Image

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണം; കേരളാ ഹൈക്കോടതി

Published on 19 March, 2023
ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണം; കേരളാ ഹൈക്കോടതി

കൊച്ചി: ടോള്‍ പ്ലാസയിലെ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ആ ലെയിനിലെ വാഹനങ്ങള്‍ ടോള്‍ വാങ്ങാതെ കടത്തിവിടണം എന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം എന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്.

തൃശൂരിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്കേറിയ സമയങ്ങളില്‍ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ടോള്‍ പ്ലാസകളിലെ സര്‍വീസ് ടൈം സംബന്ധിച്ച്‌ ഉള്‍പ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി ഇറക്കിയ സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. തടസ്സമില്ലാതെയും താമസമില്ലാതെയും ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ എങ്ങനെ കടത്തിവിടാമെന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ 100 മീറ്ററിനുള്ളില്‍ എത്തുന്നതുവരെ ഇത് തുടരുകയും വേണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. ഏറ്റവും തിരക്കുള്ള സമയങ്ങളില്‍പോലും ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറിലുണ്ട്.

ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക