Image

നീണ്ടുപോകുന്ന അരിക്കൊമ്പന്‍ മിഷന്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 05 June, 2023
നീണ്ടുപോകുന്ന അരിക്കൊമ്പന്‍ മിഷന്‍ (ദുര്‍ഗ മനോജ് )

കേരളത്തില്‍ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത് വലിയ മാധ്യമശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു. കേരളത്തില്‍ ഇരുപത്തിനാലു മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷിച്ച് മുന്നില്‍ നിന്നത് വനം വകുപ്പു ഉദ്യോഗസ്ഥരേക്കാള്‍ മാധ്യമപ്പടയായിരുന്നു. അങ്ങനെ ചിന്നക്കനാലില്‍ നിന്നും പിടികൂടിയ അരിക്കൊമ്പനെ ഏപ്രില്‍ 29ന് മയക്കുവെടിവെച്ചു പിടികൂടി ലോറിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ഉള്‍വനത്തിലേക്കു മറഞ്ഞ അരിക്കൊമ്പന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴ്‌നാട് വനമേഖലയോടു ചേര്‍ന്ന് ജനവാസ കേന്ദ്രമായ മേഘമലയിലെത്തി. തുടര്‍ന്ന് കാട്ടിലേക്കു കയറിയും നാട്ടിലേക്ക് ഇറങ്ങിയും അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലും ശ്രദ്ധാകേന്ദ്രമായി. തുടര്‍ന്നാണ് ജനങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു കണ്ട്, അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അങ്ങനെയാണ്, രണ്ടു ദിവസമായി കാട്ടിനുള്ളില്‍ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പന്‍ നാട്ടിലിറങ്ങിയ തക്കം നോക്കി വീണ്ടും മയക്കുവെടിവെച്ച്, കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയും തുടര്‍ന്ന് തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തിലെ മണിമുത്തരു വനമേഖലയില്‍ തുറന്നു വിടുമെന്ന തീരുമാനത്തില്‍ തമിഴ്‌നാട് എത്തിച്ചേര്‍ന്നത്. തമിഴ്‌നാട് വനം വകുപ്പു മന്ത്രി, മതിവേന്തന്‍ ഇക്കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അരിക്കൊമ്പനെ തിങ്കളാഴ്ച വനത്തില്‍ തുറന്നു വിടരുത് എന്ന
മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ വന്നത്. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹൈക്കോടതിയുടെ മധുര ബെഞ്ച് നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും. അതു വരെ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് സംരക്ഷിക്കും.

ഞായറാഴ്ച്ച രാത്രി 12.30 ഓടെയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടി വെച്ചത്. അതിനു ശേഷം അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലിഫന്റ് ആംബുലന്‍സില്‍ കയറ്റി വനമേഖലയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് സ്റ്റേ വന്നത്.

ഇനി കാത്തിരിക്കാം നാളെ രാവിലെ പത്തര മണി വരെ എന്താകും വിധിയെന്നറിയാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക