Image

ജര്‍മ്മന്‍സാങ്കേതിക വിദ്യയെന്നു പറച്ചില്‍; റോഡ് കൈകൊണ്ട് ഉയര്‍ത്തി നാട്ടുകാര്‍(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 02 June, 2023
ജര്‍മ്മന്‍സാങ്കേതിക വിദ്യയെന്നു പറച്ചില്‍; റോഡ് കൈകൊണ്ട് ഉയര്‍ത്തി നാട്ടുകാര്‍(ദുര്‍ഗ മനോജ് )

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ കര്‍ജത് ഹാസ്ത് പൊഖാരിയിലെ റോഡ് അത്ഭുതമാകുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായാണ് റോഡു പണിതത്. എന്നാല്‍ റോഡില്‍ ആവശ്യത്തിന് മെറ്റലിട്ട് ഉറപ്പിക്കാതെ നടത്തിയ ടാറിങ് ഇപ്പോള്‍ ഒരു പാളിപോലെ റോഡില്‍ നിന്നും ഇളകി നില്‍ക്കുകയാണ്.  പരവതാനിപോലെ ഒരു ടാര്‍ ഷീറ്റ്! അതാണീ റോഡ്. റാണാ ഠാക്കൂര്‍ എന്ന ആളാണ് റോഡിന്റെ കരാറുകാരന്‍. എന്നാല്‍ കരാറുകാരനൊപ്പം ഈ വര്‍ക്ക് അംഗീകരിച്ച എഞ്ചിനീയര്‍ക്കെതിരേയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇനി ഈ വിഷയത്തിന്റെ മറുപുറം കൂടി നോക്കാം, കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ കലാസ്വാദകര്‍ക്കും സാഹിത്യപ്രേമികള്‍ക്കും ചുറ്റും കൂടിയിരിക്കാനും, പരിപാടികള്‍ നടത്താനും ഒരു വീഥിയുണ്ടായിരുന്നു. മാനവീയം വീഥി എന്നാണതിന്റെ പേര്. റോഡു നന്നാക്കാന്‍ കഴിഞ്ഞ ജൂണിനും മുന്‍പു കുഴിച്ചു മറിച്ചിട്ടതാണവിടെ. ഇപ്പോള്‍ റോഡുപണി നടത്താന്‍ കരാറുകാര്‍ ആരും മുന്നോട്ടു വരുന്നില്ല. ഇത് ഒരു റോഡിന്റെ കഥയല്ല, കോര്‍പ്പറേഷനുള്ളിലെ, പ്രത്യേകിച്ചും നഗരഹൃദയത്തിലെ ബഹുഭൂരിപക്ഷം ഇടറോഡുകളുടേയും അവസ്ഥ ഇതിനോടൊപ്പമോ ഇതിലും ഭീകരമോ ആണ്. രണ്ടാള്‍ താഴ്ചയില്‍ കുഴിച്ചിട്ടിരിക്കുന്ന റോഡുകള്‍ പോലുമുണ്ട് ഈ നഗരത്തില്‍ എന്നറിയുക. കരാര്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ കരാറുകാര്‍ പണി തുടങ്ങി. അത്യാവശ്യം ഗതാഗത യോഗ്യമായിരുന്ന റോഡുകള്‍ ജെസിബി കൊണ്ട് ആഴത്തില്‍ കുഴിച്ചു.പിന്നെ എന്താണു സംഭവിച്ചത് എന്നറിയില്ല കരാറുകാര്‍ പണിയില്‍ നിന്നും പിന്മാറുന്നു. ഫണ്ട് നല്‍കാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും കേള്‍ക്കുന്നുണ്ട്.
 ഒരു മഴയില്‍, നടക്കാന്‍ പോലും സാധിക്കാത്ത വിധം അക്ഷരാര്‍ത്ഥത്തില്‍ കുളമാക്കിയ റോഡുകള്‍ ഉള്‍പ്പെടെ, വലിയ പാറക്കല്ലും, നിര്‍മാണ സാമഗ്രികള്‍ നിറഞ്ഞ് ഇരുചക്രവാഹനത്തില്‍പ്പോലും യാത്ര അസാധ്യമാക്കിയ റോഡുകള്‍.
എപ്പോള്‍ പണി തീരുമെന്നു ചോദിച്ചാല്‍, രണ്ടു മാസത്തിനകം, ദാ ഇപ്പോള്‍, നാളെ, മറ്റന്നാള്‍ എന്നൊക്കെ തരം പോലെ മറുപടി വരും ഭരിക്കുന്നവരില്‍ നിന്ന്. എന്നാല്‍ ഉദ്യോഗസ്ഥര്‍, സ്ഥിതി അങ്ങനല്ല ഉടനൊന്നും ഒന്നും സംഭവിക്കില്ല എന്ന് ഒച്ച താഴ്ത്തിപ്പറയുന്നുണ്ട്.
പിന്നെ നമ്മുടെ വാര്‍ത്താ ചാനലുകള്‍, കാടുകയറിയ ആനയുടെ നഷ്ടപ്പെട്ട കാമുകിയെക്കുറിച്ച് ഫീച്ചറുകള്‍ രചിച്ച്, അന്തിച്ചര്‍ച്ച നടത്തിയാലും നഗരഹൃദയത്തില്‍, സ്വന്തം പത്രം ഓഫീസിന്റെ മുന്നിലെ വമ്പന്‍ കുഴിയെക്കുറിച്ചോ, തകര്‍ന്ന റോഡിനേക്കുറിച്ചോ കമാന്നൊരക്ഷരം മിണ്ടില്ല. അല്ല, കുഴിയെക്കുറിച്ച് ചര്‍ച്ചിച്ചിട്ട് എന്തു കിട്ടാനാ അവര്‍ക്ക് എന്നൊരു ചോദ്യം ബാക്കിയുണ്ട്.

അതുകൊണ്ട് കര്‍ജത് ഹാസ്ത് പൊഖാരിയിലെ ജനങ്ങളോട് കേരളത്തിന്റെ തലസ്ഥാനവാസി എന്ന നിലയില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഭാഗ്യവാന്മാരാണ്. നിങ്ങള്‍ക്കു ചുരുട്ടിയെടുക്കാനെങ്കിലും ഒരു ജര്‍മന്‍ ടെക്‌നോളജി റോഡെങ്കിലുമുണ്ട്. ഇവിടെ ഞങ്ങള്‍ക്കു മുന്നില്‍ ചെമ്മണ്ണു പറക്കുന്ന, പാറക്കല്ലുകള്‍ ഒളിഞ്ഞു കിടക്കുന്ന കഠിന പാതയാണു മുന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക