എല്‍ഡിഎഫിന്റെ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ബാക്കി ജനം തനിക്കൊപ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരായ തര്‍ക്കത്തില്‍ പുതിയ പോര്‍മുഖം തുറന്നാണ് എല്‍ഡിഎഫ് ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഗവര്‍ണറുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന് പ്രഖ്യാപിച്ചാണ് ഭരിക്കുന്ന മുന്നണി തന്നെ രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പത്തരയോടെ മ്യൂസിയം ജംഗ്ഷനില്‍ നിന്നും പ്രകടനമായി രാജ്ഭവനിലേക്ക് എത്തി. രാജ്ഭവനില്‍ ഗവര്‍ണര്‍ ഉണ്ടായിരുന്നില്ലെങ്കിലും ആരിഫ് മുഹമ്മദ് ഖാനെതിരെ മുദ്രാവാക്യം വിളികള്‍ കടുത്തു. രാജ്ഭവന് മുന്നില്‍ തയ്യാറാക്കിയ താല്‍ക്കാലിക വേദിയില്‍ സീതാറാം യെച്ചൂരി, കാനം രാജേന്ദ്രന്‍, എം വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.