അവസാന പ്രവൃത്തി ദിനത്തില്‍ ആ മാസം ചെയ്ത ജോലിയുടെ ശമ്പളം ബാങ്ക് അക്കൗണ്ടില്‍ വന്നു വീഴണം എന്നാണ് നാട്ടുനടപ്പ്. അതാണ് സ്ഥാപനം പാലിക്കേണ്ട സാമാന്യ മര്യാദയും. എന്നാല്‍ ഈ ഓണക്കാലത്ത് കഴിഞ്ഞ മാസത്തെ ശമ്പളംകൈയില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് കെ എസ് ആര്‍ ടി സി തൊഴിലാളികള്‍. പണ്ടൊക്കെ സമരം ഒരു ആയുധമാക്കാമായിരുന്നു.അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും നടത്തിയ സമരങ്ങള്‍ ഏറെ കണ്ടവരുമാണ് നമ്മള്‍. എന്നാല്‍ ഇപ്പോള്‍ സമരം നടത്തിയാല്‍ കിട്ടാനുള്ളതും കിട്ടില്ല എന്നതുകൊണ്ട് തൊഴിലാളികള്‍ ദുരിതക്കടലിലായി. ഇന്ന് ഇരുപത്തിരണ്ടാണ് തീയതി. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 22 ന് മുന്‍പ് കൊടുക്കും എന്നതായിരുന്നു വാഗ്ദാനം.അതനുസരിച്ച് 40 കോടി ധനവകുപ്പ് പാസാക്കി. പക്ഷേ പാസാക്കിയ തുക അക്കൗണ്ടില്‍ വരാതെന്തു ചെയ്യാന്‍? ഫലം തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല.
ഓണമായതിനാല്‍ ശമ്പളത്തിനൊപ്പം ഓണം അലവന്‍സും നല്‍കും എന്നു പറഞ്ഞിരുന്നെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. അത് തീരുമാനമാകുമ്പോള്‍ 2024 ഓണം കഴിയാന്‍ സാധ്യതയുണ്ട്.
ഇതിനിടയില്‍ ഹൈക്കോടതി ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്, ശമ്പളം നല്‍കണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓര്‍മിപ്പിക്കുന്നത് എന്തിന് എന്നാണ് ആ ചോദ്യം.
പണ്ട് പറയും, അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന്. അതായത് അത്തത്തിന് മഴ പെയ്തു മാനം കറുത്താല്‍ തിരുവോണം തെളിഞ്ഞ ഓണമാകുമെന്നു ചുരുക്കം. കാലം മാറിയപ്പോള്‍ ഓണം ഘോഷിക്കാന്‍ മഴയൊന്നും ഒരു വിഷയമല്ലാതായി. എന്നാലോ പണം വലിയ പ്രശ്‌നമാണുതാനും. അതു കൊണ്ട് അത്തത്തിനു മഴ പെയ്താല്‍ ഓണം വെളുക്കും എന്ന ചൊല്ലുമാറ്റി, ഒന്നാം തീയതി ശമ്പളം കൃത്യമായി കിട്ടിയാല്‍ ഓണം വെളുക്കുമെന്ന് ചൊല്ല് ഒന്നു മാറ്റിപ്പിടിച്ചാല്‍ നന്നാകുമെന്നു തോന്നുന്നു. കെ എസ് ആര്‍ ടി സി തൊഴിലാളികളുടെ ഗതി അറിയുന്ന മഹാബലി എന്തായാലും ആ മാറ്റം എതിര്‍ക്കാന്‍ സാധ്യതയില്ല.