ഡിസംബര്‍ 14-ാം തീയതി രാവിലെ തന്നെ കൊച്ചിയിലെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന അന്തരാഷ്ട്ര പുസ്തകോല്‍സവത്തില്‍ സംബന്ധിക്കാനായി എറണാകുളം ജവഹര്‍ലാല്‍ സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനില്‍ നിന്നും പുറപ്പെടും. എറണാകുളം സൗത്ത് മെട്രോ സ്‌റ്റേഷനിലിറങ്ങി ജോസ് ജംഗ്ഷന്‍ ക്രോസ് ചെയ്തു എറണാകുള പുസ്തകോല്‍സവ ഗ്രൗണ്ടിലെത്തി. 50 ഓളം പുസ്തകപ്രസാധകരുടെ ബൂത്തുകള്‍. പുസ്തകങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു. എല്ലാ ബൂത്തിലും കയറി ഇറങ്ങി. നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരൊറ്റ അമേരിക്കന്‍ മലയാളി എഴുത്തുകാരുടേയും ഒരു പുസ്തകവും അവിടെ കണ്ടില്ല. തികച്ചും പ്രവാസി എഴുത്തുകാരോടും സാഹിത്യകാരന്മാരോടുമുള്ള ഒരു അവഗണന. മെയിന്‍ സ്‌റ്റേജില്‍ ചില സാഹിത്യചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രൊഫ.എം.കെ.സാനു, ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രഭാ- മുന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ തുടങ്ങിയവര്‍ സ്റ്റേജില്‍ ഉപവിഷ്ടരായിരിക്കുന്നു. കുറെ നേരം സദസ്യരുടെ ഇടയില്‍ ഞാന്‍ പോയി കുത്തിയിരുന്നു. ഒന്നു രണ്ടു സൂം-വെര്‍ച്ച്വല്‍ മീറ്റിംഗില്‍ കണ്ട പരിചയത്തിന്റെ വെളിച്ചത്തിലാകും വൈശാഖന്‍സാറും, ഡോ. ജോര്‍ജ്ജ്് ഓണക്കൂര്‍ സാറും എന്നെ തിരിച്ചറിഞ്ഞു. എപ്പോള്‍ വന്നു, എന്നു തിരിച്ചുപോകും എന്നൊക്കെ ചോദിച്ച് പിന്നീട് സൗഹാര്‍ദ്ദമായി സംസാരിച്ചു. അന്തിമയങ്ങുമ്പോഴേക്കും ഞാന്‍ ക്ഷീണിതനായിരുന്നു. ഭക്ഷണത്തോട് ഒരു തരം വിരക്തി. എം.ജി. റോഡിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനടുത്തുള്ള മെട്രോ സ്‌റ്റേഷനില്‍ നിന്ന് മെട്രോ പിടിച്ച് പാലാരിവട്ടം മെട്രോസ്‌റ്റേഷനിലെത്തി. കുറച്ചു നടന്നു. കുറച്ചു നാടന്‍ പൊറോട്ടയും ചിക്കന്‍കറിയും തട്ടുകടയില്‍ നിന്നുവാങ്ങി. അമേരിക്കക്കാരന്‍ തട്ടുകടയില്‍ നിന്ന് ആഹാരം കഴിക്കുന്നത് കുറച്ചിലായി എനിക്കു തോന്നിയില്ല. നല്ല തീയിലിട്ട് ചുട്ടെടുക്കുന്ന പൊറോട്ടയും, ചിക്കന്‍കറിയും ഏതുരോഗാണു ഉണ്ടെങ്കിലും ആ എരിയുന്ന തീയില്‍ അതെല്ലാം ചത്തുപോയിട്ടുണ്ടാകും എന്നാണെന്റെ വിശ്വാസം.
ചെറിയൊരു അക്ഷരസ്‌നേഹി(അക്ഷര തീവ്രവാദിയല്ല കേട്ടോ) എന്ന നിലയില്‍ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാര്‍ക്കിലേയ്ക്കാണ് പിന്നെ യാത്ര പുറപ്പെട്ടത്. പാലാരിവട്ടത്തെ മഹാകവി വൈലോപ്പിള്ളി റോഡില്‍ നിന്ന് യൂബര്‍ ടാക്‌സിയില്‍ കയറി എം.കെ.കെ.നായര്‍ റോഡ്, പി.ജെ. ആന്റണി റോഡു വഴി ചങ്ങമ്പുഴ പാര്‍ക്കിലെത്തി. ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാസസ്ഥലമായ ഇടപ്പള്ളി ഒരു കുഗ്രാമമായിരുന്നു. അന്നവിടെ അദ്ദേഹം കവിതയില്‍ പാടിയപോലെ 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം' എന്നാലിന്ന് ആ ഇടപ്പള്ളി ഗ്രാമം വന്‍ വ്യവസായ കെട്ടിട സമുച്ചയങ്ങളാല്‍ തല ഉയര്‍ത്തി നില്‍ക്കുന്നു കൊച്ചിന്‍ നഗരത്തിന്റെ ഒരു ഹൃദയഭാഗം തന്നെയാണ്. ലുലുമാള്‍, അമൃത ഹോസ്പിറ്റല്‍, സെന്റ് ജോര്‍ജ് ദേവാലയം, ഒബറോണ്‍ മാള്‍ തുടങ്ങി ഒട്ടേറെ വന്‍കിട സ്ഥാപനങ്ങളാണുള്ളത്. ചങ്ങമ്പുഴ പാര്‍ക്കില്‍ കവിതാപാരായണം, ക്ലാസിക്ക് നൃത്തം, തെയ്യം, ഓട്ടംതുള്ളല്‍ തുടങ്ങിയ പരിപാടികള്‍ കുറെ നേരം കേട്ടും കണ്ടുമിരുന്നു. അഞ്ചാറു കൊല്ലങ്ങള്‍ക്ക് മുമ്പ് ചങ്ങമ്പുഴ പാര്‍ക്കിലെ ഒരു സ്ഥിര അംഗമായി ഫീസെല്ലാം കെട്ടി ഞാന്‍ ചേര്‍ന്നിരുന്നു. പബ്ലിക്കിന് എല്ലാ പരിപാടികളും സൗജന്യമായി സംബന്ധിക്കാനുള്ള സൗകര്യം പാര്‍ക്കിലുണ്ട്. ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രം എന്നാണ് ഈ സ്ഥാപനത്തിന്റെ ശരിയായ നാമധേയം.
കേരളത്തിന്റെ വാണിജ്യ വ്യാപാര വ്യവസായ സാമ്പത്തീക തലസ്ഥാനമാണല്ലോ കൊച്ചി. കൊച്ചിന്‍ ഇന്‍ടര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ട്, തുറമുഖം, കപ്പല്‍ നിര്‍മ്മാണ കേന്ദ്രം, പ്രമുഖമായ ടൂറിസ്റ്റുമേഖല, കോസ്‌മൊപോളിറ്റന്‍ സിറ്റി, സിനിമാക്കാരുടെ കേന്ദ്രം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്. കൊച്ചിന്‍ മെട്രോ തുടങ്ങിയ കൊച്ചി കണ്ടാല്‍ പിന്നെ അച്ചി വേണ്ടാ എന്ന പഴഞ്ചൊല്ലാം ഓര്‍്തതു പോയി. സംവിധാനങ്ങളാല്‍ അനുഗ്രഹീതമാണ് ഗ്രിയെറ്റര്‍ കൊച്ചിന്‍ മേഖല. എന്നിട്ടും ഇവിടത്തെ മെയിന്‍ റോഡുകള്‍, ഇടറോഡുകള്‍, നടപ്പാതകള്‍, റോഡു ഗതാഗത സംവിധാനങ്ങള്‍, അന്താരാഷ്ട്ര നിലവാരം പോയിട്ട് ഒരു കേരളനിലവാരം പോലും പുലര്‍ത്തിയില്ലെന്ന് എന്റെ സഞ്ചാരത്തിന്റെ അറിവിന്റെ വെളിച്ചത്തില്‍ പറയാന്‍ പറ്റും. മന്ത്രിമാരും മാറിമാറി വരുന്ന ഭരണാധികാരികളും എത്ര ഗംഭീരമായി കൊട്ടിഘോഷിച്ചാലും അനുഭവസ്ഥര്‍ വളരെ ശോചനീയം എന്നു തന്നെ പറയും. ഭരിക്കുന്ന മുന്നണി ഉള്‍പ്പെടെ മാറിമാറി ഭരണമേറ്റ ഇരുമുന്നകളുടേയും കാര്യക്ഷതയില്ലായ്മ, കെടുകാര്യസ്ഥതയൊക്കെ തന്നെ ഇതിനു കാരണം. മാറിവരുന്ന സര്‍ക്കാരുകള്‍ പരസ്പരം കൈചൂണ്ടി കുറ്റപ്പെടുത്തുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനും, കേരളാ PWD വകുപ്പോ, ഗതാഗത മന്ത്രിയോ നികുതിദായകരെ നോക്കുകുത്തികളാക്കി