Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 16 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ സന്നദ്ധതയറിയിച്ച് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരന്‍ കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
*************************
കെ. സുധാകരന്‍ രാജി സന്നദ്ധത അറിയിച്ച് കത്തയച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. സുദാകരന്‍ കറകളഞ്ഞ മതേതര വാദിയാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ പാര്‍ട്ടി സുധാകരനൊപ്പം ഒറ്റക്കെട്ടാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇതിനിടെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ചേരാനിരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവച്ചു. കെ. സുധാകരന്‍ അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായതിനാലാണ് നടപടി. 
*************************
കെടിയു മുന്‍ വിസി സുപ്രീംകോടതിയില്‍. കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാവശ്യപ്പെട്ടാണ് ഡോ. രാജശ്രീ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയതിന്  മുന്‍കാല പ്രാബല്യം നല്‍കി, ശമ്പളവും മറ്റു അനൂകൂല്യം തിരിച്ചുപിടിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. 
***************************
തിരുവനന്തപുരം സംസ്‌കൃത കോളേജിന് മുന്നില്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റര്‍. ഗവര്‍ണ്ണര്‍ - സര്‍ക്കാര്‍ പോരിനിടെ എസ്എഫ്ഐയാണ് ഗവര്‍ണ്ണര്‍ക്കെതിരെ അധിക്ഷേപ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ രാജ്ഭവന്‍ ഇതിനകം ഇടപെട്ടു കഴിഞ്ഞു.സംസ്‌കൃത കോളേജിലെ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കി. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും സര്‍വകലാശാല രജിസ്ട്രാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്.
***************************
മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ബലപ്പെടുത്താന്‍ പതിനഞ്ച് മരങ്ങള്‍ മുറിക്കാനുളള അനുമതി നല്‍കാന്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് തമിഴ്‌നാട് അപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്.
***************************
സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കത്ത് പുറത്ത്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ലെറ്റര്‍ ഹെഡ്ഡില്‍ നിയമിക്കേണ്ടവരുടെ പേരുകളും തസ്തികകളും വ്യക്തമായി പറഞ്ഞാണ് കത്ത് അയച്ചിരിക്കുന്നത്. 
*****************************
സണ്ണി ലിയോണിക്കെതിരെയുള്ള വഞ്ചന കേസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും കോടതി വിശദീകരണം തേടും. കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ടുള്ള സണ്ണിയുടെ ഹര്‍ജിയിലാണ് കോടതി വിധി. കേരളത്തില്‍ ഉള്‍പ്പെടെ വിവധ ഇടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് സണ്ണിക്കെതിരെയുണ്ടായ കേസ്.
*****************************
അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറാണ് അറസ്റ്റിലായത്. പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.അഞ്ച് കുട്ടികളെയാണ് അബ്ദുള്‍ നാസര്‍ പീഡിപ്പിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്.
****************************
തിരുവനന്തപുരം കോര്‍പ്പേേറഷനില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം. പ്രതിഷേധവുമായെത്തിയവര്‍ പോലീസിനെ വെട്ടിച്ച് കോര്‍പ്പറേഷന്‍ വളപ്പില്‍ കടന്നു. മഹിളാ കോണ്‍ഗ്രസിന്റെ മാര്‍ച്ചിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. 
*******************************

MAINNEWS - NATIONAL - KERALA - INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക