Image

രാഹുലിനെ ബ്രിട്ടനില്‍ കോടതി കയറ്റുമെന്ന് ലളിത് മോദി

Published on 30 March, 2023
രാഹുലിനെ ബ്രിട്ടനില്‍ കോടതി കയറ്റുമെന്ന് ലളിത് മോദി

ലണ്ടന്‍ :രാഹുല്‍ ഗാന്ധിയെ, മോദി പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടനിലും കോടതി കയറ്റുമെന്ന് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. തന്നെ അഴമതിക്കാരനും തട്ടിപ്പുകാരനുമാക്കി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലളിത് മോദി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. കേസുകളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് 2010 മുതല്‍ ബ്രിട്ടനില്‍ കഴിയുന്ന ലളിത് മോദി, ട്വിറ്ററിലൂടെയാണ് രാഹുലിനെതിരെ പരാതിയുമായി ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. കോടതിയില്‍ രാഹുല്‍ സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ലളിത് മോദി കുറിച്ചു.

'മോദി' പരാമര്‍ശത്തില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ച രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ചൂടുപിടിച്ചു നില്‍ക്കുന്നതിനിടെയാണ്, സമാന പരാമര്‍ശത്തില്‍ രാഹുലിനെ ബ്രിട്ടനിലും കോടതി കയറ്റുമെന്ന ലളിത് മോദിയുടെ ഭീഷണി. 'എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പൊതുവായ പേര് വന്നത്' എന്നായിരുന്നു 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

എന്ത് അടിസ്ഥാനത്തിലാണ് തന്നെ തട്ടിപ്പുകാരനായും ഒളിച്ചോട്ടക്കാരനായും രാഹുല്‍ ഗാന്ധി വിശേഷിപ്പിക്കുന്നതെന്ന് ലളിത് മോദി ചോദിച്ചു. ഒരു കേസില്‍പോലും തന്നെ ഇതുവരെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക