കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതിന് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. പാറായില്‍ ബാബുവിനെയാണ് ഇരിട്ടിയില്‍ വെച്ച് അറസ്റ്റ് അറസ്റ്റ് ചെയ്തത്. പാറായി ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നുപേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. തലശ്ശേരി നെട്ടൂര്‍ സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബാബുവിനെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.
കൊടുവള്ളി ദേശീയപാതക്കരികില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകരായ നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീ ഭര്‍ത്താവ് പൂവനാഴി ഷമീര്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ സുഹൃത്ത് നെട്ടൂര്‍ സാറാസില്‍ ഷാനിബ് (29) തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്നാണ് ഖാലിദിന്റെ മരണ മൊഴി.
ലഹരി വില്‍പന ചോദ്യം ചെയ്തതിന്, കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചക്ക് ഇല്ലിക്കുന്ന് ചിറക്കക്കാവിനടുത്ത് ഒരു സംഘം മര്‍ദിച്ചിരുന്നു. ഷബീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് ലഹരി വില്‍പന സംഘാംഗങ്ങള്‍ എത്തുകയും അനുരഞ്ജനത്തിനെന്ന വ്യാജേനെ വിളിച്ചിറക്കി ഇരുവരെയും ആക്രമിക്കുകയുമായിരുന്നു.