Image

ക്രിമിനലുകൾക്ക് വേദി അനുവദിക്കരുത്, ചാനലുകൾക്ക് കേന്ദ്രത്തിൻറെ മാർഗനിർദേശം

Published on 22 September, 2023
ക്രിമിനലുകൾക്ക് വേദി അനുവദിക്കരുത്, ചാനലുകൾക്ക് കേന്ദ്രത്തിൻറെ മാർഗനിർദേശം

അഭിമുഖങ്ങളിലും റിപ്പോര്‍ട്ടുകളിലും ഉള്‍പ്പെടെ ടെലിവിഷന്‍ പരിപാടികളില്‍ കുറ്റവാളികള്‍ക്ക് വേദി അനുവദിക്കരുത് എന്ന് മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍, തീവ്രവാദക്കുറ്റങ്ങള്‍ എന്നിവ ചുമത്തപ്പെട്ടവര്‍, നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ എന്നിവരുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ മുന്‍കരുതല്‍ പാലിക്കണം എന്നാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം വ്യക്തികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍, റഫറന്‍സുകള്‍, ദൃശ്യങ്ങള്‍, ആശയങ്ങള്‍ എന്നിവയ്ക്ക് വേദി നല്‍കുന്നതില്‍ ടെലിവിഷന്‍ ചാനലുകള്‍ കരുതല്‍ പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ - കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്തരം ഒരു നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍, തീവ്രവാദക്കുറ്റങ്ങള്‍ എന്നിവ ചുമത്തപ്പെട്ടവര്‍, നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ എന്നിവരുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ മുന്‍കരുതല്‍ പാലിക്കണം. തീവ്രവാദം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുകയും നിരോധിച്ചിട്ടുള്ള സംഘടനയില്‍ അംഗവുമായ വിദേശരാജ്യത്തുള്ള ഒരു വ്യക്തിയെ ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യം ശ്രദ്ധയില്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ പരിപാടിയില്‍ പ്രസ്തുത വ്യക്തി രാജ്യത്തിന്റെ പരമാധികാരം/അഖണ്ഡത, ഇന്ത്യയുടെ സുരക്ഷ, വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം എന്നിവയ്ക്ക് ഹാനികരമായ നിരവധി പ്രസ്താവനകള്‍ നടത്തുകയുണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

പരിപാടികളും അഭിമുഖങ്ങളും വാര്‍ത്തകളും നല്‍കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതും സിടിഎന്‍ ആക്ടിന്റെ സെക്ഷന്‍ 20 ലെ ഉപവകുപ്പ് (2) പ്രകാരം പരാമര്‍ശിച്ചിരിക്കുന്നതുമായ നിയന്ത്രണങ്ങള്‍ ചാനലുകള്‍ പാലിക്കണമെന്നും വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക