Image

ജൈവമായിട്ടും കാര്യമില്ല; മൊത്തം വിഷമയം തന്നെ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 13 September, 2023
ജൈവമായിട്ടും കാര്യമില്ല; മൊത്തം വിഷമയം തന്നെ (ദുര്‍ഗ മനോജ് )

ഇത്രകാലം ഒരു വിശ്വാസമുണ്ടായിരുന്നു ജൈവമാണോ? സംഗതി സേഫ് ആണ് എന്ന്. എന്നാല്‍ അതൊക്കെ വെറും മിത്തു മാത്രമെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ജൈവ പച്ചക്കറി എന്ന പേരില്‍ വില്‍ക്കുന്നവയില്‍ കീടനാശിനി സാന്നിധ്യമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊതുവേ പഴി മുഴുവന്‍ തമിഴ്‌നാട് കര്‍ഷകര്‍ക്കാണ്. അവര്‍ നമ്മള്‍ മലയാളികളെ വിഷം തീറ്റിക്കുന്നു എന്നാണു പരാതി.എന്നാല്‍ ഇപ്പോള്‍ ജൈവ പച്ചക്കറി, ഇക്കോ ഷോപ്പ് എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച പച്ചക്കറികളിലും യഥാക്രമം 21.73%, 48.21% എന്നീ തോതുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. കേരള സര്‍വകലാശാലയാണ് പഠനം നടത്തിയത്. 2022 ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 2023 വരെയായിരുന്നു പഠനം. വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച സാംപിളുകളില്‍ 35.64% ല്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. പഴവര്‍ഗങ്ങളില്‍ 66.67% ആണ് കീടനാശിനി സാന്നിധ്യം. സാലഡ് വെള്ളരി, പച്ച ആപ്പിള്‍, ചീര, കാപ്‌സിക്കം, ബജി മുളക്, തണ്ണി മത്തന്‍ എന്നു തുടങ്ങി പച്ചക്കു കഴിക്കുന്നവയിലും അല്ലാത്തവയിലും കീടനാശിനിമയം തന്നെ.
പകുതി വേവിച്ചു വില്‍ക്കുന്ന ചപ്പാത്തി, പൊറോട്ട തുടങ്ങിയവയില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു മാനദണ്ഡപ്രകാരമാണോ എന്നു പരിശോധിക്കണമെന്നു സമതി ശുപാര്‍ശ ചെയ്തു. ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ലാബുകളില്‍ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. പ്രധാന ചെക് പോസ്റ്റുകളില്‍ പാല് പരിശോധനയ്ക്കു സംവിധാനം വേണം.മയൊണൈസില്‍ പാസ്ചചറൈസ്ഡ് മുട്ട  ഉപയോഗിക്കണം, ഇറച്ചിയിലെ ആന്റിബയോട്ടിക് സ്റ്റിറോയ്ഡ് സാന്നിധ്യം കണ്ടെത്താന്‍ നിരന്തരം പരിശോധിക്കണം തുടങ്ങിയ മറ്റ് ശുപാര്‍ശകളും നിയമസഭാ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ശുപാര്‍ശകള്‍ നന്ന്. നടപ്പാവാന്‍ സാധ്യത കുറവായതിനാല്‍ ചിന്തിച്ച് നേരം കളയേണ്ടതില്ല. അതായത്, വീട്ടില്‍ നട്ടുവളര്‍ത്തുന്നു എന്ന പേരില്‍ വരുന്നതും, ജൈവം എന്ന പേരിട്ട് കൊള്ള വിലയ്ക്ക് വില്‍ക്കുന്നതും, ആ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ നമ്മുടെ ചാലക്കമ്പോളത്തില്‍ കൊണ്ടിറക്കുന്നതും ഒക്കെ ഒരേ അവതാരം തന്നെന്നു ചുരുക്കം. വീട്ടില്‍ രണ്ടു മൂടു വെണ്ടയെങ്കിലും നട്ടവര്‍ക്കറിയാം കീടനാശിനി ഇല്ലെങ്കില്‍ ഒരു കായ പോലും പറിച്ച് സാമ്പാറിലിടാം എന്ന മോഹം വേണ്ടെന്ന്. അപ്പോപ്പിന്നെ ഇനിയിപ്പം വരുന്നിടത്തു വെച്ചു കാണുക തന്നെ. അല്ലാതെന്ത്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക