ന്യൂഡല്‍ഹി: കനേഡിയൻ പൗരൻമാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിയ നടപടി ഇന്ത്യയിലെ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടി.
2022ല്‍ 2.77 ലക്ഷം കനേഡിയൻ വിനോദസഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണ് കാനഡയുള്ളത്. 2021ല്‍ 80,000 വിനോദ സഞ്ചാരികള്‍ വന്ന സ്ഥാനത്താണ് കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തിയത്.
അതേസമയം, ഇന്ത്യൻ വംശജരായ കനേഡിയൻ പൗരൻമാര്‍ ടൂറിസം വിസ ഉപയോഗിച്ചാണ് രാജ്യത്തേക്ക് സന്ദര്‍ശനം നടത്താറ്. ഇതും ഇന്ത്യയിലെത്തുന്ന കനേഡിയൻ വിദേശസഞ്ചാരികളുടെ എണ്ണത്തെ സ്വാധീനിക്കുന്നുണ്ട്.
കാനഡയില്‍ ഇന്ത്യൻ വംശജരായ 14 ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍. വിസ നിരോധനം വന്നതോടെ പലര്‍ക്കും ഇന്ത്യയിലെ തങ്ങളുടെ ബന്ധുക്കളെ കാണാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ക്രിസ്മസ് അവധിക്കാണ് പല ഇന്ത്യൻ വംശജരും കാനഡയില്‍ നിന്നും എത്താറ്. വിസ നിയന്ത്രണം തുടരുകയാണെങ്കില്‍ ഇവരുടെ യാത്രയെ ഉള്‍പ്പടെ ഇത് ബാധിക്കും.