Image

ഫൊക്കാന കേരള കൺവൻഷൻ: പുതിയ ചരിത്രം രചിക്കാൻ  ഡോ. ബാബു സ്റ്റീഫൻ

Published on 15 March, 2023
ഫൊക്കാന കേരള കൺവൻഷൻ: പുതിയ ചരിത്രം രചിക്കാൻ  ഡോ. ബാബു സ്റ്റീഫൻ

അസാധ്യമായി ഒന്നുമില്ല എന്നതാണ് ഡോ.ബാബു സ്റ്റീഫന്റെ വിശ്വാസപ്രമാണം. അങ്ങനൊരാൾ സംഘടനാത്തലപ്പത്ത് എത്തിയ ശേഷമുള്ള ആദ്യ കൺവൻഷൻ എന്ന നിലയിൽ ഫൊക്കാനയുടെ കേരളാ കൺവൻഷൻ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ഒരുക്കങ്ങളുമായി ബന്ധപ്പെട്ട്  ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫൻ നാട്ടിൽ എത്തിക്കഴിഞ്ഞു. തിരക്കുകൾക്കിടയിൽ ഇ-മലയാളി വായനക്കാരോട് അദ്ദേഹം സംസാരിക്കുന്നു...

കേരളത്തിലെ കൺവൻഷന്റെ ഒരുക്കങ്ങൾ എവിടെ വരെയായി?

കൺവൻഷൻ മാർച്ച് 31 നും ഏപ്രിൽ ഒന്നിനും ആയിരിക്കും. ഒരുക്കങ്ങൾക്ക് വേണ്ടി കേരളത്തിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമെന്നാണ് ഇപ്പോഴത്തെ വിവരം.
നാടിനുവേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നും ഭാവിപരിപാടികൾ എന്തൊക്കെയാണെന്നും  സംഘടനയിലെ അംഗങ്ങൾ ഒത്തുചേർന്ന് ചർച്ച ചെയ്യുക എന്നുള്ളതാണ് കേരള കൺവൻഷനിലൂടെ ഉദ്ദേശിക്കുന്നത്. ഫൊക്കാന കേരളത്തിൽ ഇരുപത് വീടുകൾ നിർമ്മിക്കുന്നതിന് പുറമേ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും നൽകുന്നുണ്ട്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ഈ കേരളാ കൺവെൻഷന് മറ്റൊരു പ്രത്യകത കൂടിയുണ്ട് ഫൊക്കാന   നാലു പതിറ്റാണ്ടു പൂർത്തിയാക്കുന്നത് ഈ വർഷമാണ്.  

ഉദ്ഘാടന സമ്മേളനം  മാർച്ച് 31  വെള്ളിയാഴ്ച  വൈകിട്ട്  6 മണി. വൈകിട്ട് 4 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. തിരുവനന്തപുരം ഹയാത്ത്  ആണ് സമ്മേളനവേദി. സമ്മേളനത്തിന്റെ സ്പോൺസർ കേരളീയം.  വിവിധ മന്ത്രിമാരും സാഹിത്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു.


പിറ്റേന്ന് ഏപ്രിൽ ഒന്നിന്  വിമെൻസ് ഫോറം  സെമിനാർ നടക്കും. സ്കോളർഷിപ്  വിതരണം, മറിയാമ്മ പിള്ള മെമ്മോറിയൽ  നഴ്‌സിംഗ്   അവാർഡ്  വിതരണം എന്നിവ നടക്കും. ചരിത്രത്തിലാദ്യമായി നേഴ്‌സുമാര്‍ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്‍കുന്ന ചടങ്ങുകൂടിയാവും  കണ്‍വന്‍ഷന്‍. അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ കുടുതലും നഴ്സിങ്‌മായി ബന്ധപ്പെട്ട മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത് .

ഭാഷയ്ക്ക്  ഒരു ഡോളർ മീറ്റിങ്‌ സുപ്രധാനമാണ്. ഫൊക്കാനയുടെ ഈ സിഗ്നേച്ചർ പ്രോജക്ട്  കൂടുതൽ മികച്ച നിലയിലേക്ക് നീങ്ങുകയാണ്. ഫൊക്കാനയുടെ എക്കാലത്തെയും പ്രസ്റ്റീജ് പ്രോഗ്രാം ആണ് ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം

ബിസിനസ് സെമിനാറിൽ കേരളത്തിലെയും അമേരിക്കയിലെയും ഗൾഫിലെയും ഒട്ടേറെ വ്യവസായ പ്രമുഖർ പങ്കെടുത്ത്  സംസാരിക്കും. കേരളത്തിൽ വ്യവസായം തുടങ്ങുന്നത് സംബന്ധിച്ചു ചർച്ചകൾ നടക്കും.

മീഡിയ സെമിനാറിൽ പ്രമുഖരായ മാധ്യമപ്രവർത്തകർ പങ്കെടുക്കും.

സാഹിത്യ സമ്മേളനത്തിൽ  സതീഷ് ബാബു പയ്യന്നൂർ സാഹിത്യ അവാർഡ് സമ്മാനിക്കും.

പൊതുസമ്മേളനത്തിൽ വച്ച് മികച്ച മന്ത്രി, മികച്ച എം പി, മികച്ച്  എം എൽ . എ  എന്നിവർക്ക് പുരസ്കരം  വിതരണം ചെയ്യും
സമാപന സമ്മേളനത്തിനു ശേഷം കലാപരിപാടികളും  നടക്കും.  

അമേരിക്കയിൽ നിന്നും  നൂറിൽ അധികം  കുടുംബങ്ങൾ  ഇപ്പോൾ തന്നെ   കൺവെൻഷനിൽ  പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. .

ഫൊക്കാനയുമായി  ബന്ധപ്പെട്ട് താങ്കളുടെ സ്വപ്നം?

അമേരിക്കൻ സ്റ്റൈലിലുള്ള 100 വീടുകളും, നല്ല റോഡുകളുമായിട്ട് കേരളത്തിലൊരു ഫൊക്കാന വില്ലേജ് തുടങ്ങണമെന്നുണ്ട്. പക്ഷേ, രണ്ടുവർഷംകൊണ്ട് ഒന്നും പൂർത്തിയാകില്ല. ഇനി വരുന്നയാളുടെ പ്ലാൻ മറ്റൊന്നായിരിക്കും.

ഫൊക്കാനയുമായുള്ള ബന്ധം തുടങ്ങുന്നതെങ്ങനെ?

ഫൊക്കാനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 83 ൽ അന്നത്തെ ഇന്ത്യൻ അംബാസഡർ   കെ.ആർ.നാരായണനെ പോയി കാണുന്നത് ഡോ. അനിരുദ്ധനും അനിയനും ഞാനും കൂടിയാണ്. 84 ൽ ബിസിനസ് തിരക്കുകൾ മൂലം ഭാരവാഹിത്വം ഏറ്റെടുക്കാതെ വിട്ടുനിന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചെയർമാൻ ഓഫ് ഫൈൻ ആർട്സ് എന്ന നിലയിൽ വീണ്ടും ഫൊക്കാനയിലെത്തി. പിന്നീട് റീജിയണൽ വൈസ് പ്രസിഡന്റായി. ആളുകളുടെ പിന്തുണകൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തി.

ഫൊക്കാന എന്ന സംഘടനയ്ക്ക്  ആസ്ഥാനമന്ദിരം പണിയുന്നതിന് പ്രസിഡന്റായ  താങ്കൾ 2,50,000 ഡോളറിന്റെ ചെക്കിൽ ഒപ്പിട്ടത് പെട്ടെന്നുള്ള തീരുമാനമായിരുന്നോ?

40 വർഷമായ ഒരു സംഘടനയ്ക്ക് ആസ്ഥാനമന്ദിരമില്ലാത്തത് ഒരു പോരായ്മയായി തോന്നി. ഫൊക്കാനയ്‌ക്കൊരു വിലാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ചെക്കിൽ ഒപ്പിട്ടത്. മതപരമായ സംഘടനകൾക്ക് ലഭിക്കുന്നതുപോലെ സാമ്പത്തികമായ പിന്തുണയോ സംഭാവനയോ സാംസ്കാരിക സംഘടനയ്ക്ക് ലഭിക്കില്ല. സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി പള്ളീലച്ചനോ പൂജാരിയോ പറഞ്ഞാൽ എത്ര പൈസ വേണമെങ്കിലും സംഭാവന നൽകുന്നവർ,ഫൊക്കാനയ്ക്കു വേണ്ടി പണം നൽകില്ല.

ആദ്യകാലജീവിതം?

ഏഴാം ക്ലാസ് വരെയേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. പിതാവിന് നെടുങ്കണ്ടത്ത് ഏലത്തോട്ടമായിരുന്നു. ആ പരിസരത്തൊന്നും അന്ന് നല്ല സ്‌കൂളുകൾ ഉണ്ടായിരുന്നില്ല. എന്റെ അമ്മ പഴയ ഏഴാം ക്ലാസുകാരി ആയിരുന്നതുകൊണ്ടുതന്നെ അടുത്ത തലമുറയുടെ വിദ്യാഭ്യാസത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. അഞ്ചാം ക്ലാസ് മുതൽ ബോർഡിങ് സ്‌കൂളിലായിരുന്നു. ഹൈസ്‌കൂൾ പഠനം മഹാരാഷ്ട്രയിലെ നാസിക്കിൽ. പൂനെയിലാണ് ബി.കോം ചെയ്തത്.1978 ൽ അമേരിക്കയിൽ സ്റ്റുഡന്റ് വിസയിലെത്തി. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ എം. ബി. എ ചെയ്തു.

ഹ്രസ്വമായ കാലയളവിൽ മാത്രം കേരളത്തിൽ ചിലവഴിച്ച താങ്കൾ മലയാളത്തെയും നാടിനെയും ഇത്ര ആഴത്തിൽ സ്നേഹിക്കുന്നുണ്ടല്ലോ?

എത്രനാൾ ചിലവഴിച്ചു എന്നതിൽ അല്ലല്ലോ കാര്യം. മലയാളിത്തം നമ്മളിൽ അന്തർലീനമായുണ്ട്. നമ്മുടെ സംസ്കാരവും പൈതൃകവുമെല്ലാം കേരളത്തിൽ വേരൂന്നിയതാണല്ലോ. ലോകത്തെവിടെ പോയാലും അവനവന്റെ നാടും മാതൃഭാഷയും ഒരു വികാരമായി ഉള്ളിലുണ്ടാകും. മലയാളത്തിലുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. മലയാളത്തിൽ സംസാരിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കില്ല. അത് സുഖമുള്ളൊരു അനുഭൂതിയാണ്.


എന്താണ് താങ്കളുടെ വിജയമന്ത്രം?

'നത്തിങ് ഈസ് ഇമ്പോസ്സിബിൾ; എവരിതിങ് ഈസ് പോസ്സിബിൾ ' എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പഠിക്കുമ്പോൾ ഞാനൊരു ശരാശരി വിദ്യാർത്ഥിയായിരുന്നു. എ-ഗ്രേഡിനു വേണ്ടി പരിശ്രമിച്ചിട്ടില്ല. ബി -യും സി- യും കിട്ടുമ്പോഴും സംതൃപ്തനായിരുന്നു. പരാജയമായി ഒന്നിനെയും കണ്ടിട്ടില്ല. അതൊക്കെ അടുത്ത ചുവടുവയ്പ്പിനുള്ള ഏണിപ്പടികളാണ്.
ഒന്നും തേടി പോകേണ്ടതില്ല. പണമായാലും പ്രശസ്തിയായാലും നമുക്ക് എത്തിച്ചേരേണ്ടത് കൃത്യമായി വന്നുചേർന്നിരിക്കും. ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത് എന്ന് മാത്രം. ഒരുദാഹരണം പറയാം. പത്രത്തിൽ പേരുവരാൻ വേണ്ടി ഒന്നും ചെയ്യുന്ന ആളല്ല ഞാൻ.
വാഷിംഗ്ടൺ ഡിസി യിൽ കോവിഡ് വാക്സിൻ ആദ്യം സ്വീകരിച്ചത് ഞാനായിരുന്നു. ആരെയും അറിയിക്കാതെ പോയിട്ടും എല്ലാ ടിവിക്കാരും അവിടെ വന്നു. നാഷണൽ ലെവൽ  ബ്രോഡ്‌കാസ്റ്റിംഗ്‌ അതിന് ലഭിച്ചു. ഇതൊന്നും വേണമെന്നും കരുതി സംഭവിക്കുന്നതല്ല.

അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയനേതാക്കളുമായുള്ള അടുപ്പം?

പേരെടുത്ത് പറയുന്നില്ല. പലരുമായും വളരെ അടുത്ത ബന്ധമാണ്. ഇലക്ഷൻ ക്യാമ്പെയ്‌നിൽ ഫണ്ടിംഗ് ഉൾപ്പെടെ എല്ലാവിധ പിന്തുണയും നൽകാറുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിയോടോ ഡെമോക്രാറ്റിക്‌ പാർട്ടിയോടോ പ്രത്യേകമായൊരു ചായ്‌വുണ്ടോ?

ഉണ്ട്. ഞാൻ ഡെമോക്രാറ്റാണ്; ഭാര്യ റിപ്പബ്ലിക്കനും.
 
ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഏത് ആശയമാണ് താങ്കളെ അതിലേക്ക് ആകർഷിച്ചത്?

അമേരിക്കയിൽ എത്തിയ കാലം മുതൽ ഡെമോക്രാറ്റുകളുമായാണ് കൂടുതൽ അടുത്തത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്നു എന്നതാണ് എന്നെ ആകർഷിച്ച ഘടകം. എന്നിരുന്നാലും, റിപ്പബ്ലിക്കൻ പാർട്ടിയിലും ദാർശനികതയുള്ള നിരവധി നേതാക്കളുണ്ട്. അവരൊക്കെയും എന്റെ അടുത്ത സുഹൃത്തുക്കളുമാണ്. പാർട്ടിക്കതീതമായി എല്ലാവരും എന്നെ സഹായിക്കാറുണ്ട്, ഞാൻ അവരെയും സഹായിക്കും. റെയ്‌ഗൻ മുതൽ ബൈഡൻ വരെ എല്ലാ പ്രസിഡൻസിയിലും എനിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച ഭരണകൂടം ആരുടേതാണെന്ന് വിലയിരുത്താമോ?

എല്ലാവരും ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. അഡ്വൈസർമാർക്കാണ് കൂടുതൽ റോൾ. അവസാന തീരുമാനം എടുക്കുക എന്നുള്ളതേ പ്രസിഡന്റ് ചെയ്യുന്നുള്ളു. ഏത് പ്രസിഡന്റ് വന്നാലും അമേരിക്കയിലെ ഫോറിൻ പോളിസി മാറുന്നില്ല. അത് നിയന്ത്രിക്കുന്നത് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റാണ്.

ഇന്ത്യക്കാർക്ക് എത്രത്തോളം അനുകൂലമായ ഭൂമികയാണ് യുഎസ്എ? സത്യത്തിൽ വിവേചനമുണ്ടോ?

അമേരിക്കക്കാരിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുള്ളത് നിറഞ്ഞ സ്നേഹമാണ്. ഹൃദയവിശാലതയുള്ളവരാണ് അവർ എന്നേ തോന്നിയിട്ടുള്ളൂ. അല്ലെങ്കിൽ, നമ്മളെപ്പോലുള്ളവർക്ക് ഇവിടെ ഒന്നുമാകാൻ സാധിക്കുമായിരുന്നില്ലല്ലോ? നമ്മളും അവരോട് അതുപോലെ ഇടപെടണം. മലയാളികളുടെ വിനയം നിറഞ്ഞ പെരുമാറ്റവും സംസാരരീതിയും അമേരിക്കക്കാർക്ക് ഇഷ്ടമാണ്. ഒരു മില്യൺ മലയാളികളാണ് യുഎസിലുള്ളത്.
കറുത്തവർഗ്ഗക്കാർ വെളുത്തവർഗക്കാരെയും വെളുത്തവർഗക്കാർ കറുത്തവർഗക്കാരെയും അംഗീകരിക്കാത്ത സാഹചര്യമുണ്ട്. പക്ഷേ, ഇരുകൂട്ടവരും ഇന്ത്യക്കാരെ അംഗീകരിക്കും. അത് നമുക്കുള്ള വലിയ അവസരമാണ്.
2026 ആകുമ്പോൾ  2 ലക്ഷം ഇന്ത്യൻ-അമേരിക്കൻ മില്ലിയണെയേർസ് അമേരിക്കയിൽ ഉണ്ടായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 500 സിഇഒ മാർ ഇന്ത്യൻ വംശജരാണ്. ഇവിടുത്തെ
ഇന്ത്യക്കാരുടെ ശരാശരി വരുമാനം 1,40,000 ഡോളറും അമേരിക്കക്കാരന്റേത് 90,000 ഡോളറുമാണ്. ഈ രാജ്യം കഴിവിനാണ് വിലയിടുന്നത് എന്ന് വ്യക്തമാക്കാൻ അത്രയും ഉദാഹരങ്ങൾ പോരേ?

പണം ഒന്നുമല്ലെന്ന് തോന്നിയ അവസരം ജീവിതത്തിൽ തോന്നിയിട്ടുണ്ടോ?

കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ച പാഠം അതല്ലേ! പണം വലിയ കാര്യമാണെന്ന് ഒരുകാലത്തും തോന്നിയിട്ടില്ല. ബോർഡിങ് സ്‌കൂളിൽ മറ്റുകുട്ടികളുമായി ഒന്നിച്ച് വളർന്നതുകൊണ്ട് ജാതി, മതം, പണം എന്നിങ്ങനെ ആളുകളെ ഒരിക്കലും വേർതിരിച്ച് കണ്ടിട്ടില്ല.
ആദ്യത്തെ ഒരു മില്യൺ ഡോളർ ലഭിക്കാൻ മാത്രമേ പ്രയാസമുള്ളൂ. പണത്തെ നമ്മൾ സ്നേഹിച്ചാൽ, മറ്റൊന്നിനെയും സ്നേഹിക്കില്ല. ഇന്ന് വരും, നാളെ പോകും എന്നേ കാണുന്നുള്ളൂ.

ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഇറങ്ങിത്തിരിക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?

ഉടുമ്പഞ്ചോലയിൽ ഞങ്ങൾക്ക് ഏലത്തോട്ടമുണ്ടായിരുന്നു.സാമ്പത്തികമായി നല്ല ചുറ്റുപാടായിരുന്നതുകൊണ്ട് പിതാവ് ജോർജ് സ്റ്റീഫനും മാതാവ് മേരിക്കുട്ടിയും പാവങ്ങളെ സഹായിക്കുന്നത് കണ്ടാണ് വളർന്നത്. അമേരിക്കയിൽ എത്തിയപ്പോൾ തുടക്കത്തിൽ ഉത്തരേന്ത്യക്കാരുമായായിരുന്നു ചങ്ങാത്തം. അവരുടെ സംഘടനകളിലും സജീവമായി.എഐഎ- യുടെയും എഫ്ഐഎ -യുടെയും ചെയർമാൻ സ്ഥാനം വഹിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനങ്ങളിൽ എന്നും താല്പര്യമാണ്.

തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി തോന്നുന്ന കാര്യം ?

 കുടുംബത്തെക്കുറിച്ചോർക്കുമ്പോൾ സംതൃപ്തനാണ്. മറ്റെല്ലാം നേടിയിട്ട് വീട്ടിൽ സ്വസ്ഥതയില്ലെങ്കിൽ തീർന്നില്ലേ?

കുടുംബം?

ഭാര്യ ഗ്രേസി സ്റ്റീഫൻ എംഎസ്ഡബ്ലിയു -വും  എംഎ സൈക്കോളജിയും ചെയ്തിട്ടുണ്ട്. പുനലൂർ സ്വദേശിനിയാണ്. മകൾ ഡോ. സിന്ധു സ്റ്റീഫൻ ഗ്യാസ്ട്രോ എന്ററോളജിസ്റ്റായി ജോലി ചെയ്യുന്നു. മരുമകൻ ജിം ജോർജ്.
മൂന്നു പേരക്കുട്ടികളുണ്ട്. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് താമസം. അതിന്റെ സന്തോഷവും സംതൃപ്തിയും ഒന്നുവേറെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക