Image

കളത്തിൽ ദേവീ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു; പ്രതിഷ്ഠാദിനം മെയ് രണ്ടിന്

Published on 26 April, 2023
കളത്തിൽ ദേവീ ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു; പ്രതിഷ്ഠാദിനം മെയ് രണ്ടിന്


ചാവക്കാട്: മണത്തല കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന നാല് ദിവസത്തെ 'കളമെഴുത്തും പാട്ടും' ഉത്സവം സമാപിച്ചു. നാഗകളം, ഭൂതകളം, ഭഗവതികളം, മുത്തപ്പൻകളം എന്നിവയാണ് നടത്തിയത്. ക്ഷേത്രത്തിനകത്തും പുറത്തുമായി മേലേക്കാവ്, കീഴെക്കാവ് എന്നീ സർപ്പക്കാവുകളുണ്ട്. ചിത്രകൂടക്കല്ലുകളിലാണ് ഇവിടെ നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്.



പുള്ളുവ ആചാര്യൻ വേലൂർ വിശ്വനാഥൻ മുരളി കളങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. ഭഗവതിയുടെ നടയിൽ നിന്നും താളമേള അകമ്പടിയോടെ താലപ്പൊലിയുമായി ചെന്ന് മേലേക്കാവിലെ നാഗദേവകളോടും ഹനുമാൻസ്വാമി, വനദുർഗ, മുത്തപ്പൻ, ഘണ്ടാകർണ്ണൻ, കാപ്പിരി, വീരഭദ്രൻ, കരിങ്കുട്ടി എന്നീ ഉപദേവതകളോടും ഉപചാരം ചൊല്ലി അനുവാദം വാങ്ങി, ക്ഷേത്രത്തിലെ കീഴെക്കാവിലെത്തി പൂജകൾ ചെയ്താണ് ഓരോ കളവും ആരംഭിക്കാറുള്ളത്.

മെയ് രണ്ടിനാണ് പ്രതിഷ്ഠാദിനം. കൊടുങ്ങല്ലൂർ ആല നന്ദു തന്ത്രി പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. രണ്ടിന് പുലർച്ചെ അഞ്ചരക്ക് മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകളിൽ പതിവ് പൂജകൾക്കു പുറമെ, പകൽ കലശപൂജ, കലശാഭിഷേകം, ഭൂവനേശ്വരീ കർമ്മം, ചിത്രകൂടപൂജ എന്നീ വിശേഷാൽ പൂജകളും കുടുംബമഹാസഭ, ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവകളും സന്ധ്യയ്ക്കു കൂട്ടപ്രാർത്ഥനയും ദീപാരാധനയും താലം വരവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും.



മണത്തലയുടെ കിഴക്ക് ഭാഗത്ത്, കളത്തിൽ റോഡിൽ, കനോലി കനാലിൻറെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിൽപരം വർഷം പഴക്കമുണ്ട്. കളത്തിൽ ദേവിയാണ് ഇവിടത്തെ പരദേവത. പ്രാചീനകാലത്ത്, ചാവക്കാട് ദേശത്തെ ഒരു പ്രബല തറവാട്ടുകാരായിരുന്നു കളത്തിൽകാർ. ഈ തറവാട്ടിലെ ഒരു കാർന്നവർ തൊഴിലാർത്ഥം, ഇന്നത്തെ കണ്ണൂർ നഗരഭാഗത്തുണ്ടായിരുന്ന, അക്കാലത്തെ കാനാത്തൂർ എന്ന ഗ്രാമത്തിലെത്തുകയും അവിടത്തെ ഒരു ബ്രാഹ്മണ സ്ത്രീയുമായി പ്രണയത്തിലാകുകയും അവരെ വിവാഹം കഴിച്ച് ഇവിടെ കൊണ്ടുവരികയുമുണ്ടായി. ഈ ബ്രാഹ്മണ സ്ത്രീയാണ് പില്ക്കാലത്ത് തറവാടിൻറെ പരദേവതയായി മാറിയത്. ഒരു ഈഴവ കുടുംബക്ഷേത്രമായ ഇവിടത്തെ പ്രധാന ഉപദേവതകൾ ഹനുമാനും വനദുർഗ്ഗയുമാണ്. മുത്തപ്പൻ, ഘണ്ടാകർണ്ണൻ, വീരഭദ്രൻ, കാപ്പിരി, കരിങ്കുട്ടി, ഗുളികൻ എന്നിവരേയും പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു.

കേരളത്തിലെ ഈഴവ കുടുംബക്ഷേത്രങ്ങളിൽ, ഹനുമാൻസ്വാമിയുടെയും വനദുർഗ്ഗയുടെയും സാന്നിദ്ധ്യമുള്ളതും ചിത്രകൂടക്കല്ലുകളിൽ നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളതുമായ ഒരു  അപൂർവ്വ ക്ഷേത്രമാണ് ഈ ക്ഷേത്രം. മണത്തലയിലെ മറ്റു കളത്തിൽ ക്ഷേത്രങ്ങളുടെയെല്ലാം മൂലക്ഷേത്രംകൂടിയാണ് ഇത്. ഇവിടെ നിത്യപൂജകൾ ഉണ്ടാകാറില്ല.

ഓരോ മാസവും ഇവിടത്തെ ദേവിയുടെ ജന്മനക്ഷത്രമായ ഉത്രം നാളിൽ നടത്തുന്ന പ്രതിമാസപൂജയാണ് ഇവിടെയുള്ളത്. മുൻ നിശ്ചയിക്കപ്പെട്ട രണ്ടോ മൂന്നോ കുടുംബക്കാർ ചേർന്ന് അതതു മാസത്തെ ദിവസപൂജ നടത്തി വരുന്നു.

കുഞ്ഞിമോൻ സഹദേവൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക