തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന.
നിയമനത്തെക്കുറിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം മുൻകൂട്ടി അറിയിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അമര്‍ഷമുണ്ടെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ചാനല്‍ സ്ക്രോളുകളിലൂടെയാണ് നിയമനം സംബന്ധിച്ച വിവരം സുരേഷ് ഗോപി അറിഞ്ഞത്. ഇതിലുള്ള അമര്‍ഷം ബിജെപി കേന്ദ്ര നേതൃത്വത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹം നേരിട്ട് അറിയിച്ചേക്കുമെന്നാണ് വിവരം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. കരുവന്നൂര്‍ കേസില്‍ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. പദവി വഹിക്കുന്നത് സജീവ രാഷ്ട്രീയത്തിന് തടസമാകുമോയെന്നും സുരേഷ് ഗോപി സംശയിക്കുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമനം മൂന്ന് വര്‍ഷത്തേക്കാണ് എന്നതിനാല്‍ ലോക്സഭയിലേക്ക് മത്സരിക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചേക്കില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിയമനത്തെ ചോദ്യംചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിക്ക് പുതിയ നിയമനം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസസമയം ഇക്കാര്യത്തില്‍ സുരേഷ് ഗോപി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.