
ഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് രംഗത്ത്. കനേഡിയൻ പൗരൻമാർക്ക് വിസ നിർത്തി വെച്ചതിൽ പഞ്ചാബ് കോൺഗ്രസ് ആശങ്ക രേഖപ്പെടുത്തി.
കനേഡിയൻ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്ന നടപടിയാണിത്. വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് പിസിസി അധ്യക്ഷൻ അമരിന്ദർ സിങ് രാജ വഡിങ് ആവശ്യപ്പെട്ടു.
ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണുന്നതിനായി കാനഡയിൽ ഉള്ളവർക്ക് നാട്ടിലേക്ക് വരേണ്ടതാണെന്നും പഞ്ചാബ് പിസിസി പറയുന്നു. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായത്.
അതേസമയം, കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന സാഹചര്യത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്.