Image

അദാനിക്കെതിരെ അന്വേഷണത്തിന് മോദി മടിക്കുന്നതെന്തുകൊണ്ട് :യെച്ചൂരി

Published on 18 March, 2023
അദാനിക്കെതിരെ അന്വേഷണത്തിന് മോദി മടിക്കുന്നതെന്തുകൊണ്ട് :യെച്ചൂരി

തിരുവനന്തപുരം: പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് മോദി സര്‍ക്കാരെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതി നടത്തിയ കേരളത്തിനുള്ള പ്രശംസ. ഇന്ത്യന്‍ പ്രസിഡന്റ് തന്നെ കേരള സര്‍ക്കാരിന് സാക്ഷ്യപത്രം നല്‍കിയെന്ന് വ്യക്തമാക്കിയ യെച്ചൂരി ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് സി.പി.എം ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത്‌ കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു.

ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ രാജ്യ വിരുദ്ധരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചോദ്യം ചെയ്താല്‍ അവരെ ദേശവിരുദ്ധരാക്കുന്ന സമീപനത്തിനെതിരെയുള്ള പോരാട്ടമാണ് ഈ ജാഥ മുന്നോട്ടുവച്ചതെന്നും യെച്ചൂരി പറഞ്ഞു.

140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ 37ശതമാനം മാത്രമാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഭരണഘടനാ സംവിധാനങ്ങളെ ആകെ കേന്ദ്രം ദുര്‍വിനിയോഗിക്കുകയാണ്. ഗവര്‍ണര്‍മാരെ ഇതിന് ഉപയോഗിക്കുന്നു. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക