Image

മുസ്‍ലീം ലീഗ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റമില്ല; പി എം എ സലാം തന്നെ ജനറൽ സെക്രട്ടറി

Published on 18 March, 2023
മുസ്‍ലീം ലീഗ് സംസ്ഥാന നേതൃത്വത്തില്‍ മാറ്റമില്ല; പി എം എ സലാം തന്നെ ജനറൽ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

 ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി.

ഡോ. എംകെ മുനീർ ജനറൽ സെക്രട്ടറി പദവിയിൽ എത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. ഇ ടി മുഹമ്മദ് ബഷീർ, കെപിഎ മജീദ്, പി വി അബ്ദുൽ വഹാബ്, കെ എം ഷാജി എന്നിവരുടെ പിന്തുണയും മുനീറിനുണ്ടായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി പിന്തുണച്ച പിഎംഎ സലാം ജനറൽ സെക്രട്ടറി ആയത് ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണ്.

അംഗങ്ങളിൽ പകുതിയിലധികവും വനിതകളാണെങ്കിലും സെക്രട്ടേറിയറ്റിലെ സ്ഥിരം ക്ഷണിതാക്കളിൽ മാത്രമാണ് വനിതാ ലീഗ് പ്രതിനിധികളെ ഉൾപ്പെടുത്തിയത്. ലീഗിന്റെ സൈദ്ധാന്തിക മുഖങ്ങളായ സി പി സൈതലവിയെ വൈസ് പ്രസിഡന്റ് ആക്കിയതും എം സി വടകരയെ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നതും ദളിത് ലീഗ് നേതാവ് യു സി രാമനെ സംസ്ഥാന സെക്രട്ടറിയാക്കിയതും ശ്രദ്ധേയം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക