
ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ വിക്രമും റോവര്‍ പ്രഗ്യാനും സൂര്യപ്രകാശം കിട്ടാതിരുന്ന പതിനഞ്ചു നാള്‍ പിന്നിട്ടശേഷം പ്രതികരിച്ചു തുടങ്ങിയിട്ടില്ല. ലാന്‍ഡറും റോവറും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതു വരെ അവിടെ നിന്നും സിഗ്‌നലുകള്‍ ഒന്നും ഭൂമിയിലേക്ക് എത്തിയിട്ടില്ല. ഓഗസ്റ്റ് 23 നു വൈകിട്ട് 6.04 ന് വിക്രംലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. പതിനഞ്ചു ദിവസത്തെ സൂര്യപ്രകാശം കിട്ടുന്ന ദിവസങ്ങള്‍ക്കു ശേഷം സൂര്യനില്‍ നിന്നും മറഞ്ഞു നില്‍ക്കുന്ന, കടുത്ത ശൈത്യത്തിന്റെ പതിനഞ്ചു നാളുകളിലേക്ക് കടന്നതോടെ സെപ്റ്റംബര്‍ 2 ന് റോവറും 4 ന് ലാന്‍ഡറും സ്ലീപ്പിങ്ങ് മോഡിലേക്കു മാറി. അടുത്ത സൂര്യോദയത്തില്‍ കൃത്യമായ സൂര്യപ്രകാശം കിട്ടുന്ന വിധം ലാന്‍ഡറിന്റേയും റോവറിന്റെയും സോളാര്‍ പാനലുകള്‍ ക്രമീകരിച്ച് സര്‍ക്യൂട്ടുകള്‍ എല്ലാം സ്ലീപ്പിങ് മോഡിലേക്കു മാറ്റിയിരുന്നു. എന്നിരുന്നാലും സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി തണുപ്പില്‍ കഴിഞ്ഞ ലാന്‍ഡറും റോവറും കഠിന ശൈത്യത്തെ അതിജീവിക്കുമോ എന്ന ആശങ്ക ഐഎസ്ആര്‍ഒയ്ക്ക് ഉണ്ടായിരുന്നു.
സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാര്‍ പാനലിന്റെ സഹായത്തോടെ ലാന്‍ഡറിലും റോവറിലുമുള്ള ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാവും എന്നായിരുന്നു കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ചന്ദ്രന്റെ മണ്ണില്‍ വീണ്ടും 14 ദിവസം കൂടി പര്യവേഷണം നടത്താന്‍ ലാന്‍ഡിനും റോവറിനും സാധിക്കുമായിരുന്നു.
നിലവില്‍ ലാന്‍ഡറും റോവറും ഉണര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഐ എസ് ആര്‍ ഒ തുടരുകയാണ്. എക്‌സ്പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക പേജിലൂടെയാണ് ഐ എസ് ആര്‍ ഒ പുതിയ അറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. ലാന്‍ഡറും റോവറും വീണ്ടും പ്രവര്‍ത്തനസജ്ജമായാല്‍ ഇന്ത്യയ്ക്ക് അതൊരു അഭിമാനനേട്ടമാകുമായിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്യാനുള്ള റഷ്യന്‍ ദൗത്യം, ലൂണ-25 ആഗസ്റ്റ് 19 ന് ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണിരുന്നു. ഒരു വര്‍ഷം നീളുന്ന ദൗത്യമായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഭൂമിയിലെ പതിനാലു ദിനങ്ങള്‍ നീളുന്ന ഒരു ചാന്ദ്രദിനമാണ് ചന്ദ്രയാന്‍ 3 ന്റെ ദൗത്യ കാലാവധിയായി ഐ എസ് ആര്‍ ഒ നിശ്ചയിച്ചിരുന്നത്. അതു വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇതിനോടകം ഇന്ത്യയ്ക്കു സാധിച്ചു. ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്കു സ്വന്തമായിരുന്നു.
English Summary : Pragyan and Vikram reluctant to wake up; ISRO has not received the signal and continues to try