Image

പ്രതിഷേധിച്ചു, സ്ഥലം മാറ്റി; ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാത്തതില്‍ ഒരു മാനക്കേടുമില്ല ആനവണ്ടി കോര്‍പ്പറേഷന് (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 01 April, 2023
പ്രതിഷേധിച്ചു, സ്ഥലം മാറ്റി; ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാത്തതില്‍ ഒരു മാനക്കേടുമില്ല ആനവണ്ടി കോര്‍പ്പറേഷന് (ദുര്‍ഗ മനോജ്)

ശമ്പളമില്ലാത്ത നാല്പത്തൊന്നാം ദിനത്തില്‍ ആ വനിതാ കണ്ടക്ടര്‍ അതേക്കുറിച്ചു പരാമര്‍ശിക്കുന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തു. അതിലൂടെ കെ എസ് ആര്‍ ടി സിയെ അപകീര്‍ത്തിപ്പെടുത്തി എന്നു പറഞ്ഞ് അവരെ സ്ഥലം മാറ്റി. വൈക്കത്തു ജോലി ചെയ്തിരുന്ന അഖില എസ് നായര്‍, ജനുവരി പതിനൊന്നിനാണ് നാല്‍പ്പത്തൊന്നു ദിവസമായിട്ടും കിട്ടാത്ത ശമ്പളത്തെക്കുറിച്ചുള്ള ആകുലത അധികാരികളെ അറിയിക്കാന്‍ യൂണിഫോമിനൊപ്പം ഒരു ബാഡ്ജ് കൂടി ധരിച്ച് ജോലിക്കെത്തിയത്. ഏതായാലും അവരുടെ ആ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ധാരാളം പേര്‍ കണ്ടിരുന്നു. തുടര്‍ന്ന്, കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് അച്ചടക്ക ലംഘനം കണ്ടെത്തിയതും ശിക്ഷയായി സ്ഥലം മാറ്റം വരുന്നതും.

എന്തായാലും ശിക്ഷാ നടപടി നന്നായി, തൊഴില്‍ ചെയ്തിട്ടുകൂലി കൊടുക്കാത്തതിനെതിരെ അങ്ങനങ്ങു പ്രതികരിക്കുകയോ? അതും ഒരു വനിതാ കണ്ടക്ടര്‍? 'കേസു കൊടുക്കണം പിള്ളേച്ചാ...' എന്നു പറയുംമ്പോലെ, ആ പാവത്തിനെ സ്ഥലം മാറ്റിത്തന്നെ ആകണം സാറന്മാരേ. വെറും 41 ദിവസമല്ലേ വൈകിയുള്ളൂ ശമ്പളം കൊടുക്കാന്‍, അതിനൊക്കെ പ്രതികരിക്കാമോ ജീവനക്കാരേ?
സത്യത്തില്‍ ജീവനക്കാരെ പല വിധത്തില്‍ കഷ്ടപ്പെടുത്തി പരമാവധി ബുദ്ധിമുട്ടിച്ച്, ജനങ്ങള്‍ക്കു മുന്നില്‍ ഒരു വെള്ളാനയാണ് കെ എസ് ആര്‍ ടി സി എന്നു വരുത്തേണ്ടത് ആരുടെ ആവശ്യമാണ് എന്നതാണ് ചോദ്യം. പുതുതായി തുടങ്ങിയ സ്വിഫ്റ്റ് ലാഭത്തില്‍. കെ എസ് ആര്‍ ടി സി യുടെ ആസ്തികള്‍ പലതും സ്വിഫ്റ്റിനു കീഴിലേക്കു മാറ്റിത്തുടങ്ങിയിട്ടുമുണ്ട്.
കാത്തിരിക്കാം, ദയാവധമാണോ ആനവണ്ടി കോര്‍പ്പറേഷനു വിധിച്ചിരിക്കുന്നതെന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക