Image

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ പരാതിക്കാരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 31 May, 2023
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ പരാതിക്കാരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍ (ദുര്‍ഗ മനോജ് )

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പില്‍ പരാതിക്കാരനായ രാജേന്ദ്രന്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍, മൃതദേഹം സംസ്‌ക്കരിക്കാന്‍ കൂട്ടാക്കാതെ നാട്ടുകാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ ഒന്നരയോടെയാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍ നിന്നും എബ്രഹാമിനെ പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
ബാങ്ക് രേഖ പ്രകാരം രാജേന്ദ്രന് നാല്‍പ്പതു ലക്ഷം രൂപ കുടിശികയുണ്ട്. എന്നാല്‍ എണ്‍പതിനായിരം രൂപ മാത്രമാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ വായ്പയായി എടുത്തത്. ബാക്കിത്തുക ആ വായ്പാപേപ്പറില്‍ എഴുതിച്ചേര്‍ത്ത് അന്നത്തെ കോണ്‍ഗ്രസ് ഭരണസമിതിക്കാര്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് കേസ്. കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. 2017ല്‍ ആണ് രാജേന്ദ്രന്‍ കോടതിയില്‍ കേസ് നല്‍കുന്നത്. 70 സെന്റ് വീടും പറമ്പും പണയം വെച്ചാണ് എഴുപതിനായിരം രൂപ വായ്പ എടുത്തത്. വെറും എഴുപതിനായിരം രൂപ, നാല്‍പ്പത്തൊന്നു ലക്ഷമായി വര്‍ദ്ധിക്കുന്നതു മാത്രമല്ല, വായ്പയായി കൈപ്പറ്റിയ തുകയും തട്ടിപ്പു സംഘം തട്ടിച്ച തുകയും നല്‍കാതെ രാജേന്ദ്രന് വസ്തുവിന്റെ ആധാരം ബാങ്കില്‍ നിന്നും വിട്ടുകിട്ടുകയില്ല. കേസ് നിലവില്‍ നില്‍ക്കുമ്പോഴും ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ടു പോയതോടെയാണ് രാജേന്ദ്രന്‍ ആത്മഹത്യ ചെയ്യുന്നത്.

കേരളത്തിലെ സഹകരണ മേഖലയില്‍ നിന്നും ദിനംതോറും ഉയരുന്ന തട്ടിപ്പു വാര്‍ത്തകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാന വാര്‍ത്തയല്ലാതായി മാറുകയാണ് പതിവ്. സഹകരണ സ്ഥാപനങ്ങളില്‍ ഭരണ സമിതിയ്ക്കാണ് പ്രാധാന്യമെങ്കിലും കേരള സര്‍ക്കാര്‍ പുറത്തിറക്കിയ നിയമവും കാലാകാലങ്ങളില്‍ പരിഷ്‌ക്കരിക്കുന്ന ചട്ടങ്ങളും അനുസരിച്ച് രൂപപ്പെടുത്തുന്ന ബൈലോയ്ക്ക് അനുസൃതമായി വേണം സ്ഥാപനത്തിലെ ഓരോ കാര്യവും നടത്താനുള്ളത്. എന്നാല്‍, ഭരണ സമതിയുടെ രാഷ്ട്രീയത്തിനനുസരിച്ചാണ് നിയമനങ്ങള്‍ ഉള്‍പ്പെടെ സകല കാര്യങ്ങളും നടക്കുന്നത്. അങ്ങേയറ്റം മനുഷത്വ വിരുദ്ധമായ നിലപാടുകള്‍ ജീവനക്കാരോടു സ്വീകരിക്കുന്ന ഭരണസമിതികളും, തട്ടിപ്പുകള്‍ക്കു കൂട്ടുനിന്നില്ലെങ്കില്‍ പ്രതികാര നടപടി നേരിടേണ്ടി വരുന്ന ജീവനക്കാരും മാത്രമല്ല, ജീവനക്കാരുടെ അഭാവം മുന്‍നിര്‍ത്തി വലിയ തട്ടിപ്പുകള്‍ നടത്തുന്ന തട്ടിപ്പുജീവനക്കാര്‍ വരെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടുകയാണ്.
കമ്പ്യൂട്ടറൈസേഷനു മുഖം തിരിച്ചു നില്‍ക്കുന്ന സൊസൈറ്റികള്‍ മുതല്‍ ഏകീകൃത സോഫ്റ്റ് വെയര്‍ ഇനിയും രൂപപ്പെടുത്താന്‍ കഴിയാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരെ ഈ തട്ടിപ്പുകള്‍ക്ക് ചൂട്ടു പിടിക്കുകയാണ്. കേരള ബാങ്ക് നിലവില്‍ വന്നപ്പോള്‍ മുന്നോട്ടുവെച്ച പല നിര്‍ദ്ദേശങ്ങളും ഇന്നും ഫയലില്‍ ഉറങ്ങുന്നു. 
സഹകരണ സ്ഥാപനങ്ങള്‍ ഓരോ നാടിന്റേയും സ്പന്ദനമറിയുന്ന ധനകാര്യ സ്ഥാപനങ്ങളാണ്. അവ, യഥാര്‍ത്ഥത്തില്‍ വട്ടിപ്പലിശക്കാരില്‍ നിന്നും കൊള്ളപ്പലിശക്കാരില്‍ നിന്നും സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളാണ്. സകല രംഗത്തും ഓണ്‍ലൈനായി ഫയല്‍ നീക്കം നടക്കുന്ന ഇക്കാലത്ത്, ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണ് സഹകരണ വകുപ്പും, സഹകരണ സ്ഥാപനങ്ങളും. കാലത്തിനൊത്ത് ഫയല്‍ മാനേജ്‌മെന്റ് പരിഷ്‌ക്കരിക്കാതെ പഴയ കാല സംവിധാനമായി, റിട്ടയര്‍ ചെയ്തവരുടെ മേച്ചില്‍പ്പുറമാക്കി ഈ മേഖല ഇങ്ങനെ തുടരുമ്പോള്‍, പരിമിതികള്‍ സാഹചര്യമാക്കി വളര്‍ന്ന സ്ഥാപനങ്ങള്‍ തുച്ഛമാണ്. വായ്പയില്‍ ഉള്‍പ്പെടെ സുതാര്യത കൊണ്ടുവരാതെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാതെയും ഒരു പ്രസ്ഥാനത്തിനും അധികകാലം നിലനില്‍ക്കാനാകില്ല. അത് ആരാണ് കണ്ണുതുറന്നു കാണുക? ഒരു മരണം പോലും കാര്യമായ പ്രത്യാഘാതം സൃഷ്ടിക്കുന്നില്ല എന്നത് ഒട്ടും ആശാസ്യമല്ല തന്നെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക