
അലഹബാദ്: ഹിന്ദു മതത്തെ വിമര്‍ശിച്ചെന്നും ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നും ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ജയിലിലടക്കപ്പെട്ട മൂന്ന് ക്രിസ്ത്യൻ വനിതകള്‍ക്ക് ഹൈകോടതി ജാമ്യം നല്‍കി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് അറസ്റ്റിലായ സ്ത്രീകള്‍ക്കാണ് അലഹബാദ് ഹൈകോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി അനിതാ ദേവിയും മറ്റുപ്രതികളും ചേര്‍ന്ന് അ്സംഗഡ് ജില്ലയിലെ മഹാരാജ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ 35ഓളം പേരുടെ യോഗം സംഘടിപ്പിച്ചുവെന്നും അതില്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ പ്രേരിപ്പിച്ചുവെന്നുമാണ് കേസ്. യോഗത്തില്‍ ഹിന്ദു മതത്തെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പറഞ്ഞതായി വിവരം ലഭിച്ചുവെന്ന് ഒരാള്‍ അറിയിച്ചതായി എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ പണം വാഗ്ദാനം ചെയ്തതായും അത് നിഷേധിച്ചപ്പോള്‍ അധിക്ഷേപിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.
യു.പിയിലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3/5(1) വകുപ്പ് പ്രകാരവും ഐ.പി.സി 504, 505 (2), 506 പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, തങ്ങള്‍ ആരെയും മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും ഹിന്ദു മതത്തിനെതിരായി എന്താണ് പറഞ്ഞത് എന്നതിനെ കുറിച്ച് പരാതിക്കാര്‍ക്ക് വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഭരണഘടന അനുവദിച്ച മതവിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഉണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതികള്‍ ജാമ്യത്തിന് അര്‍ഹരല്ലെന്ന് തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിക്രം ഡി. ചൗഹാനാണ് മൂവര്‍ക്കും ജാമ്യം നല്‍കിയത്.
ജാമ്യം നല്‍കുന്നതിനെ യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ (എ.ജി.എ) എതിര്‍ത്തുവെങ്കിലും ഹിന്ദുമതത്തെ അവഹേളിച്ചുവെന്ന് പറഞ്ഞതിന്റെ വിശദാംശങ്ങളോ തെളിവുകളോ ഹാജരാക്കാനായില്ല. ജാമ്യം നല്‍കാതിരിക്കാൻ മാത്രമുള്ള ക്രിമിനല്‍ പശ്ചാത്തലമോ കുറ്റങ്ങളോ എ.ജി.എക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.