പ്രതിദിനം പന്ത്രണ്ടായിരത്തിൽ ഏറെ യാത്രക്കാരാണ് ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്നത് എന്നു റിപ്പോർട്ട്. ആഗസ്റ്റ് മാസത്തിൽ മൂന്നുലക്ഷത്തിഎഴുപത്തിമൂവായിരം പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്.
കഴിഞ്ഞവർഷം ഓഗസ്റ്റിൽ 2.95 ലക്ഷം പേർ യാത്ര ചെയ്തിടത്താണ് ഈ വർഷം ഉണ്ടായ കുതിപ്പ്. 26 % വർദ്ധനയാണ് ഒരു വർഷം കൊണ്ടുണ്ടായത്. പ്രതിദിനം എൺപതിലേറെ വിമാനങ്ങൾ ഇവിടെ വന്നു പോകുന്നു. കഴിഞ്ഞ മാസം 2416 വിമാനങ്ങളാണ് സർവീസ് നടത്തിയത്. ഇതിൽ ആഭ്യന്തര യാത്രക്കാർ 1.97 ലക്ഷം പേരാണ്. വിദേശത്തേക്കു പറന്നത് 1.75 ലക്ഷം പേരും.
തിരുവനന്തപുരം പെരുമ നേടുമ്പോൾ, ആളൊഴിഞ്ഞ പൂരപ്പറമ്പു പോലൊരു എയർപോർട്ട് ഉത്തരകേരളത്തിനു സ്വന്തമായുണ്ട്.പ്രതാപ നഷ്ടം സംഭവിച്ചത് കണ്ണൂർ വിമാനത്താവളത്തിനാണ്. വെറും അഞ്ചു വർഷമേ വേണ്ടി വന്നുള്ളൂ കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ. യാത്രക്കാർക്കു കുറവു വന്നതുകൊണ്ടല്ല വിമാനത്താവളം യാത്രക്കാരാൽ ഉപേക്ഷിക്കപ്പെട്ടത്, മറിച്ച് സർക്കാരുകളുടേയും കിയാലിൻ്റെയും അനാസ്ഥകൊണ്ടു തന്നെയാണ്.
കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കാൾ പദവി കേന്ദ്ര സർക്കാർ നൽകിയാൽ മാത്രമേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ സാധിക്കൂ. എന്നാൽ രാജ്യത്ത് പോയിൻ്റ് ഓഫ് കാൾ ഉള്ള വിമാനത്താവളങ്ങളുടെ എണ്ണം കൂടുതലാണെന്നും അതിനാൽ ഗ്രാമപ്രദേശത്തുള്ള വിമാനത്താവളങ്ങൾക്ക് ആ പദവി നൽകാനാകില്ല എന്നും കേന്ദ്രം ശഠിക്കുന്നു. ഏതായാലും കണ്ണൂരിൽ നിന്ന് ആകെ രണ്ട് ആഭ്യന്തര വിമാനക്കമ്പനികൾ മാത്രമേ ഇപ്പോൾ സർവീസ് നടത്തുന്നുള്ളൂ. അതും ആഭ്യന്തര സർവീസുകൾ മാത്രം.
കൊട്ടിഘോഷിച്ച് ആരംഭിക്കുന്നതൊക്കെ ഇങ്ങനെ നഷ്ടത്തിൽ കലാശിക്കുമ്പോൾ, സ്വകാര്യ സംരംഭത്തിൽ ലാഭം മാത്രം ഉണ്ടാകുന്ന മാജിക് ഈ വിമാനത്താവള കഥയിലും തുടരുന്നു.