പരസ്പരം പഴിചാരുന്ന ആ പ്രക്രിയ അവസാനിപ്പിക്കണം. പൊട്ടിപൊളിഞ്ഞ, കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകള്‍, അതിലൂടെയുള്ള വിവിധതരം വാഹനങ്ങളുടെ അപകടകരമായ മരണപാച്ചിലുകള്‍ കാണാനോ നിയന്ത്രിക്കാനോ ഇവിടെ ഉദ്യോഗസ്ഥരില്ല, ഭരണാധികാരികളില്ല. ഇതെല്ലാം മുമ്പെത്തെപോലെ ഇപ്രാവശ്യവും ഈയുള്ളവന്‍ നേരില്‍ കണ്ടിട്ടാണ് കുറിക്കുന്നത്. ഇപ്രകാരം കാര്യങ്ങള്‍ തുറന്നെഴുതുന്നതുകൊണ്ട് പരിഭവിച്ചിട്ടോ തള്ളിയിട്ടോ കാര്യമില്ല. എത്രയെത്ര വാഹാനാപകടങ്ങള്‍, ജീവിതങ്ങളാവിടെ പൊലിയുന്നത്. മാലിന്യം കെട്ടികിടക്കുന്ന ഓടകള്‍ തോടുകള്‍ ക്ലീനായി ശുദ്ധീകരിക്കപ്പെടണം. വെള്ളപൊക്കമുണ്ടാകാതിരിക്കാനുള്ള, അനുബന്ധ സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ ഇച്ഛാശക്തിയോടെതന്നെ നിറവേറ്റണം.
എന്റെ മറ്റൊരു നിരീക്ഷണം ഇവിടെ വിവിധ മതാധികാരികളെ പ്രീണിപ്പിയ്ക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം മത്സരിക്കുകയാണ്. മതേതരത്വം എന്ന ഭരണഘടനാ നിയമം ഓരോ കക്ഷികളും അവരവരുടെ സ്വന്തം താല്‍പര്യപ്രകാരം വ്യാഖ്യാനിക്കുന്നു, പ്രവര്‍ത്തിക്കുന്നു. മതഭരണാധികാരികളുടെ എന്ത് ക്രമക്കേടുകള്‍ക്കും അഴിമതികള്‍ക്കും നേരെ രാഷ്ട്രീയ ഭരണ-പ്രതിപക്ഷ കക്ഷിക്കാര്‍ കണ്ണടയ്ക്കുന്നു. പഴയ മാതിരി ഈ മതനേതാക്കന്മാരും പുരോഹിതരും ഒരു വോട്ടുബാങ്കൊന്നുമല്ലാ എന്ന വസ്തുത ഈ രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നില്ല. മതങ്ങളിലും മറ്റും അനാചാരം, ദുരാചാരം തുടങ്ങി നരബലി വരെ എത്തിനില്‍്ക്കുന്നു.
ക്രിസ്തുമസ് കാലമായതിനാല്‍ ക്രിസ്തുമസ് ഈവ് ദിനത്തില്‍ എറണാകുളത്തെ ബ്രോഡ്വേയിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ ബസിലിക്കാ പള്ളയിലേക്കും, അതിനു തൊട്ടടുത്തുള്ള- സെന്റ് ഫ്രാന്‍സീസ് ലാറ്റിന്‍ കത്തോലിക്കാ ബസലിക്കയിലേക്കുമായിരുന്നു എന്റെ യാത്ര. അതിനടുത്തു തന്നെ ഈ രണ്ടു വിഭാഗക്കാരുടേയും അതിമെത്രാസഭ അരമനകളും ഷണ്‍മുഖം റോഡില്‍, മറൈന്‍ ഡ്രൈവില്‍ ഏതാണ്ട് കേരളാ ഹൈക്കോര്‍ട്ട് ജംഗ്ഷനടുത്തു തന്നെ തല ഉയര്‍ത്തി നില്‍ക്കുന്നു. എറണാകുളം അതിരൂപതയിലും, ജില്ലയിലുംപെട്ട പൈങ്ങോട്ടൂരിലെ ഒരു സീറോ മലബാര്‍ കുടുംബത്തിലായിരുന്നു എന്റെ ജനനം. പിന്നീട് കോതമംഗലം രൂപത നിലവില്‍ വന്നപ്പോള്‍ പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് എറണാകുളം ഇടവക ദേവാലയം കോതമംഗലം സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ അധീനതയിലായി.
മാര്‍പ്പാപ്പാ പരമാധ്യക്ഷനായ മൂന്നു കത്തോലിക്കാ റൈറ്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അവ സീറോ മലബാര്‍ കത്തോലിക്കാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ലത്തീന്‍ കത്തോലിക്കാസഭ, പിന്നീട് ക്‌നാനായ കത്തോലിക്കര്‍ എന്ന വിഭാഗം സീറൊ മലബാര്‍ കത്തോലിക്കാ സഭയില്‍പെട്ട മറ്റൊരു ഉപ വിഭാഗമാണ്.
കേരളത്തിലെ ക്രൈസ്തവരുടെ ഇടയില്‍ ജനസംഖ്യയിലും, സമ്പത്തിലും, സ്ഥാപനങ്ങളുടെ, പള്ളികളുടെ എണ്ണത്തിലും മറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലും മറ്റ് ക്രൈസ്തവ വിഭാഗങ്ങളേക്കാള്‍ സീറോ മലബാര്‍ കത്തോലിക്കര്‍ ഏറെ മുന്നിലും കൂടുതല്‍ സ്വാധീനശക്തി ഉള്ളവരുമാണ്.
1992 ഡിസംബര്‍ 16ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍ പാപ്പയാണ് സീറോ മലബാര്‍ കാത്തോലിക്കാ സഭയെ മേജര്‍ ആര്‍്ക്കി എപ്പിസ്‌ക്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പുറത്തുമായി 34 രൂപതകള്‍ സഭക്കുണ്ട്. മാര്‍ ആന്റണി പടിയറയായിരുന്ന സഭയുടെ ആദ്യ മേജര്‍ ആര്‍ച്ച് ബിഷപ്പ്.തുടര്‍ന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ ഈ പദവി നിര്‍വ്വഹിച്ചു. തുടര്‍ന്ന് മേയ് 26, 2011 ല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും വലിയ ഭാരിച്ച ഉത്തരവാദിത്വവും പദവിയും വഹിക്കാനുള്ള പരിചയ സമ്പത്തും കാര്യപ്രാപ്തിയും അദ്ദേഹത്തിനുണ്ടാകുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. അന്നത്തെ മെത്രാന്‍ തെരഞ്ഞെടുപ്പും പൊളിറ്റിക്‌സും, പ്രക്രിയകളും അദ്ദേഹത്തിന് അനുകൂലമായി വന്ന് ഭാഗ്യവശാല്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടു എന്നാണ് ഈ ലേഖകന്‍ കേട്ടത്. അത്് ശരിയോ തെറ്റോ എന്ന് ഈ ലേഖകന് അറിയില്ല. ഏതായാലും തുടര്‍ച്ചയായി അദ്ദേഹം പല വിവാദങ്ങളിലും പെട്ടു. കേസിലുമായി. ഇതില്‍ നിന്നെല്ലാം എളുപ്പം തല ഊരാന്‍ സീനഡ് കുര്‍ബ്ബാന, ഏകീകൃത കുര്‍ബാന, അള്‍ത്താരയ്ക്ക് അഭിമുഖമായി ജനത്തിന് പുറം തിരിഞ്ഞും നേരെ തിരിഞ്ഞും കുര്‍ബാനയും ചില ആംഗ്യ രൂപങ്ങളും ഒക്കെ മാറ്റി വച്ച് ഭരണാധിപന്റെ ആജ്ഞ എന്ന രീതിയില്‍ അടിച്ചേല്‍പ്പിച്ചുവെന്ന് എറണാകുളത്തെ വൈദീകരും, മറ്റു രൂപതകളില്‍ നിന്ന് അങ്ങിങ്ങായി എതിര്‍പ്പുകളും ഉണ്ടായി എന്നു പറയപ്പെടുന്നു. മാര്‍പാപ്പാ അടക്കം ലോകമെങ്ങുമുള്ളതും കത്തോലിക്കാ ദേവാലയങ്ങളും ജനാഭിമുഖ കുര്‍ബ്ബാന നിലവിലുള്ളപ്പോള്‍ എന്തേ ഈ വിഭിന്ന ചിന്താഗതിയിലുള്ള കുര്‍ബാന നിര്‍ബന്ധമാക്കി എന്ന് മറ്റുവിഭാഗം ചിന്തിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എറണാകുളം രൂപത ഒഴിച്ച് എങ്ങനെ ആയാലും വേണ്ടില്ലാ എന്ന മട്ടില്‍ പ്രതികരണശേഷി നഷ്ടപ്പെട്ട മറ്റുരൂപതകള്‍ മുറുമുറുപ്പോടെ ആര്‍ക്കെങ്കിലും അവര്‍ കണ്ണുമടച്ച് ഏതുവട്ടം തിരിഞ്ഞ കുര്‍ബ്ബാനയും സ്വീകരിക്കാന്‍ തയ്യാറായി എന്ന് ചിലര്‍ അവകാശപ്പെടുന്നു.
(തുടരും...)