Image

റബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ തയ്യാറെന്ന് മാര്‍ ജോസഫ് പാംപ്ലാനി 

ജോബിന്‍സ് Published on 19 March, 2023
റബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ തയ്യാറെന്ന് മാര്‍ ജോസഫ് പാംപ്ലാനി 

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയില്‍ സംസാരിക്കവേയാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രഖ്യാപനം.

കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

കോവിഡ് കാലത്ത് കര്‍ഷകരുടെ വായ്പാത്തുകകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസവാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ കാര്‍ഷിക വായ്പാകുടിശ്ശികകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് ജപ്തി അനുമതി നല്‍കിയാല്‍ കൈയുംകെട്ടിയിരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം അനുവദിക്കാത്തതിനാല്‍തന്നെ കര്‍ഷകന്റെ വീടും ഭൂമിയും സ്വത്തും ജപ്തിചെയ്യാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിലാണെന്നും തന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും മലയോര കര്‍ഷകന്റെ വികാരമാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

mar jospeh pamblani-bjp- farmers

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക