Image

ക്യാബിന്‍ ക്രൂവിനോട് മോശം പെരുമാറ്റം : യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Published on 23 September, 2023
 ക്യാബിന്‍ ക്രൂവിനോട് മോശം  പെരുമാറ്റം : യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

ബംഗളൂരു: വിമാന യാത്രയ്ക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയ 40കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു-ഗോവ  എയര്‍ഏഷ്യ ഇന്ത്യ വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. 

യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിലാണ് സംഭവം. 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുന്നതിനിടെ ഇവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍കയറി പിടിക്കുകയുമായിരുന്നു. ഇയാള്‍ യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ അധികൃതര്‍ പരാതി  നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എയര്‍ലൈന്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മോശം പെരുമാറ്റമുണ്ടായ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക