Image

സംഘടന തീരുമാനിക്കും മന്ത്രി അനുസരിക്കും; മധ്യവേനലവധി മാർച്ച് 31നു തന്നെ

ദുർഗ മനോജ് Published on 08 June, 2023
സംഘടന തീരുമാനിക്കും മന്ത്രി അനുസരിക്കും; മധ്യവേനലവധി മാർച്ച് 31നു തന്നെ

സ്ക്കൂളുകളിലെ മധ്യവേനൽ അവധി ഇനി മാർച്ച് 31നു തന്നെ. 210 സ്ക്കൂൾ പഠനദിനങ്ങൾ ലക്ഷ്യമിട്ട് സ്ക്കൂൾ വാർഷികാവധി ഏപ്രിൽ 6 ലേക്കു മാറ്റിയത് അധ്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്നു സർക്കാർ പിൻവലിച്ചു. അധ്യാപകസംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. 2023-24  അക്കാദമിക വർഷത്തെ അധ്യയനദിനങ്ങൾ 205 ആയി നിജപ്പെടുത്തി. യോഗത്തിൽ അധ്യാപക സംഘടനകളുടെ നിർദ്ദേശത്തെത്തുടർന്നാണ് അഞ്ചു ദിവസത്തെ കുറവു വരുത്താൻ സർക്കാർ തയ്യാറായത്. മുഴുവൻ ശനിയാഴ്ചകളും പ്രവൃത്തി ദിനമാണെന്ന പ്രചാരണവും ശരിയല്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. 52 ആഴ്ചകളിൽ വെറും പതിമൂന്ന് ശനിയാഴ്ചകൾ മാത്രമേ പ്രവർത്തിക്കേണ്ടു. നിലവിലെ നിയമപ്രകാരവും കോടതി വിധികളുടെ അടിസ്ഥാനത്തിലുമാണ് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനം ലഭിക്കാത്തപ്പോൾ മാത്രം ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിയത്.
2022-23 അക്കാദമിക് വർഷത്തിൽ 198 അധ്യയന ദിനങ്ങളേ ലഭിച്ചിരുന്നുള്ളൂ. നാല് ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമാക്കി 202 അധ്യയന ദിനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമിക കലണ്ടറിൽ ഉണ്ടായിരുന്നത്. 2023-24 ൽ 192 സാധാരണ അധ്യയന ദിനങ്ങൾക്കൊപ്പം 13 ശനിയാഴ്ചകൾ കൂടിച്ചേർത്ത് 205 അധ്യയന ദിനങ്ങൾ സൃഷ്ടിക്കും.
എന്നാൽ പ്രവേശനോത്സവ സമയത്ത് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഇതായിരുന്നില്ല. മാർച്ച് 31 നു ആരംഭിക്കേണ്ട വാർഷികാവധി ഏപ്രിൽ ആറിലേക്കു മാറ്റുകയാണ് എന്നാണ്. അതു വഴി ലഭിക്കുന്ന അഞ്ച് പ്രവൃത്തി ദിനങ്ങൾ ചേർത്ത് 210 അധ്യയന ദിനങ്ങൾ തികയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ എട്ടാഴ്ച വേനലവധി ഏഴാഴ്ചയിലേക്കു ചുരുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അധ്യാപക സംഘടനകൾ നിലപാട് എടുത്തു. സർവീസ് ചട്ടങ്ങളും കോടതി വിധികളും മറികടന്ന് ഏകപക്ഷീയമായി സർക്കാർ മുന്നോട്ടു പോയാൽ അധ്യാപക സംഘടകൾ അത് അംഗീകരിക്കില്ല എന്നു നിലപാടിനു മുന്നിൽ സർക്കാർ നിലപാട് ദുർബലമായി. സംഘടനാശക്തിക്കു മുന്നിൽ കീഴടങ്ങാത്ത സർക്കാരുണ്ടോ? പ്രവൃത്തി ദിനം അങ്ങനെ കലണ്ടറിൽ 205 ആക്കി തീരുമാനമായി.
 ഇതൊന്നും കണക്കാക്കണ്ട, ഇനി എത്ര ദിവസം യഥാർത്ഥത്തിൽ പ്രവൃത്തിദിനമാകുമെന്നതു തീരുമാനിക്കുന്നത്  മഴ, കൊടുങ്കാറ്റ്, അപ്രതീക്ഷിത ഹർത്താൽ തുടങ്ങിയവയാണെന്ന് കേരളത്തിലെ ഏതു പ്രൈമറി സ്ക്കൂൾ കുട്ടിക്കും അറിയുന്ന കാര്യമാണല്ലോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക