Image

ശ്രീദേവി ആന്റിക്ക് സ്‌നേഹപൂര്‍വ്വം.... : (ബിന്ദു ടിജി)

ബിന്ദു ടിജി  Published on 21 December, 2022
ശ്രീദേവി ആന്റിക്ക്  സ്‌നേഹപൂര്‍വ്വം.... : (ബിന്ദു ടിജി)


ഭൂമിയില്‍ ചില മനുഷ്യര്‍ അപൂര്‍വ്വം ചിലര്‍ മാത്രം യാത്ര പറയുമ്പോള്‍ അനന്തമായ ശൂന്യതയിലേക്ക് അടിതെറ്റി വീണാലെന്നോണം ഞാന്‍ നിസ്സഹായയാകാറുണ്ട് . ഇന്ന് അതുപോലെ ഒരു രാത്രി. കൊടുക്കല്‍ വാങ്ങലുകളോ കടപ്പാടുകളോ ഒന്നും  ഇല്ലാതെ തന്നെ ചിന്തയില്‍ ഒരു നക്ഷത്രത്തിളക്ക മായി അവര്‍ നില്‍ക്കും  അവര്‍ പോലും അറിയാതെ. 

ഞാന്‍ കുറെ സ്‌നേഹിച്ചു ആന്റിയെ ...കുറെ കൂടി സ്‌നേഹിക്കാമായിരുന്നു എന്ന കുറ്റബോധം എന്നില്‍ ബാക്കി നിര്‍ത്തി ആന്റി യാത്രയായി. എനിക്ക് ആന്റി ആരായിരുന്നു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം ഏറെ വൈകാരികമാണ് .ഊര്‍ജ്ജ സ്വലതയില്‍, സംസാരത്തില്‍, വായനയില്‍ ജീവിതാസക്തിയില്‍ എല്ലാം  എന്റെ പപ്പ, പ്രായത്തില്‍ കൃത്യമായും എന്റെ 'അമ്മ ഇനി പങ്കുവെച്ച കുട്ടിക്കാലം ഓര്‍ത്താല്‍ ഞാന്‍ എന്ന കുട്ടിയെയും ആന്റിയില്‍ ഞാന്‍ കണ്ടിരുന്നു  . കുട്ടിക്കാലത്തെ കുഞ്ഞു ദുഃഖങ്ങള്‍ പങ്കുവെച്ച്   അമ്മയ്ക്ക് പ്രായമുള്ള ഒരാളോടൊപ്പം  'ഇനിയും ഉണങ്ങാത്ത ബാല്യത്തിലെ മുറിവുകള്‍ 'എന്ന് കരഞ്ഞതും ചിരിച്ചതും ഇനി ഒരിക്കല്‍ക്കൂടി പറഞ്ഞു തീര്‍ക്കാന്‍, പൂര്‍ണ്ണവിരാമമിടാന്‍ എനിക്ക് കഴിഞ്ഞില്ല...യാത്രാമൊഴി പറയാനാവാതെ പറന്നു പോയല്ലോ....

ഒരു ക്രിസ്മസ് തലേന്ന് ആയിരുന്നു കൃഷ്ണനോടൊപ്പം ജീവിതം തുടങ്ങാന്‍   വീട്ടില്‍ നിന്ന് സ്വയം ഇറങ്ങിയതെന്ന് എന്നോട് പറഞ്ഞിരുന്നു.   രസകരമായ ആ സംഭവത്തെ നാല്  വര്‍ഷം മുന്‍പ് ഡിസംബറില്‍ ക്രിസ്മസിന് തൊട്ടു മുന്‍പ് നാടകീയമായി  ആന്റി വിവരിച്ചു. അത് ഇമലയാളി പ്രസിദ്ധീകരിക്കുകയും ചെയ്തു .

(ലിങ്ക്: https://emalayalee.com/vartha/176256).  

പ്രണയ വിവാഹങ്ങളെ പറ്റി പൊതുവില്‍ ഉള്ള എന്റെ ധാരണ  ആന്റി മാറ്റിമറിച്ചു . വിവാഹം കഴിഞ്ഞാല്‍ പിന്നെന്ത് പ്രണയം? അതായിരുന്നു എന്റെ കാഴ്ച്ച. എന്നാല്‍ നാല്പത്തിയാറു വര്‍ഷങ്ങള്‍ ആഘോഷിച്ച  പ്രണയ വിവാഹം അതിനു ശേഷം വൈധവ്യത്തിന്റെ ഏകാന്തത യിലും  ഉള്ളില്‍ പരന്നൊഴുകിയ കൃഷ്ണനോടുള്ള അഴകാര്‍ന്ന പ്രണയവും വിഷാദാനന്ദ സ്മൃതികളും . ഓരോ അനുഭവങ്ങളും ഒരു കവിത യെന്നോണം ഞാന്‍ തെല്ലത്ഭുത്തതോടെ കേട്ട്  ആസ്വദിച്ചു. ജന്മവാസന യെന്നോണം ഹൃദയത്തില്‍ പ്രേമം പൂത്തുലയുന്നവര്‍ക്കൊപ്പം ആയിരിക്കുന്നത് തന്നെ പുണ്യമെന്ന് ഞാന്‍ എന്നോട് സ്വകാര്യം പറഞ്ഞിരുന്നു 
ആ തെളിനീര്‍ച്ചോലയ്ക്കരികില്‍ കണ്ണും പൂട്ടി ഇരുന്നിരുന്നു . ആന്റി അറിയാതെ .ഇനിയും ഉണ്ട് ഉറക്കെ വിളിച്ചു പറയാനാവാത്ത മധുര മൊഴികള്‍ ....  

എന്നോട് വിശേഷങ്ങള്‍ പങ്കുവെച്ച  ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍   'കൃഷ് ' ഇല്ലാത്ത എട്ടാമത്തെ ക്രിസ്മസ് ആണ് ഈ വരുന്നത് ... ഈ ക്രിസ്മസിന് ശ്രീദേവി വീണ്ടും കൃഷ്ണനോടൊപ്പം മേലെ മാനത്ത് ... ഭൂമി മുഴുവന്‍ ക്രിസ്മസ് നക്ഷത്ര പ്രഭയില്‍ മുങ്ങുമ്പോള്‍ ഞാന്‍ സൂക്ഷിച്ചു നോക്കട്ടെ ആകാശത്തെ ആ രണ്ടു പ്രണയ  താരങ്ങളെ.

എന്റെ പപ്പ കഴിഞ്ഞാല്‍ എന്റെ പേരിന്റെ സാഹിത്യ ഭംഗി ഇത്രമേല്‍ ആസ്വദിച്ച മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല.  'ഡാന്റെ യുടെ ബിയാട്രീസ് ' എന്ന് ഹൃദയം കൊണ്ട് എന്നെ വിളിക്കുമായിരുന്നു . 
 .... ആന്റി ഒടുങ്ങാത്ത സ്‌നേഹത്തോടെ വിട

സ്വന്തം 
ബിയാട്രീസ് ബിന്ദു ടിജി 

എഴുത്തുകാരി പ്രൊഫ. ശ്രീദേവി കൃഷ്ണൻ ന്യു യോർക്കിൽ അന്തരിച്ചു 

ശ്രീദേവി ആന്റിക്ക് സ്‌നേഹപൂര്‍വ്വം.... : (ബിന്ദു ടിജി)

My big love, hugs. Love you forever (Anna Sekhar)

see also: https://emalayalee.com/writer/180

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക