Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 15 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്  മാര്‍ച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരില്‍ നടന്ന മാര്‍ച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവര്‍ണര്‍ക്കെതിരായ മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു. ഗവര്‍ണര്‍ രാജ്ഭവനില്‍ ഉണ്ടായിരുന്നില്ല.
**********************************
നെഹ്‌റുവിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം മുറുകുന്നു. വിഷയത്തില്‍ സുധാകരനോട് എഐസിസി നേരിട്ട് വിശദീകരണം തേടിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്ന് വ്യക്തമാക്കി. വി.ഡി. സതീശനും കെ. മുരളീധരനും യുഡിഎഫിലെ പ്രമുഖ ഘടക കക്ഷിയായ ലീഗും ഇതിനകം തന്നെ സുധാകരനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 
********************************
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനൗദ്യോഗിക ചര്‍ച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും അനൗദ്യോഗിക കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് ആദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്.
**********************************
താന്‍ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സര്‍ക്കാരിന്റെ ഒരു ഓര്‍ഡിനന്‍സും എത്തിയിരുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. 
****************************
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ അധിക്ഷേപിച്ച തൃണമൂല്‍ മന്ത്രിക്ക് അന്ത്യശാസനം നല്‍കിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ അംഗമായ അഖില്‍ ഗിരി നടത്തിയ പ്രസ്താവന ഒരിക്കലും പാടില്ലാത്തതാണ്. ഈ പരാമര്‍ശനത്തില്‍ രാഷ്ട്രപതിയോട് പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി മാപ്പ് പറയുകയാണെന്നും മമത പറഞ്ഞു. താന്‍ രാഷ്ട്രപതിയെ ഏറെ ബഹുമാനിക്കുന്നു. ഭാവിയില്‍ ഇത്തരത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഗിരിക്ക് അന്ത്യശാസനം നല്‍കിയതായും അവര്‍ അറിയിച്ചു.
******************************
പാലാ എംഎല്‍എ മാണി സി കാപ്പന് എതിരായ വഞ്ചന കേസില്‍ പരാതികാരന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടപെടല്‍. കേരള ഹൈക്കോടതിയില്‍ വഞ്ചന കേസിനെതിരെ കാപ്പന്‍ നല്‍കിയ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. കേസിലെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ പരാതിക്കാരന്‍ മുംബൈ വ്യവസായി ദിനേഷ് മേനോനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മാണി സി കാപ്പന് 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോന്റെ പരാതി. 
***********************************
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. സര്‍വകലാശാലയ്ക്ക്  മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.
***********************************
കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സമരത്തിന് കാരണമായിരിക്കെയാണ് കൗണ്‍സില്‍ യോഗം വിളിക്കുന്നത്. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ദിവസത്തിന് മുന്‍പേ കൗണ്‍സില്‍ യോഗം വിളിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തീരുമാനിക്കുകയായിരുന്നു.
**********************************
തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ആഴത്തിലുള്ള അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. പരാതിക്കാരിയുടെ മൊഴിയില്‍ വ്യക്തത വരുത്തണം. സി ഐ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസില്‍ 10 പ്രതികളുണ്ടെന്നും അഞ്ച് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന്  ഡിസിപി പറഞ്ഞു.

MAIN NEWS-NATIONAL-KERALA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക