Image

ചെറുശാസനകള്‍ പോലും താങ്ങാനാകാത്ത കുഞ്ഞുങ്ങള്‍; അച്ഛന്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് ഒമ്പതു വയസുകാരിയുടെ ആത്മഹത്യ(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 30 March, 2023
ചെറുശാസനകള്‍ പോലും താങ്ങാനാകാത്ത കുഞ്ഞുങ്ങള്‍; അച്ഛന്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്ന് ഒമ്പതു വയസുകാരിയുടെ ആത്മഹത്യ(ദുര്‍ഗ മനോജ് )

ചില വാര്‍ത്തകള്‍ നമ്മളെ വീണ്ടും ചിന്താക്കുഴപ്പത്തിലാക്കും; ഈ കുഞ്ഞുങ്ങള്‍ക്കിത് എന്തു പറ്റിയെന്നാണ് ഒമ്പതു വയസ്സുകാരിയുടെ ആത്മഹത്യാ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിന്തിക്കുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയല്ല, സോഷ്യല്‍ മീഡിയയിലെ താരമാണ്; ഇന്‍സ്റ്റ ക്വീന്‍ എന്നാണവളെ നാട്ടുകാര്‍ വിളിച്ചിരുന്നത്, ആ കുഞ്ഞാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ചെന്നൈ, തിരുവല്ലൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയുടെ മകള്‍ പ്രതീക്ഷയാണ് മരിച്ചത്. അയല്‍ വീട്ടില്‍ കളിച്ചു കൊണ്ടുനിന്ന കുട്ടിയോടു പോയിരുന്നു പഠിക്കാന്‍ പറഞ്ഞ് അച്ഛന്‍ പുറത്തേക്കു പോയി. തിരികെ മടങ്ങി വന്നു കുട്ടിയെ വിളിച്ചിട്ടു പ്രതികരിക്കാത്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോര്‍ത്തില്‍ തൂങ്ങി നില്‍ക്കുന്ന കുട്ടിയെ കാണുന്നത്. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു.

ഒരു ചെറിയ ശകാരമോ, നിഷേധിക്കലോ ഒന്നും സഹിക്കാനാകാത്ത വിധത്തില്‍ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നത് വലിയൊരു പ്രതിസന്ധിയാണ് നിലവില്‍ സൃഷ്ടിക്കുന്നത്. പഠിക്ക് എന്നു പറയുക, മൊബൈല്‍ നല്‍കാതിരിക്കുക ഇവയൊക്കെ കുട്ടികളെ അതിതീവ്രമായ വൈകാരികക്ഷോഭങ്ങളിലേക്കു നയിക്കുന്നുണ്ട്. തൊട്ടടുത്ത ഘട്ടം, അവരെ ഏറ്റവും സ്‌നേഹിക്കുന്നവരെ പാഠം പഠിപ്പിക്കുക എന്ന ചിന്തയാണ്. ആ ചിന്തയും, തന്നെ ആരും സ്‌നേഹിക്കുന്നില്ല എന്ന ചിന്തയും ഒന്നിച്ചു ചേരുമ്പോള്‍ വളരെച്ചെറിയ സമയത്ത് എടുക്കുന്ന വലിയ തീരുമാനമായി ഈ ആത്മഹത്യാ ചിന്ത വളരുന്നു. പണ്ട് ടിവി കാണാന്‍ അനുവദിക്കാതിരിക്കുന്നത് കുട്ടികളിലെ ആത്മഹത്യ പ്രവണതയുടെ ഒരു കാരണമായിരുന്നു. ഇന്നത് മൊബൈല്‍ ഏറ്റെടുത്തു എന്നു മാത്രം.

കുട്ടികളില്‍ ശക്തമായ ബോധവത്ക്കരണം അത്യാവശ്യമാണ്.ജീവനും ജീവിതവും അമൂല്യമാണെന്ന ചിന്ത അവരില്‍ ഊട്ടി ഉറപ്പിക്കാന്‍ അധ്യാപകര്‍ക്കും കുടുംബത്തിനും സമൂഹത്തിനും സാധിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക