ലാല്‍ സ്ട്രീറ്റില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു. ഹെലികോപ്റ്ററുകര്‍ നഗരത്തിന് മുകളില്‍ ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്.
പെട്ടെന്നുണ്ടായ സ്‌ഫോടനത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും സ്‌ഫോടനസ്ഥലത്ത് നാല് പേര്‍ വീണ് കിടക്കുന്നത് കണ്ടുവെന്നും സ്‌ഫോടനസ്ഥലത്തുണ്ടായ ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു