Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 14 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം യുജിസി ചട്ടപ്രകാരം അല്ലാത്തതിനാല്‍ ഹൈക്കോടതി റദ്ദാക്കി. ഡോ. കെ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍.
**********************************
തൃക്കാക്കര കൂട്ട ബലാത്സംഗ കേസില്‍ പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോള്‍ കിട്ടിയ തെളിവുകള്‍ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ വിശദീകരണം.
**********************************
കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ കേസില്‍ പൊലീസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. പീഡന കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ പോസ്റ്റിലുണ്ട്.സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പൊലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
**********************************
നിര്‍ണ്ണായക പരാമര്‍ശവുമായി ഹൈക്കോടതി. ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണങ്ങളെന്ന് കോടതി പറഞ്ഞു. എല്‍ദോസ് കുന്നപ്പള്ളി പ്രതിയായ പീഡനക്കേസില്‍ എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലെ വാദങ്ങള്‍ക്കിടെയാണ് കോടതിയുടെ പരാമര്‍ശം.ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
*************************************
വീണ്ടും വിവാദ പ്രസ്താവനയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ താന്‍ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ  പ്രസ്താവന വിവാദമായിരുന്നു. ഇതില്‍ മുസ്ലീംലീഗടക്കം കടുത്ത വിമര്‍ശനമുന്നയിക്കുമ്പോഴാണ് വീണ്ടും സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. 
***************************
ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്ന ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു.  വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗണ്‍സിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ധനമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 
**************************
ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആര്യ രാജേന്ദ്രന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് 'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്ന പോസ്റ്റര്‍ ഒട്ടിച്ച പെട്ടിയുമായി അദ്ധ്യക്ഷ ജെബി മേത്തര്‍ എംപി എത്തിയത്.
**************************
സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി മില്‍മ നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

MAIN NEWS - KERALA INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക