പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ചിലർ ഉണ്ടാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് പ്ലസ് വണ്ണിന് ഗവൺമെന്റ്, എയിഡഡ് സ്ക്കൂളുകളിലെ സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അൺ എയിഡഡ് 54,585. ആകെ സീറ്റുകൾ 4,58,205 ആണ്. അതേസമയം പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ഇത്തവണയുള്ളത്.
മലപ്പുറം ജില്ലയിൽ മാത്രം 80,922 വിദ്യാർത്ഥികളാണ് ആകെ ഇത്തവണ അപേക്ഷകരായിട്ടുള്ളത്. സർക്കാർ, എയിഡഡ് സ്ക്കൂളുകളിലായി 55,590 സീറ്റുകൾ മാത്രമാണ് ജില്ലയിലുള്ളത്. അൺ എയിഡഡ് സീറ്റുകൾ 11,286, വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 2,820 ഉം. അതായത് 11,226 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളത്.
മാർജിനൽ സീറ്റ് വർദ്ധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകൾ മുഖ്യഘട്ട അലോട്ട്‌മെന്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മതിയായ വിദ്യാർത്ഥികൾ ഇല്ലാത്ത 14 ബാച്ചുകൾ മലപ്പുറത്തേയ്ക്ക് ഒന്നാം അലോട്ട്‌മെന്റിൽ പ്രയോജനം ലഭിക്കത്തക്കവിധം ഷിഫ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം. ഈ വർഷം എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും വിധം മുഖ്യഘട്ട അലോട്ട്‌മെന്റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എയ്ഡഡ് മേഖലയിൽ കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. താൽകാലിക ബാച്ച് ആകും ഇപ്പോൾ എയ്ഡഡ് മേഖലയിൽ അനുവദിക്കുക. സാധ്യമായത് എല്ലാം ചെയ്ത് വടക്കൻ ജില്ലകളിലെ സീറ്റ് പ്രശ്നത്തിന് അടുത്ത വർഷത്തോടെ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.