Image

26 വര്‍ഷം ജയിലില്‍ക്കഴിഞ്ഞ ആളെ മോചിപ്പിച്ച് സുപ്രീം കോടതി വിധി

ദുര്‍ഗ മനോജ് Published on 22 September, 2023
26 വര്‍ഷം ജയിലില്‍ക്കഴിഞ്ഞ ആളെ മോചിപ്പിച്ച് സുപ്രീം കോടതി വിധി

ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി സവിശേഷ ശ്രദ്ധ നേടുന്നു. കേരളത്തില്‍, അങ്കമാലിയില്‍ സംഭവിച്ച ഒരു കൊലപാതകക്കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തുന്ന കേസില്‍ ശിക്ഷിക്കപ്പെട്ടവരെ നല്ല നടപ്പു പരിഗണിച്ച് നേരത്തേ മോചിപ്പിക്കുന്നതില്‍ കേരള സര്‍ക്കാര്‍ 2022 ല്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ച് ജയില്‍ ഉപദേശക സമിതിയുടെ നിരന്തരമായ ശുപാര്‍ശകള്‍ നിഷേധിച്ചിരുന്നു. അതിനെതിരെയാണ് സുപ്രീം കോടതി വിധി.

കേസിന് ആസ്പദമായ സംഭവം ഇതാണ്. 1994 ല്‍ അങ്കമാലി കുറുകുറ്റി കൂവേലി ജോസഫ് തന്റെ ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. 1996 ല്‍ വിചാരണക്കോടതി വിട്ടയച്ചുവെങ്കിലും 1988ല്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഈ ശിക്ഷാവിധി 2000 ല്‍ സുപ്രീം കോടതി ശരിവെച്ചു. 1988മുതല്‍ ജോസഫ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇപ്പോള്‍ 66 വയസ്സുള്ള ജോസഫ് 26 വര്‍ഷം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ച ശിക്ഷാ ഇളവിനായി ജോസഫ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തടവുശിക്ഷയിലൂടെ മാനസാന്തരപ്പെട്ട ആളെ എന്നെന്നേക്കുമായി ജയിലില്‍ ഇടുന്നതു കൊണ്ട് എന്തു നേട്ടമാണുള്ളതെന്നു കോടതി ചോദിച്ചു. നീണ്ടകാലത്തെ ജയില്‍ ശിക്ഷ തടവുകാരെ മാനസികമായി തകര്‍ക്കുകയും നിരാശയിലേക്കു തള്ളി വിടുകയും ചെയ്യും.തെറ്റു ക്ഷമിക്കാനറിയാത്ത സമൂഹമാണ് നമ്മുടേത് എന്ന സൂചനയാണ് അതു നല്‍കുക. അതിനാല്‍ നല്ല പെരുമാറ്റത്തിന് തടവുകാരന് പ്രതിഫലം നല്‍കുന്ന ശിക്ഷാ ഇളവു പോലുള്ളവ പൂര്‍ണമായും നിരാകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ദീപാങ്കര്‍ മേത്ത എന്നിവരുടെ ബഞ്ച് വിലയിരുത്തി. ശിക്ഷാ ഇളവ് നിഷേധിക്കുന്നതു തുല്യതയ്ക്കും ജീവിക്കാനുള്ള അവകാശം സംബന്ധിച്ച ഭരണഘടനാ വകുപ്പുകള്‍ക്കും എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ തെറ്റ് മനസ്സിലാക്കിയ ആളെ ശിക്ഷിക്കുന്നതില്‍ കാര്യമില്ല. ആജീവനാന്ത തടവുശിക്ഷയ്ക്ക് വിധിക്കുന്നത് ഒരിക്കലും സ്വതന്ത്ര്യം ലഭിക്കാതെ ജയിലിനുള്ളില്‍ മരിക്കാന്‍ കാരണമാകരുത് എന്നും കോടതി വ്യക്തമാക്കി. ഈ വിധിയോടെ ഇരുപത്താറ് വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ നിന്നും ജോസഫ് മോചിതനാവുകയാണ്.

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ എത്ര കടുത്ത ശിക്ഷാവിധിയും പര്യാപ്തമല്ലെന്നു കരുതുമ്പോഴും, ശിക്ഷാ കാലയളവില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ട് അക്രമ സ്വഭാവം വെടിയുന്നവര്‍ക്ക് തിരികെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയാണ് നിലവില്‍ ശിക്ഷാവിധിയിലെ ഇളവ്. അതാണ് സുപ്രീം കോടതിയും പരിഗണിച്ചിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക