Image

ഫില്‍റ്റര്‍ മീശ സുന്ദരന്‍ മോഷണക്കേസില്‍ പിടിയില്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 12 April, 2023
ഫില്‍റ്റര്‍ മീശ സുന്ദരന്‍ മോഷണക്കേസില്‍ പിടിയില്‍ (ദുര്‍ഗ മനോജ് )

മീശ സുന്ദരന്‍ എന്നാണ് വിനീതിന്റെ ചെല്ലപ്പേര്. യു ട്യൂബില്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന സുന്ദരന്‍.അയാളുടെ മുഖത്തെ പ്രണയവും, വിരഹത്തില്‍ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളും ധാരാളം പെണ്‍കുട്ടികളുടെ ഉറക്കം കെടുത്തിയ കാലം, അതൊക്കെ പൊളിഞ്ഞ് പാളീസായത് യൂ ട്യൂബ് വീഡിയോ എങ്ങനെയാണ് എടുക്കേണ്ടത് എന്നു പഠിക്കാന്‍ താല്‍പര്യപ്പെട്ട പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചത് പുറം ലോകം അറിഞ്ഞതോടെയാണ്. ആശാന്‍ പോലീസ് കസ്റ്റഡിയിലായി. അതോടൊപ്പം മലയാളി മറ്റൊരു സംഭവം കൂടി തിരിച്ചറിഞ്ഞു, റീല്‍സ് സുന്ദരന്മാരും സുന്ദരികളും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല എന്ന്. ഫില്‍റ്ററുകള്‍ ആണവരെ സുന്ദര വദനരാക്കുന്നതെന്നും, ആ ഫില്‍റ്ററുകള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ റോളൊന്നുമില്ലെന്നും നമ്മള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
ഏതായാലും റീല്‍സില്‍ ആരാധകര്‍ ഉപേക്ഷിച്ചു പോയപ്പോള്‍ ജീവിക്കാന്‍ വഴികാണാതെ നായകന്‍ വലഞ്ഞു. ഒടുവില്‍ ഒരു സിനിമാക്കഥ പോലെ ഒരു തിരക്കഥ ഒരുക്കി. അത് പ്രകാരം മംഗലപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷാ പെട്രോള്‍ ബങ്കില്‍ നിന്നും ഉച്ചയോടെ പണമടയ്ക്കാന്‍ പോകുന്നത് വിനീതും സുഹൃത്ത് ജിത്തുവും നോക്കി നിന്നു. പണവുമായി പുറത്തു വന്ന ഉടന്‍ മോഷ്ടിച്ച ഡിയോ സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് വെച്ച് പതുങ്ങിയിരുന്ന പ്രതികള്‍ ഷായുടെ കൈയ്യിലെ പണം തട്ടിപ്പറിച്ചോടി. രണ്ടര ലക്ഷം രൂപയാണ് പൊതിയില്‍ ഉണ്ടായിരുന്നത്. വ്യാജ നമ്പര്‍ പ്ലേറ്റായിരുന്നു സ്‌ക്കൂട്ടറിന്. അന്വേഷണം അതോടെ പ്രതിസന്ധിയിലായി. ഏതായാലും കഴിഞ്ഞ 23ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് കേസിലെ പ്രതികള്‍ പിടിയിലായത്. നിലവില്‍ മീശക്കാരന്‍ ഫില്‍റ്റര്‍ വിനീതിനെതിരായി പത്ത് മോഷണക്കേസുകളും ഒരു റേപ്പ്‌കേസുമാണുള്ളത്.

കോവിഡ്ക്കാലത്താണ് ഇത്തരം റീലുകളുടെ ചാകര ആരംഭിച്ചത്. അതില്‍ മിന്നും താരങ്ങണ്ടായിരുന്ന പലരും ഫേക്കുകളുടെ ആശാന്മാര്‍ ആയിരുന്നു. സ്ത്രീകളും മോശമായിരുന്നില്ല.ഫില്‍റ്ററിട്ട് സുന്ദരന്മാരും സുന്ദരികളുമായി ഹണി ട്രാപ്പ് തട്ടിപ്പുകളും ധാരാളം അരങ്ങേറി.
അല്പം ജാഗരൂകരാകുന്നതു നല്ലതാണ്. സോഷ്യല്‍ മീഡിയല്‍ മിന്നുന്നത് ഫില്‍റ്റര്‍ ഇഫക്ടുകളാവും എന്നോര്‍ത്താല്‍ നന്ന്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക