
ആശാന് അക്ഷരം ഒന്നു പിഴച്ചാൽ ശിഷ്യരുടെ ഗതി അധോഗതിയാണെന്നാണു നാട്ടുപ്രമാണം. അങ്ങനെയെങ്കിൽ ജോലിക്കായി വ്യാജരേഖ ചമയ്ക്കുന്ന അധ്യാപിക പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ കാര്യമോ?
എഴുതാത്ത പരീക്ഷ ജയിക്കുക, പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തുക തുടങ്ങിയ കലാപരികൾ കാലാകാലങ്ങളായി നടന്നു വരുന്നുണ്ട് നമ്മുടെ നാട്ടിൽ. ഓരോ കാലത്തും ചില്ലറ മാറ്റങ്ങൾ മോഡ് ഓഫ് ഓപ്പറേഷനിൽ ഇതിന്റെ പ്രയോക്താക്കൾ കൊണ്ടുവരാറുമുണ്ട്. ഓർമ കാണും പഴയ, പ്രീഡിഗ്രി മാർക്കുതിരുത്തൽ കാലഘട്ടം. സംഗതി പുറത്തറിഞ്ഞത് ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോഴാണെങ്കിലും, തട്ടിപ്പിന്റെ വേരുകൾ അതിനും മുമ്പുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭാ കാലത്തേക്കും ആഴ്ന്നിറങ്ങിയതായിരുന്നെന്നും ജനം പിന്നീടു മനസിലാക്കി. അങ്ങനെയാണ് മെഡിക്കൽ എൻട്രൻസ് എന്ന ഗുലുമാലുണ്ടായത്. ഇതിനിടയിൽ കുറേ പേർ വ്യാജ മാർക്ക് ലിസ്റ്റിന്റെ ബലത്തിൽ ഡോക്ടർമാരായി മാറുകയും ചെയ്തു. എന്നാൽ അക്കാലമൊക്കെ മാറി, ഇപ്പോൾ പുത്തൻ പ്രശ്നം, പിഎച്ച്ഡി ക്കാർക്കും ജോലിയില്ല എന്ന സത്യസന്ധമായ അവസ്ഥയാണ്.
ആർട്സ് വിഷയങ്ങളിൽ പിഎച്ച്ഡി എടുത്താൽ ഗതികേട് കൂടുതലാണ്. ഏതെങ്കിലും കോളേജിലെ അദ്ധ്യാപകവൃത്തിയും, തുടർന്ന് യുജിസി അംഗീകാറുള്ള നിയമനം എന്ന നിധിയും എല്ലാവരുടേയും മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. കാശുണ്ടെങ്കിൽ കോടികൾ നൽകി ഏതെങ്കിലും മാനേജ്മെന്റ് കോളേജിൽ കയറിപ്പറ്റാം. ഇല്ലെങ്കിൽ ഗസ്റ്റായി, പലപ്പോഴായി പല കോളേജുകളിൽ പഠിപ്പിക്കാം. കോൺട്രാക്റ്റ് തീർന്നാൽ വീട്ടിൽ പോകാം എന്നതാണ് സ്ഥിതി. സംസ്കൃതം, മലയാളം, പോലുള്ള ഭാഷാ വിഷയങ്ങളിലെ പിഎച്ച്ഡി, അതു നേടുന്നവർക്ക് ഒരു ഭാരമാക്കുന്നതാണ് പിന്നീട് കാണുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആകുമ്പോൾ ഗസ്റ്റ് ഒഴിവുകൾക്കു ഡിമാന്റ് കൂടും. അങ്ങനെ വരുമ്പോൾ തന്ത്രങ്ങൾ മാത്രം പോര, കുതന്ത്രവും വേണം. അതാണിപ്പോൾ കെ. വിദ്യ എന്ന യുവതിയെ കുടുക്കിയത്. കെ.വിദ്യ നിലവിൽ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥനിയാണ്. ഗവേഷണം പൂർത്തിയായിട്ടില്ല. യഥാർത്ഥത്തിൽ എം എ യ്ക്കു എറണാകുളം മഹാരാജാസിൽ പഠിച്ചിരുന്ന കാലഘട്ടത്തിൽ, അവിടെ പഠിപ്പിക്കുകയായിരുന്നു എന്നാണ് വിദ്യ വ്യാജരേഖ ഉണ്ടാക്കിയത്. അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ ഗസ്റ്റ് ഫാക്കൽറ്റി വേക്കൻസിക്കുള്ള ഇന്റർവ്യൂവിൽ പ്രവൃത്തി പരിചയം കാണിക്കുന്നതിന് വിദ്യ നൽകിയത് മഹാരാജാസ് കോളേജിൽ ഗസ്റ്റായി ജോലി ചെയ്തു എന്ന വ്യാജരേഖ.
ഇന്റർവ്യൂ ബോർഡിലുള്ളവർക്കു തോന്നിയ സംശയമാണ് കഴിഞ്ഞ പത്തു വർഷത്തിനിടെ ഗസ്റ്റ് നിയമനം നടത്തിയിട്ടില്ലാത്ത മഹാരാജാസ് കോളേജിന്റെ പേരിൽ നൽകി വ്യാജ കത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു കൊണ്ടുവന്നത്. ഈ മാസം രണ്ടിന് പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ കോളേജിൽ ഹാജരാക്കിയ കത്തുകയിൽ 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരേയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരേയും. മഹാരാജാസിൽ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നതായി കാണിച്ചിരുന്നു.എന്നാൽ ഇന്റർവ്യൂ പാനലിൽ ഉള്ളവർ സംശയം തോന്നി കോളേജിൽ അന്വേഷിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
സംഭവം വിവാദമായപ്പോൾ കോളേജ് പ്രിൻസിപ്പാൾ പരാതി നൽകുകയായിരുന്നു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലും തിരിമറി നടന്നതായി ഇപ്പോൾ സംശയമുണ്ട്.
ഇപ്പോൾ എന്തു തോന്നുന്നു?
ഗെസ്റ്റ് അധ്യാപനത്തിന് വ്യാജ സീൽ പതിപ്പിച്ചു രേഖയുണ്ടാക്കാൻ കഴിയുന്നവരാണ് ഒരു യുവതയെ നയിക്കുന്ന അധ്യാപകരാകുന്നത്. അക്കാര്യം ഒരാൾ ഒറ്റയ്ക്കു നടപ്പിലാക്കുന്നതുമാകില്ല എന്നുറപ്പ്.കൂട്ടുപ്രതികളും നിയമത്തിനു മുന്നിൽ വരുമോ? ഇനി ഈ സംഭവം ഒട്ടും ചെറിയ കാര്യമല്ലെന്ന് അധികാരികൾക്കു മനസ്സിലാകുമോ? കാണാം ആരോപണ,പ്രത്യാരോപണങ്ങൾ.